മഹാദേവന്‍ പറഞ്ഞു. ഒരിക്കല്‍ നീ ഗംഗാതീരത്ത് എന്നെ ഭര്‍ത്താവായി ലഭിക്കുന്നതിന് വേണ്ടി കഠന തപസ്സ് ചെയ്തു. അക്കാലത്ത് നാരദന്‍ ഹിമാലയത്തിന്റെ സമീപത്തുവന്നു. അദ്ദേഹം പറഞ്ഞു: വിഷ്ണുഭഗവാന്‍ അങ്ങയുടെ പുത്രിയെ വിവാഹം കഴിക്കുവാന്‍ ആഗ്രഹം പറഞ്ഞു: അക്കാര്യത്തിന് വേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത് നാരദന്റെ ആ ഭംഗി വാക്ക് നിന്റെ അച്ഛന്‍ സ്വീകരിച്ചു. അനന്തരം നാരദന്‍ വിഷ്ണുഭഗവാന്റെ അടുത്തെത്തി പറഞ്ഞു.
”അങ്ങയ്‌ക്ക് പാര്‍വതിയെ വിവാഹം ചെയ്തു തരാന്‍ ഹിമവാന്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങ് അത് സ്വീകരിക്കണം.” നാരദന്‍ പോയശേഷം ഹിമവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഈ അനിഷ്ടകാര്യമറിഞ്ഞ് നിനക്ക് വളരെയധികം ഖേദമുണ്ടായി. സങ്കടം വര്‍ധിച്ച് നീ വളരെനേരം ഉറക്കെ കരഞ്ഞു. ഒരു തോഴി മുഖാന്തിരം കരച്ചിലിന്റെ കാരണമന്വേഷിച്ചു. നീ കഥകളെല്ലാം പറഞ്ഞുകേള്‍പ്പിച്ചു. ഞാന്‍ ഭഗവാന്‍ ശങ്കരനെ ഭര്‍ത്താവായി ലഭിക്കുന്നതിനുവേണ്ടി കഠിനതപസ്സ് ചെയ്യുകയാണ്. ഇവിടെ ഇതാ അച്ഛന്‍ എന്നെ വിഷ്ണുഭഗവാന് നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നു! നീ എന്നെ സഹായിക്കുമെങ്കില്‍ അച്ഛനോട് എന്റെ ആഗ്രഹം തുറന്ന് പറയുക. അങ്ങനെ നടക്കുന്നില്ല എങ്കില്‍ ഞാന്‍ എന്റെ ജീവന്‍ ഉപേക്ഷിക്കും.
സഖി സമാശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു- ഞാന്‍ നിന്നെ കാട്ടിലൊരിടത്തു കൊണ്ടുപോകാം. നിന്റെ അച്ഛന്‍ അറിയരുത്. ഇങ്ങനെ സഖിയുടെ സഹായത്തോടെ വൃക്ഷനിബിഡമായ വനത്തിലെത്തി. നിന്റെ പിതാവ് ഭവനത്തില്‍ എല്ലായിടത്തും അന്വേഷിച്ചു. നിന്നെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം തലപുകഞ്ഞാലോചിച്ചു. നാരദനോട് വിഷ്ണുഭഗവാനുമായി വിവാഹം നടത്താന്‍ നിശ്ചയിച്ചു പറഞ്ഞതാണ്. വാക്ക്‌തെറ്റുന്നതിലുള്ള ദുഃഖം നിമിത്തം അദ്ദേഹം ബോധശൂന്യനായി. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ മറ്റുള്ളവര്‍ നിന്നെ അന്വേഷിച്ചു പുറപ്പെട്ടു.
നീ തോഴിയൊടൊപ്പം നദീതീരത്ത് ഒരു ഗുഹയിലിരുന്ന് എന്റെ പേരില്‍ തപസ്സ് ചെയ്യുകയാണ്. ഭാദ്രപദ ശുക്ലപക്ഷത്തിലെ തൃതീയനാളില്‍ ഉപവാസമനുഷ്ഠിച്ച് മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി നീ ആരാധനയും നടത്തി. രാത്രി മുഴുവന്‍ ഉറങ്ങാതെ ഭജനയും നടത്തി. നിന്റെ ഈ കഠിന തപസ്സ്‌നിമിത്തം എന്റെ ഇരിപ്പിടത്തിന് കുലുക്കമുണ്ടായി. എനിക്ക് അങ്ങനെ പെട്ടെന്ന് നിന്റെ ആരാധനാസ്ഥലത്ത് വന്നുചേരേണ്ടിവന്നു. നിന്റെ ആവശ്യവും ആഗ്രഹവുമനുസരിച്ച് ഞാന്‍ നിന്നെ ശരീരത്തിന്റെ പകുതി (അര്‍ധാംഗിനി)യായി സ്വീകരിച്ചു.
അനന്തരം പെട്ടെന്നു തന്നെ നീ കൈലാസത്തിലെത്തി. പ്രഭാതത്തില്‍ തന്നെ പൂജാസാമഗ്രികള്‍ നദിയില്‍ ഉപേക്ഷിച്ചിരുന്നു. ഈ സമയത്താണ് ഹിമവാന്‍ ആ സ്ഥലത്തെത്തിച്ചേര്‍ന്നത്. അദ്ദേഹം നിങ്ങളെ രണ്ടുപേരെയും കണ്ട് കരഞ്ഞുകൊണ്ട് ചോദിച്ചു. മകളേ നീ ഇവിടെ എങ്ങനെ വന്നുചേര്‍ന്നു? നീ വിഷ്ണുവുമായി വിവാഹം നിശ്ചയിച്ച കഥ പറഞ്ഞു. നിന്റെ നിര്‍ബന്ധം സാധിക്കാന്‍ സമ്മതിച്ച് അദ്ദേഹം നിന്നെ വീട്ടിലേക്ക് കൊണ്ടുപോയി. അങ്ങനെ വിധിപ്രകാരം നാം തമ്മിലുള്ള വിവാഹം നടന്നു.
.
















