കാസര്‍കോട്: അധികാരത്തിന്റെ അഹങ്കാരത്തില്‍ പിണറായി വിജയന്റെ പോലീസും, കോടിയേരി ബാലകൃഷ്ണന്റെ സിപിഎം ക്രമിനലുകളും അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ജനാധിപത്യ രീതിയിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു. കഴിഞ്ഞ ദിവസം പടിഞ്ഞാറെക്കരയില്‍ നടന്ന സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങള്‍ ഇന്നലെ കാഞ്ഞങ്ങാട് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമേറ്റ നാളുമുതല്‍ സിപിഎം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമ തേര്‍വാഴ്ചകളുടെ തുടര്‍ച്ചയാണ് പടിഞ്ഞാറെക്കരയിലും നടന്ന ആക്രമണം. യാതൊരുവിധ പ്രകോപനവുമില്ലാതെ ജനങ്ങള്‍ സമാധാനപരമായി ജീവിച്ചു കൊണ്ടിരിക്കുന്ന പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനു വേണ്ടി ആസൂത്രിതമായി സിപിഎം നടത്തി വരുന്ന ഗൂഢാലോചനയുടെ ഫലമാണ് പടിഞ്ഞാറെക്കരയില്‍ നടന്ന സംഭവം.
കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ മദ്യപിച്ചെത്തിയ സിപിഎം ഗുണ്ടകള്‍ അക്രമിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് അരമണിക്കൂറിന് ശേഷം കിഴക്കുംകര, വെള്ളിക്കോത്ത്, അടോട്ട്, ഇട്ടുമ്മല്‍, കൊത്തിക്കാല്‍കാറ്റാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ ഇരുന്നൂറോളം വരുന്ന സിപിഎം ക്രിമിനലുകള്‍ വടിവാള്‍, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങളുമായി വീടുകളിലേക്ക് ഇരച്ചു കയറുകയായിരുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ച് നിലത്തിട്ടു. മൂന്നു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല. 75 കാരിയായ വൃദ്ധ മാതാവിനെയും മുലയൂട്ടുന്ന അമ്മയെയും തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. മനുഷ്യത്വരഹിതമായ ആക്രമണമായിരുന്നു സിപിഎം ക്രമിനലുകള്‍ അഴിച്ചു വിട്ടത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് അക്രമണം നടത്തിയത്.
മെയ് 16 മുതല്‍ ജില്ലയില്‍ അങ്ങോളമിങ്ങോളം ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെയും, അവരുടെ വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയും സിപിഎം ക്രിമിനല്‍ സംഘം നടത്തിയ നൂറോളം അക്രമ സംഭവങ്ങളിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷം കേസുകളിലും സിപിഎം പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാടുകളാണ് സിപിഎം അനുകൂല പോലീസ് കൈക്കൊണ്ടിട്ടുള്ളത്. വധശ്രമത്തിനും, ഭവനഭേദനത്തിനും കേസെടുക്കേണ്ട പല സംഭവങ്ങളിലും നിസാരമായ വകുപ്പുകള്‍ ചേര്‍ത്താണ് പിണറായി വിജയന്റെ പോലീസ് കേസെടുത്തിട്ടുള്ളത്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ച പല സംഭവങ്ങളിലും പ്രതികളുടെ പേര് പറഞ്ഞിട്ടും 21 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. എംഎല്‍എയെ ആക്രമിച്ചുവെന്ന കള്ളക്കേസില്‍ നിരപരാധികളായ പത്തോളം ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. പാതിരാത്രിയില്‍ പോലീസ് സിപിഎം അക്രമത്തിനിരയായ വീടുകളില്‍ കയറിച്ചെന്ന് നിരപരാധികളെ പിടിച്ചു കൊണ്ടു പോകുന്നു.
ചന്തേര, നീലേശ്വരം, ഹൊസ്ദുര്‍ഗ്ഗ്, അമ്പലത്തറ, ബേക്കല്‍, ബേഡകം, ആദൂര്‍, കാസര്‍കോട് പോലീസ് സ്റ്റേഷനുകള്‍ സിപിഎം പ്രാദേശിക നേതാക്കള്‍ നേരിട്ട് ഭരിക്കുന്ന അവസ്ഥയിലാണ്. പോലീസ് പിടികൂടിയ പല പ്രതികളേയും പ്രാദേശിക നേതാക്കന്മാര് സ്റ്റേഷനില്‍ പോയി ഇറക്കിക്കൊണ്ടു പോകുന്നു. ജില്ലാ പോലീസ് മേധാവി പച്ചയായ രാഷ്ട്രീയ പക്ഷഭേദം കാണിക്കുകയാണ്. ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരെ ഒരുപക്ഷത്ത് സിപിഎം ക്രമിനലുകളും, മറുവശത്ത് പോലീസ് വേഷമിട്ട സിപിഎം അനുഭാവികളും ഭയത്തിലും ഭീതിയിലുമാഴ്ത്തുന്നു. എല്ലാ ജില്ലകളിലും സമാനമായ അന്തരീക്ഷമാണ് നില നില്‍ക്കുന്നത്. കേരളം ഒരു ഭീകരാന്തരീക്ഷത്തിലേക്ക് നീക്കുകയാണ് സിപിഎം ചെയ്യുന്നത്. ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു. അമ്മമാര്‍ക്കും, കൊച്ചുകുഞ്ഞുങ്ങള്‍ക്കും രക്ഷയില്ലാത്ത അവസ്ഥയിലേക്ക് കേരളം നീങ്ങുന്നു.
കേരളത്തിന്റെ സമാധാന പൂര്‍ണ്ണമായ ജീവിതത്തിന് സിപിഎമ്മാണ് മുന്‍കൈയ്യെടുക്കേണ്ടത്. പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും തങ്ങളുടെ അണികളോട് അക്രമണ രാഷ്ട്രീയം ഉപേക്ഷിക്കാനാവശ്യപ്പെട്ടാല്‍ കേരളത്തിന്റെ സമാധാനം തിരിച്ച് കിട്ടും. കേരളത്തിലെ പ്രത്രേകിച്ചും കാസര്‍കോട് ജില്ലയിലെ ആര്‍എസ്എസ്-ബിജെപിയെ അക്രമം കൊണ്ടും, കള്ളക്കേസുകള്‍ കൊണ്ടും നീര്‍വ്വിര്യമാക്കാമെന്ന സിപിഎം വ്യാമോഹം നടക്കാന്‍ പോകുന്നില്ല. നിരവധി പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്താണ് ഈ പ്രസ്ഥാനം ജില്ലയില്‍ വളര്‍ന്നത്. അതു കൊണ്ട് അക്രമകാരികളായ സിപിഎം അണികളെ പിന്തിരിപ്പിക്കാന് സിപിഎം നേതൃത്വം തയ്യാറായില്ലെങ്കില്‍ സമാധാനമാഗ്രഹിക്കുന്ന കേരളീയ ജനത ഇവരെ നിലയ്ക്ക് നിര്‍ത്തുമെന്ന് എം.വേലായുധന് പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജന മനസ്സാക്ഷിയെ ഉണര്‍ത്തുന്നതിനു വേണ്ടി പോലീസ് സ്റ്റേഷന് മാര്‍ച്ച്, സത്യാഗ്രഹ സമരം, മനുഷ്യാവകാശ കൂട്ടായ്മകള്‍ തുടങ്ങിയ പരിപാടികളുമായി സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങള്‍ മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസ് ജില്ലാ സഹ കാര്യവാഹക് എ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കൃഷ്ണന്, ഇ.കൃഷ്ണന്, ടി.കൃഷ്ണന്, എ.മധു, അഭിലാഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങള്‍ കാഞ്ഞങ്ങാട് നടത്തിയ പ്രതിഷേധ പ്രകടനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: