വ്യാസന്‍ തുടര്‍ന്നു: യുധാജിത്തിന്റെ വാക്കുകള്‍ കേട്ട് പരിക്ഷീണിതനായ സുബാഹു പള്ളിയറയിലെത്തി രാജ്ഞിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ‘നീ മകളോട് പറയൂ. യുദ്ധം ആസന്നമായിരിക്കുന്നു. ഞാന്‍ എന്താണ് ചെയ്യുക? നിനക്ക് അധീനനാണ് ഞാന്‍.
രാജ്ഞി മകളെ വിളിച്ചു പറഞ്ഞു. ‘നിന്നാല്‍ അച്ഛന്‍ ദുഃഖിതനാണ്. നീ മൂലം രാജാക്കന്മാരുടെ ഇടയില്‍ വലിയൊരു സംഗരം ഉണ്ടാവാന്‍ പോവുന്നു. നീ സുദര്‍ശനനെത്തന്നെ വരിക്കണമെന്ന് വാശിപിടിച്ചാല്‍ നിന്നെയും ഞങ്ങളെയും നിനക്ക് പ്രിയപ്പെട്ടവനെയും യുധാജിത്ത് കൊല്ലും. അതുകൊണ്ട് മറ്റാരെയെങ്കിലും നിനക്ക് സ്വീകരിച്ചു കൂടെ? യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും നിനക്ക് അന്യനെ വരിക്കേണ്ടിവരും എന്നത് നിശ്ചയം. നീ എല്ലാവരുടെയും സുഖമാണ് ആഗ്രഹിക്കുന്നതെങ്കില്‍ മറ്റൊരു രാജാവിനെ സ്വീകരിക്കുക.’ അച്ഛനും അമ്മയും അവളെ മാറിമാറി ഉപദേഷിച്ചുവെങ്കിലും ശശികല ഭയമൊന്നുമില്ലാതെ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.
‘എന്റെ വ്രതം അങ്ങേയ്‌ക്കറിയാം. ഞാന്‍ സുദര്‍ശനനെയല്ലാതെ ആരെയും സ്വീകരിക്കുകയില്ല. അച്ഛന് രാജാക്കന്മാരെ പേടിയുണ്ടെങ്കില്‍ എന്നെ സുദര്‍ശനന് നല്‍കി വീടിനു വെളിയിലാക്കിയാലും. അവനുമായി തേരില്‍ക്കയറി ഞാന്‍ ഈ നഗരം വിട്ടുപോകും. പിന്നെ വരുന്നത് വരട്ടെ. വരാനുള്ളതൊന്നും വരാതിരിക്കില്ല.’
രാജാവ് പറഞ്ഞു: ‘സാഹസം കാണിക്കുന്നത് ബുദ്ധിയുള്ളവര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല. അനേകംപേരെ ഒരേസമയം വെറുപ്പിക്കാന്‍ പാടില്ല എന്നതാണ് വേദമതം. എങ്ങനെയാണ് കുമാരിയെ രാജകുമാരന് നല്‍കി പറഞ്ഞയക്കുക? നിനക്ക് വേണമെങ്കില്‍ സ്വയംവരത്തിന് പകരം പന്തയം നിശ്ചയിക്കാം.
പണ്ട് സീതാസ്വയംവരത്തിന് ശൈവചാപം എന്നതുപോലെ ഞാനും എന്തെങ്കിലും ഉചിതമായ പന്തയം ഏര്‍പ്പാടാക്കാം. അങ്ങനെ രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കാം. സുദര്‍ശനനോ, മറ്റൊരാളോ ആരാണെങ്കിലും വിജയിക്കുന്നയാള്‍ നിന്നെ വരിക്കട്ടെ എന്ന്‌നിശ്ചയിക്കാം. അങ്ങനെ അലോസരമൊന്നുമില്ലാതെ വിവാഹം നടത്താം.’
അപ്പോള്‍ ശശികല പറഞ്ഞു: ‘അച്ഛാ എനിക്കത് സമ്മതമല്ല. മൂര്‍ഖന്മാരാണ് ഇത്തരം വിവാഹ മത്സരങ്ങളില്‍ ഏര്‍പ്പെടുക. സുദര്‍ശനനെ ഞാന്‍ മനസാ വരിച്ചു കഴിഞ്ഞു. അതിലിനി മാറ്റമില്ല. പുണ്യപാപങ്ങള്‍ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. ഒരിക്കല്‍ ഒരാളെ വരിച്ചതിനു ശേഷം ഇങ്ങനെയൊന്നില്‍ ഏര്‍പ്പെട്ടാല്‍ വീണ്ടും ഞാന്‍ എല്ലാവര്‍ക്കും കീഴിലായി എന്ന് വന്നു. ഇനി ഈ പന്തയം ഒരാളോ രണ്ടാളോ ജയിച്ചുവെന്ന് വരുകില്‍ അതും തര്‍ക്കത്തിനിടയാക്കും. അതെല്ലാം സംശയാസ്പദമായ കാര്യമാണ്.
അതിനാല്‍ ശങ്കയില്ലാതെ എന്നെ സുദര്‍ശന രാജാവിന് നല്‍കൂ. എല്ലാറ്റിനും ശുഭമേകാന്‍ സാക്ഷാല്‍ ചണ്ഡികയുണ്ട്. ആരെ പൂജിച്ചു ഭജിച്ചാല്‍ വാഞ്ഛിതങ്ങള്‍ ലഭ്യമാകുമോ ആ അമ്മയെ നിനച്ചുകൊണ്ട് ഈ സദ്കര്‍മ്മം നടത്തുക. രാജാക്കന്മാരെ സമീപിച്ചു തൊഴുകൈയോടെ പറയൂ, നാളെ എല്ലാവരും സ്വയംവരത്തിനു വരണമെന്ന്! എന്നിട്ട് വേദപ്രകാരം രാത്രിയില്‍ത്തന്നെ വിവാഹം നടത്തുക. വരനുള്ള സമ്മാനവും യഥാശക്തി നല്‍കി ധൃവസന്ധിയുടെ പുത്രന്റെ കൂടെ എന്നെ തേരിലേറ്റിയാലും.
ആ സമയത്ത് രാജാക്കന്മാര്‍ ആരെങ്കിലും രണത്തിനു വന്നാല്‍ ദേവി ഭഗവതി ഞങ്ങളെ തുണയ്‌ക്കും എന്നെനിക്കുറപ്പുണ്ട്. എന്നാല്‍ രാജകുമാരന്മാരുമായി പൊരുതി അദ്ദേഹം മരിച്ചുവീണാല്‍ ഞാനും തല്‍ക്ഷണം മൃതിയെ പുല്‍കും. അതുകൊണ്ട് പിതാവേ, സൈന്യസമേതം എന്നെ അദ്ദേഹത്തിനെ ഏല്‍പ്പിക്കൂ. ഞങ്ങളെ അനുഗ്രഹിക്കൂ. അങ്ങേയ്‌ക്കും നന്മ മാത്രമേ ഉണ്ടാകൂ. ‘മകളുടെ ഉറച്ച മനസ്സുകണ്ട് രാജാവ് അവളുടെ ഇംഗിതം നിറവേറ്റാന്‍ തന്നെ തീരുമാനിച്ചു.
(തുടരും)
















