രാമന്റെ ശരങ്ങളേറ്റ് രാവണന്റെ രഥം തകര്‍ന്നു. രാവണന്‍ മറ്റൊരു രഥത്തില്‍ കയറി യുദ്ധം തുടര്‍ന്നു. രാമന്‍ നിലത്തും രാവണന്‍ രഥത്തിലും നിന്ന് യുദ്ധം ചെയ്യുന്നതു പോരായ്‌മയാണ് എന്ന് ദേവന്മാരും ഗന്ധര്‍വ്വന്മാരും അസുരന്മാരും പറഞ്ഞു. അതു ശരിയാണെന്ന് ഇന്ദ്രനും തോന്നി. മാതലിയെ വിളിച്ച് ഇന്ദ്രരഥവുമായി ചെന്ന് രാമനെ സഹായിക്കാനാവശ്യപ്പെട്ടു.
മാതലി ദേവേന്ദ്രന്റെ രഥം തയ്യാറാക്കി. സ്വര്‍ണ്ണംകൊണ്ടലങ്കരിച്ചതും അനേകം കിങ്ങിണികള്‍ ചാര്‍ത്തിയതും സൂര്യനെപ്പോലെ ശോഭിക്കുന്നതും, വൈഢൂര്യമയമായ നുകവും സ്വര്‍ണക്കൊടിമരവുമുള്ള രഥത്തില്‍ വെണ്മയാര്‍ന്നതും പൊന്നാഭരണങ്ങളണിഞ്ഞതും പച്ചനിറമുള്ള സ്വര്‍ണമാലകള്‍ കൊണ്ടലങ്കരിച്ചതുമായ കുതിരകളെപൂട്ടി. മാതലി സ്വര്‍ഗത്തില്‍നിന്നും ഇറങ്ങി രാഘവന്റെ അടുത്തെത്തി.
”ഹേ ശത്രുസംഹാരകനായ രാഘവാ, അങ്ങയുടെ വിജയത്തിനായി ദേവേന്ദ്രന്‍ സ്വന്തം രഥം നല്‍കിയിരിക്കുന്നു. മഹത്തായ ഈ ഐന്ദ്രചാപം, അഗ്നിക്കുതുല്യമായ കവചം, സൂര്യ സദൃശമായ ബാണങ്ങള്‍, മൂര്‍ച്ചയേറിയ വേല്‍ എന്നിവയും തന്നുവിട്ടിരിക്കുന്നു. ശ്രീരാമന്‍ ഇന്ദ്രരഥത്തില്‍ കയറി യുദ്ധം തുടങ്ങിയപ്പോള്‍ രാവണന്‍ ആകാശത്തേക്ക് ഇന്ദ്രന്‍ ദഹിച്ചുപോകുംവണ്ണം ഒരു നോട്ടം.
(തുടരും)
















