ഫ്ളോറിഡ: കോപ്പയിലെ കന്നിക്കാര് പനാമയ്ക്ക് അട്ടിമറി ജയം. ഗ്രൂപ്പ് ഡിയില്‍ ലാറ്റിനമേരിക്കന്‍ കരുത്തര്‍ ബൊളീവിയയെയാണ് കോണ്കകാഫില്നിന്നുള്ള പനാമ വീഴ്ത്തിയത്. ബ്ലാസ് പെരസിന്റെ ഇരട്ട ഗോളുകള്‍ മത്സരത്തില്‍ വിധി നിര്‍ണയിച്ചു. 11, 87 മിനിറ്റുകളിലാണ് പെരസ് ലക്ഷ്യം കണ്ടത്. യുവാന്‍ ആഴ്സ് ബൊളീവിയയുടെ ആശ്വാസം.
കളിയുടെ തുടക്കത്തില്‍ ചെലുത്തിയ സമ്മര്‍ദമാണ് ലീഡ് നേടാന്‍ പനാമയെ തുണച്ചത്. ഇടതു പാര്‍ശ്വത്തിലൂടെ മുന്നേറിയ ആല്‍ബര്‍ട്ടോ ക്വിന്റേരയ്ക്ക് കൂപ്പറില്നിന്നു ലഭിച്ച പന്ത് എതിരാളികളെ കബളിപ്പിച്ച് പിന്നിലുണ്ടായിരുന്ന പെരസിനു നല്കി. പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ പെരസിനു വലിയ ആയാസമൊന്നും വേണ്ടിയിരുന്നില്ല.
ഒരു സെറ്റ്പീസിലൂടെ ആഴ്സ് ഗോള്‍ മടക്കിയതോടെ സമനിലയെന്നു നിനച്ചിരിക്കെയാണ് പെരസ് വീണ്ടും പനാമയുടെ വിജയശ്രീയായത്. അറൊയൊ മോളിനര് മുന്നോട്ടു കയറ്റികൊണ്ടുവന്ന പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ പെരസിന് ആയാസപ്പെടേണ്ടിവന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: