കാലിഫോര്‍ണിയ: സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീല്‍ നിരാശപ്പെടുത്തി. ഇക്വഡോറിനെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇക്വഡോര്‍ താരം മില്ലര്‍ ബൊലനൊസിന്റെ ഗോള്‍ റഫറി അനുവദിക്കാതിരുന്നതിനും കളിയവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ബ്രസീല്‍ താരം ലൂക്കാസ് മൗറയുടെ വെടിച്ചില്ല് കണക്കെയുള്ള ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോകുന്നതിനും സാക്ഷിയായ പോരാട്ടത്തില്‍ ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ ഏറെയൊന്നും ഉണ്ടായില്ല.
സമനിലയോടെ ഇരുടീമുകളും ഓരോ പോയിന്റ് പങ്കിട്ടു.
ഡഗ്ലസ് കോസ്റ്റ, ഡേവിഡ് ലൂയിസ്, തിയോഗോ സില്‍വ, മാര്‍സെല്ലോ, ലൂയിസ് ഗുസ്താവോ, നെയ്മര്‍ എന്നീ താരനിരയില്ലാതെ കളിക്കാനിറങ്ങിയ കാനറികളുടെ മുന്നേറ്റം നയിച്ചത് വില്ല്യനും ഫിലിപ്പെ കുട്ടിഞ്ഞോയും കാസ്മിറോയുമാണ്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അവര്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്നെങ്കിലും നെയ്മറെപ്പോലൊരു സ്ട്രൈക്കറുടെ അഭാവം ബ്രസീല്‍ നിരയില്‍ നിഴലിച്ചുനിന്നു. ലക്ഷ്യത്തിലേക്ക് അവര്‍ പായിച്ച 6 ഷോട്ടുകളില്‍ ഒരെണ്ണം പോലും വലയിലാക്കാന്‍ വില്ല്യനും കുട്ടീഞ്ഞോയും ജോനാസും ഉള്‍പ്പെട്ട താരനിരക്ക് കഴിഞ്ഞില്ല.
ഇരുടീമുകളും 4-5-1 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത്. ബ്രസീല്‍ നിരയില്‍ സ്ട്രൈക്കറായി ജോനാസ് ഒളിവേരയും ഇക്വഡോര്‍ നിരയില്‍ എന്നര് വലന്‍സിയയുമാണ് കളിച്ചത്. അതേ സമയം പ്രധാന സ്െ്രെടക്കറായ ഫിലിപ്പെ കയ്സെദോയില്ലാതെയാണ് ഇക്വഡോര്‍ ഇറങ്ങിയതെങ്കിലും മികച്ച അവസരങ്ങളൊരുക്കിയ മില്ലെര്‍ ബൊലനോസ് കയ്സെദോയുടെ വിടവ് നികത്തി.
കളി തുടങ്ങി അഞ്ചാം മിനിറ്റിനുള്ളില്‍ 20 വാര അകലെ നിന്ന് ബൊലനോസ് അടിച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പോകുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ കുട്ടിഞ്ഞോയിലൂടെ ബ്രസീല്‍ തിരിച്ചടിച്ചു. വില്ല്യന് നല്കിയ പാസില്‍ ഷോട്ടുതിര്‍ത്ത കുട്ടിഞ്ഞോക്ക് പക്ഷേ ലക്ഷ്യം കാണാനായില്ല. ബോക്സിന്റെ ആറ് വാര അകലെ നിന്നുള്ള ഷോട്ട് ഇക്വഡോര്‍ ഗോള്‍കീപ്പര്‍ എസ്റ്റബന്‍ ഡ്രീര് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ഇതിനുശേഷം ബ്രസീല്‍ മുന്നേറ്റങ്ങളുടെ പെരുമഴയായിരുന്നു കണ്ടത്.
എന്നാല്‍ ഈ മുന്നേറ്റങ്ങളെല്ലാം ഇക്വഡോര്‍ പ്രതിരോധത്തിന് മുന്നില്‍ തട്ടി തകര്‍ന്നു. ഫിലിപ്പ് ലൂയിസും വില്ല്യനും കുട്ടിഞ്ഞോയും മനോഹരമായ അറ്റാക്കിങ്ങിലൂടെ മുന്നേറിയെങ്കിലും പലപ്പോഴും ഭാഗ്യം ബ്രസീലിനെ കൈവിട്ടു. മികച്ചൊരു സ്ട്രൈക്കറുടെ അഭാവമാണ് അവര്‍ക്ക് തിരിച്ചടിയായത്. രണ്ടാം പകുതിയിലും ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ ഇക്വഡോറും വെറുതെയിരുന്നില്ല.
ചില മികച്ച മുന്നേറ്റങ്ങളുമായി ബ്രസീല്‍ പ്രതിരോധത്തെ അവര്‍ വിറപ്പിച്ചു. 68-ാം മിനിറ്റില്‍ ബൊലാനോസ് ബ്രസീല്‍ വല കുലുക്കിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. പോസ്റ്റിന്റെ ഇടത് മൂലയില്‍ നിന്ന് ബൊലനൊസ് അടിച്ച ഷോട്ട് ഗോള്‍കീപ്പര്‍ അലിസന്റെ കൈകളില്‍ നിന്ന് ഊര്‍ന്ന് വലയുടെ ഇടതുമൂലയില്‍ കയറി. ഇക്വഡോര്‍ താരങ്ങള്‍ ഗോള്‍ നേട്ടമാഘോഷിക്കാന്‍ തുടങ്ങിയെങ്കിലും അസിസ്റ്റന്റ് റഫറി ഗോള്‍ അനുവദിച്ചില്ല. പന്ത് പോസ്റ്റിലേക്ക് അടിക്കുന്നതിന് മുമ്പ് ഗ്രൗണ്ട് ലൈന്‍ കടന്ന് പുറത്ത് പോയതാണ് കാരണം.
ടിവി റിപ്ലേകളില്‍ ഇത് ശരിയാണെന്ന് തെളിയുകയും ചെയ്തു. 76-ാം മിനിറ്റില്‍ വില്ല്യന് പകരം ലൂക്കാസ് മൗറയും 86-ാം മിനിറ്റില്‍ ലൂക്കാസ് ലിമയെയും പരിശീലകന് ദുംഗ കളത്തിലിറക്കിയെങ്കിലും ലക്ഷ്യം കാണാന്‍ ബ്രസീലിന് സാധിച്ചില്ല.
ഇത് രണ്ടാം തവണയാണ് കോപ്പ അമേരിക്കയില്‍ ബ്രസീലും ഇക്വഡോറും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞത്.
1963ലായിരുന്നു ആദ്യ സമനില. കോപ്പ അമേരിക്കയിലെ ആദ്യ മത്സരങ്ങളില്‍ വിജയം കാണാന്‍ കഴിയാതെ പോകുന്നത് ബ്രസീലിന്റെ സ്ഥിരം പല്ലവിയാണ്. കഴിഞ്ഞ അഞ്ച് കോപ്പ അമേരിക്കയിലെയും ആദ്യ മത്സരത്തില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ബ്രസീല്‍ വിജയിച്ചത്.
ഹെയ്ത്തിക്കെതിരായ വിജയത്തോടെ പെറുവാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്.
ഒരു പോയിന്റ് വീതമുള്ള ബ്രസീലും ഇക്വഡോറും പെറുവിന് പിന്നിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 5ന് ഹെയ്ത്തിക്കെതിരെയാണ് ബ്രസീലിന്റെ രണ്ടാം മത്സരം. അന്നുതന്നെ രാവിലെ 7.30ന് ഇക്വഡോര്‍ പെറുവിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: