പത്തനംതിട്ട: തിങ്കളാഴ്ച പമ്പയും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച കേന്ദ്രസംഘം ഇന്നലെ പമ്പാനദിയൊഴുകുന്ന ജനവാസ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. ആറന്മുള സത്രക്കടവ്, മാലേത്ത് കടവ്, ക്ഷേത്രക്കടവ്, എന്നിവിടങ്ങളിലെല്ലാമെത്തി നദിയുടെ ശോചനീയാവസ്ഥ കണ്ടുബോധ്യപ്പെട്ടു. മണ്‍പുറ്റുകളും പുല്‍ക്കാടുകളും നിറഞ്ഞ് നദിയുടെ സുഗമമായ ഒഴുക്കു തടസ്സപ്പെടുന്നതും പമ്പയിലെ കൈയേറ്റങ്ങളും സംഘം നേരിട്ട് മനസ്സിലാക്കി. മണല്മാറി എക്കല്‍ നിറഞ്ഞ് മണ്‍പുറ്റുകളും അതിന്മേല് പുല്ക്കാടുകളുമുണ്ടാകുന്നതുമൂലം പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് തടസ്സങ്ങളുണ്ടാകുന്നതും കേന്ദ്രസംഘത്തിന് ബോധ്യപ്പെട്ടു. സത്രക്കടവിന് സമീപം പുഴയോരത്തുകൂടി പരപ്പുഴ കടവില്‍ നിന്ന് റോഡ് നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയും പള്ളിയോട സേവാസംഘം ഭാരവാഹികള്‍ കേന്ദ്രസംഘത്തിന്റെ ശ്രദ്ധയില്‍പെടുത്തി. ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി ഭാരവാഹികളും പമ്പാനദിയുടെ ശോചനീയാവസ്ഥയെപ്പറ്റി സംഘത്തോട് വിവരിച്ചു.
നദിയില്‍ രൂപപ്പെടുന്ന മണല്‍പ്പുറ്റുകള്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് നദിയിലെ മറ്റ് ഭാഗത്തേക്കാണ് ജലസേചന വകുപ്പ് നിക്ഷേപിക്കുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്ന മണല്‍പ്പുറ്റുകള്‍ രൂപാന്തരപ്പെട്ട് നദിയില്‍ കാടുകള്‍ ഉണ്ടാകുകയാണ്. ഉത്രട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് വര്‍ഷം തോറും നടത്തുന്ന മണല്‍പ്പുറ്റ് നീക്കം ചെയ്യുന്നതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് സംഘാംഗങ്ങള്‍ ഇടയാറന്മുള -കിഴക്ക് പള്ളിയോടത്തിന്റെ മാലിപ്പുരയും മാലേത്ത് കടവും സന്ദര്‍ശിച്ചു. ഈ രണ്ട് സ്ഥലങ്ങളും വന്‍തോതിലുള്ള മണല്‍പ്പുറ്റുകളും കാടുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് സംഘാംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തിയ സംഘാംഗങ്ങള്‍ ക്ഷേത്ര കടവില്‍ നിറഞ്ഞിരിക്കുന്ന ചെളി മൂലം പള്ളിയോടങ്ങള്‍ക്ക് കടവിലെത്താന്‍ കഴിയുന്നില്ലെന്ന ദുരവസ്ഥയും നേരിട്ടുബോധ്യപ്പെട്ടു.
ജൂലൈ രണ്ടിന് ആരംഭിക്കുന്ന പ്രശസ്തമായ വള്ളസദ്യയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്ക് ക്ഷേത്രകടവിലെത്താന് കഴിയാത്ത സാഹചര്യമാണെന്നും പള്ളിയോട സേവാസംഘം ചൂണ്ടികാട്ടി. വേനല്‍ക്കാലത്ത് നദി ശുഷ്കമായിരുന്ന സമയത്ത് അണകെട്ടില്‍ നിന്നും വെള്ളം നദിയിലെത്തിക്കുന്ന സംവിധാനം ഒരുക്കണമെന്നും തീരവാസികള്‍ പറഞ്ഞു. തുടര്‍ന്ന് പമ്പാനദിയിലെ പ്രധാന കൈവഴിയായ കോഴിത്തോടും നീര്‍ത്തടങ്ങളും സംഘാംങ്ങള്‍ സന്ദര്‍ശനം നടത്തി.
കോഴഞ്ചേരി മാര്‍ക്കറ്റിന് സമീപത്തുകൂടി ഒഴുകുന്ന തണുങ്ങാട്ടില്‍ തോട്ടിലെ മാലിന്യ നിക്ഷേപവും കേന്ദ്രസംഘം നേരിട്ട് കണ്ടു. കോഴഞ്ചേരി ശുദ്ധജല പദ്ധതിയുടെ ഇന്ടേക്കുവെല് സ്ഥിതി ചെയ്യുന്നതിന് തൊട്ടുമുകളില്‍ പൊങ്ങനാം തോട്ടില്‍ നിന്നും മലിനജലം നദിയിലേക്ക് പ്രവഹിക്കുന്നതും നാട്ടുകാര്‍ കേന്ദ്രസംഘത്തിന്റെ ശ്രദ്ധയില്‍പെടുത്തി. പൊങ്ങനാം തോടിന് സമീപത്തുള്ള പിച്ചനാട്ട് കോളനിയില്‍ ക്യാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ പടരുന്നുണ്ടെന്നും ഇതിന് പ്രധാന കാരണം പൊങ്ങനാം തോട്ടിലേക്ക് ഒഴുകിയെത്തുന്ന ആശുപത്രി മാലിന്യങ്ങളാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. പൊങ്ങനാംതോട് പമ്പാനദിയിലേക്ക് പതിക്കുന്നതിന്റെ തൊട്ടുതാഴെനിന്നാണ് കോഴഞ്ചേരി ശുദ്ധജല പദ്ധതിയിലേക്കുള്ള വെള്ളം പമ്പുചെയ്യുന്നതെന്നും കേന്ദ്രസംഘത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
മാരാമണ്‍ കണ്വന്ഷന് നഗറും ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നഗറും സംഘം സന്ദര്‍ശിച്ചു. ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്വന്ഷന് നഗറിന് സമീപത്തെ മണ്‍പുറ്റുകള്‍ നീക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രസംഘം പറഞ്ഞു. ചെങ്ങന്നൂര്‍ ഇടനാട്ടിലെത്തിയ കേന്ദ്രസംഘം വരട്ടാര്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് തദ്ദേശവാസികളോട് പറഞ്ഞു. സത്രക്കടവിലും മാലേത്ത് കടവിലും ക്ഷേത്രക്കടവിലുമെത്തി ആറന്മുള എംഎല്‍എ വീണാജോര്‍ജ്ജും കേന്ദ്ര സംഘത്തോട് പമ്പാനദിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്.രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് കെ.പി.സോമന്, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ആര്.ഗീതാകൃഷ്ണന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയിഷ പുരുഷോത്തമന്, വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, പൈതൃകഗ്രാമകര്‍മ്മസമിതി പ്രസിഡന്റ് പി.ഇന്ദുചൂഡന്,ജനറല്‍ കണ്‍വീനര്‍ പി.ആര്,ഷാജി, എം.എന്‍.ബാലകൃഷ്ണന്‍നായര്‍ ,ബാബുരാജ് മാലേത്ത്, ഷാജി ചാക്കോ, സി.വി.മുരളി, സുരേഷ്കുമാര്‍, കെ.പി.അശോകന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: