പത്തനംതിട്ട: പമ്പാനദീതീരത്തെ മാലിന്യങ്ങള്‍ മണ്ണിട്ട്മൂടി കേന്ദ്രസംഘത്തെ കബളിപ്പിക്കാന്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ശ്രമം. പമ്പാനദീസംരക്ഷണത്തിനായി പഠിച്ച് റിപ്പോര്‍ട്ട് നല്കാന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കേന്ദ്ര ഉന്നതതല സംഘത്തെയാണ് പമ്പാനദിയിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നില്ലെന്ന് കാണിക്കാനായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യങ്ങളുടെമേല് മണ്ണിട്ട് മൂടിയത്. ലോഡ്കണത്തിന് മണ്ണ് നിരത്തിയെങ്കിലും മറയാതെ കിടന്ന മാലിന്യങ്ങള്‍ പമ്പാനദിയിലേക്കുള്ള മാലിന്യ നിക്ഷേപത്തിന്റെ ആധിക്യം കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തി. കോഴഞ്ചേരി മാര്‍ക്കറ്റില്‍ നിന്നുള്ള മത്സ, മാംസാവിശിഷ്ടങ്ങളും പച്ചക്കറിയടക്കമുള്ള മാലിന്യങ്ങളുമെല്ലാം തൊട്ടുതാഴെ പമ്പയുടെ തീരത്താണ് തള്ളുന്നത്. ഇതിന് പുറമേ മറ്റിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടെ വാഹനങ്ങളില്‍ കൊണ്ട് തള്ളാറുണ്ടെന്ന് കേന്ദ്രസംഘം വന്നതറിഞ്ഞെത്തിയ നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസം മുമ്പുവരെ നദിയൂടെ തീരത്തെ മണ്‍പുറ്റിലേക്ക് നിരന്നുകിടന്ന മാലിന്യങ്ങള്ക്ക്മേല് രണ്ടുദിവസം മുമ്പാണ് പഞ്ചായത്ത് അധികൃതര്‍ ലോറിയില്‍ മണ്ണിറക്കി മൂടിയത്. എന്നിട്ടും പലയിടത്തും മാലിന്യങ്ങള്‍ മണ്ണ് വീഴാതെ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: