കാലിഫോര്‍ണിയ: കഴിഞ്ഞ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് അര്‍ജന്റീന കണക്കുതീര്‍ത്തു. നക്ഷത്രതാരം ലണയല്‍ മെസിയില്ലാതിരുന്നിട്ടും ഗ്രൂപ്പ് ഡിയില്‍ നിലവിലെ ജേതാക്കള്‍ ചിലിയെ ഒന്നിനെതിരെ രണ്ടു ഗോളിനു തുരത്തി ലോകകപ്പിലെയും കോപ്പയിലെയും രണ്ടാം സ്ഥാനക്കാര്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്കും ശേഷം ഏയ്ഞ്ചല്‍ ഡി മരിയയും എവര്‍ ബനേഗയും അര്‍ജന്റീനയ്ക്കായി സ്കോര്‍ ചെയ്തപ്പോള്‍, അവസാന മിനിറ്റില്‍ ഫ്യുവെന്സലിദ ചിലിയുടെ ആശ്വാസം.
ലയണല്‍ മെസിയില്ലാതിരുന്നത് ചെറിയ തോതില്‍ അര്‍ജന്റൈന്‍ പ്രകടനത്തെ ബാധിച്ചു. പരിക്കില്‍നിന്നു നൂറു ശതമാനം മുക്തനാവാത്തത് മെസിയെ പരിഗണിക്കുന്നതില്‍നിന്നു വിലക്കി. ഗെയ്താന് പകരക്കാരനായി ആദ്യ ഇലവനില്‍ ഇടം കണ്ടു. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ പന്ത് വല സ്പര്‍ശിച്ചതേയില്ല. ഇടവേള കഴിഞ്ഞു മടങ്ങിയെത്തി 51ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ ആദ്യം ലക്ഷ്യം കണ്ടു.
എവര്‍ ബനേഗയുമൊത്തുള്ള നീക്കമാണ് ഗോളില്‍ കലാശിച്ചത്. എവര്‍ ബനേഗ തട്ടിയിട്ടു നല്കിയ പന്ത് ചിലി ഗോളിയെ കബളിപ്പിച്ച് ലക്ഷ്യത്തിലെത്തിക്കാന്‍ മരിയയ്ക്ക് ഏറെയൊന്നും ആയാസപ്പെടേണ്ടി വന്നില്ല. ഗോള്‍ നേട്ടം മത്സരത്തിനു തൊട്ടു മുന്‍പ് അന്തരിച്ച മുത്തശ്ശിക്കാണ് മരിയ സമര്‍പ്പിച്ചത്. ഗോള്‍ ലൈനിലേക്ക് ഓടിയെത്തിയ മരിയയെ അനുശോചനക്കുറിപ്പെഴുതിയ ജഴ്സിയുമായാണ് ടീമംഗങ്ങള്‍ സ്വീകരിച്ചത്.
എട്ടു മിനിറ്റിനു ശേഷം അര്‍ജന്റീന ലീഡുയര്‍ത്തി. ഇത്തവണയും മരിയ-ബനേഗ കൂട്ടുകെട്ടാണ് ലക്ഷ്യം കണ്ടത്. എന്നാല്‍, മരിയ സഹായിയുടെ റോളിലേക്കു മാറിയെന്നു മാത്രം. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ജോസ് ഫ്യുയെന്സദില്ല ചിലിക്ക് ആശ്വാസ ഗോള്‍ സമ്മാനിച്ചു. ഗോള്‍കീപ്പര്‍ സെര്‍ജിയൊ റൊമേറോയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. പോസ്റ്റ് ഒഴിച്ചിട്ട് പന്തിനായി മുന്നോട്ടു കയറി റൊമേറൊ. ഒഴിഞ്ഞ പോസ്റ്റിലേക്ക് ഹെഡ് ചെയ്തു ഫ്യുയെന്സദില്ല.
പാസിങ് കൃത്യതയില്‍ മുന്നില്‍ നിന്നത് ചിലി. എന്നാല്‍, അത് ഗോളിലേക്കു മാത്രം വഴി തുറന്നില്ല. അര്‍ജന്റീന 305 ചെറിയ പാസുകളും, 69 നീളന്‍ പാസുകളും നല്കിയപ്പോള്, ചിലി 469 ചെറിയ പാസുകളും 55 നീളന്‍ പാസുകളും വിനിയോഗിച്ചു. അര്‍ജന്റീന ആകെ 17 ഷോട്ടുകളും ചിലി ഒമ്പത് ഷോട്ടുകളും പായിച്ചു. ഗോളിലേക്ക് അര്‍ജന്റീന അഞ്ചെണ്ണം തൊടുത്തപ്പോള്‍, ചിലിയുടെ ഭാഗത്തുനിന്ന് ആറെണ്ണം.
റൊമേറൊയെ വല കാക്കാന്‍ ഏല്‍പ്പിച്ചു അര്‍ജന്റൈന്‍ പരിശീലകന് ജെറാര്‍ഡോ മാര്‍ട്ടിനസ്. മെര്‍ക്കാഡോ, ഒട്ടമെന്‍ഡി, ഫ്യൂണസ് മോറി, റോജൊ എന്നിവര്‍ പ്രതിരോധത്തില്‍. അഗസ്റ്റോ, മഷെറാനോ, എവര്‍ ബനേഗ എന്നിവര്‍ മധ്യനിരയിലും, മരിയയ്ക്കും ഹിഗ്വെയ്നുമൊപ്പം ഗെയ്താനെ മുന്നേറ്റത്തിലും വിന്യസിച്ചു. മരിയയെ മുന്നില്‍നിര്‍ത്തി ഗെയ്താനെയും ഹിഗ്വെയ്നെയും പിന്നിലായാണ് ഇറക്കിയത്.
ഫലത്തില്‍ മധ്യനിരയില്‍ അഞ്ചു പേര്. പകരക്കാരനായി സെര്‍ജിയോ അഗ്വെയ്റോയെയും കളത്തിലിറക്കി. വലകാക്കാന്‍ ബ്രാവോയെയാണ് ചിലി പരിശീലകന് പിസി നിയോഗിച്ചത്. ഇസ്ല, മെദെല്‍, ജാര, മെന എന്നിവര്‍ പ്രതിരോധത്തില്‍. വിദല്‍, ഡയസ്, അരന്‍ഗ്വിസ് മധ്യനിരയില്‍ അലക്സി സാഞ്ചസ്, ബ്യൂസെജൗര്, വര്‍ഗാസ് എന്നിവര്‍ മുന്നേറ്റത്തില്‍. വിദാലും സാഞ്ചസും നിറംമങ്ങിയത് തിരിച്ചടിയായി ചാമ്പ്യന്മാര്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: