കാസര്‍കോട്: കാസര്‍കോട് കളക്ട്രേറ്റിലെ പൊതു ശൗചാലയങ്ങള്‍ മദ്യ കുപ്പികളുടെ സംഭരണ ശാലകളായി മാറിയിട്ട് മാസങ്ങളായി. നിരവധി ശൗചാലയങ്ങള്‍ കുടിച്ചുപേക്ഷിക്കപ്പെട്ട മദ്യക്കുപ്പികള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജോലിസമയങ്ങളില്‍ ഉദ്യോസ്ഥന്മാരുള്പ്പെടെ കുടിച്ചുപേക്ഷിക്കപ്പെട്ട മദ്യകുപ്പികളാണിതെന്നും ആക്ഷേപമുണ്ട്.
ദിനം പ്രതി നൂറുകണക്കിന് ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങുന്ന കളക്ട്രേറ്റില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. പൊതു ശൗചാലയങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞ് വൃത്തി ഹീനമായി മാറിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. ജില്ലാ കളക്ടറുടെ കണ്ണിന്റെ മുന്നില്‍ തന്നെയാണ് ഈ വൃത്തികേടുകളുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തെത്തുന്ന പലര്‍ക്കും രാവിലെ വന്നാല്‍ ചിലപ്പോള്‍ ഉദ്യോഗസ്ഥന്മാരുടെ തിരക്ക് കാരണം വൈകുന്നേരമേ തിരിച്ച് പോകാന്‍ കഴിയാറുള്ളു. ഈ സമയത്തിനിടയ്ക്ക് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കണമെങ്കില്‍ പൊട്ടി പോളിഞ്ഞ വൃത്തി ഹീനമായ ശൗചാലയങ്ങളെ ആശ്രയിക്കാതെ നിര്‍വ്വാഹമില്ല. പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കുമായി വന്ന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുമ്പോള്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ പലപ്പോഴും നട്ടം തിരിയുന്ന അവസ്ഥയാണുള്ളത്. വിവിധ കടലാസുകള്‍ ശരിയാക്കാനായി മലയോര മേഖലയില്‍ നിന്നും മറ്റും മണിക്കുറൂകള്‍ സഞ്ചരിച്ച് കളക്ട്രേറ്റിലെത്തുന്ന ഗര്‍ഭിണികളുള്‍പ്പെടെയുള്ള രോഗികളാണ് ഇത് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.
ശുചിത്വ മിഷന് ജില്ലാ ഓഫീസ്, ആരോഗ്യ വകുപ്പിന്റെ ഓഫീസ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന കളക്ട്രേറ്റില്‍ ജില്ലാ കളക്ടറുടെ മൂക്കിന് തുമ്പത്തുള്ള ശൗചാലയങ്ങളില്‍ വരെ ആളുകള്‍ക്ക് കയറാനാകാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ ശുചീകരണ വാരമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ വൃന്ദം കാടുകള്‍ വെട്ടി തെളിക്കുകയും അതിന്റെ ഫോട്ടോകളെടുത്ത് മാധ്യമങ്ങള്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്യുന്നത് തകൃതിയായി നടന്ന് കൊണ്ടിരിക്കുകയാണ്. ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യുന്ന ഓഫീസ് മുറിക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ശൗചാലയങ്ങളുടെ ദുരവസ്ഥ ആരും കാണുന്നില്ല. പൊതു ജനങ്ങള്‍ ഉപയോഗിക്കുന്നത് അങ്ങനെയോക്കെ മതി എന്ന ചിന്താഗതിയാണ് അതിന് കാരണം. പല ദിവസങ്ങളിലും തിരക്ക് കാരണം ഓഫീസ് മുറികള്‍ക്ക് പുറത്തേക്ക് നീളുന്ന ജനങ്ങളുടെ നീണ്ട നിര വൃത്തിഹീനമായ ശൗചാലയങ്ങള്‍ക്ക് മുന്നിലൂടെ നീണ്ട് പോകാറുണ്ട്.
അടച്ചുറപ്പുള്ള വാതിലുകള്‍ പോലുമില്ലാതെ തുറന്ന് ഇട്ടിരിക്കുന്ന പല ശൗചാലയങ്ങളില്‍ നിന്നും പുറത്തേക്ക് വമിക്കുന്നത് മാരകമായ രോഗാണുക്കളാണ്. രോഗാണുക്കള്‍ നിറഞ്ഞ ശൗചാലയത്തില്‍ കയറി രോഗം വരുത്തുന്നതിനേക്കാളും നല്ലത് കയറാതിരുന്നിട്ട് വരുന്ന രോഗം സഹിക്കുന്നതാണെന്ന് ആളുകള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. ശുചികരണ തൊഴിലാളികള്‍ ഉണ്ടെങ്കിലും അവര്‍ രാഷ്ട്രീയം കളിച്ച് സംഘടനാ പ്രവര്‍ത്തനങ്ങളുമായി നടക്കുകയല്ലാതെ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ലെന്ന് ഉദ്യോഗസ്ഥന്മാര് തന്നെ പറയുന്നു. അറ്റ കുറ്റപ്പണികള്‍ നടത്തേണ്ട പൊതുമരാമത്ത് വകുപ്പാകട്ടെ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലാ പഞ്ചായത്തുള്‍പ്പെടെ ജില്ലാ ഭരണ കൂടത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലെ ശൗചാലയങ്ങളുടെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ മറ്റ് സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതിയെന്തായിരിക്കുമെന്ന് ജനങ്ങള്‍ ചോദിക്കുന്നു. ശൗചാലയങ്ങളുടെ ശോചനീയാവസ്ഥ പലരും നിരവധി തവണ ആരോഗ്യ വകുപ്പിന്റെ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.
കാസര്‍കോട് കളക്ട്രേറ്റിലെ പൊതു ശൗചാലയത്തില്‍ കുടിച്ചുപേക്ഷിക്കപ്പെട്ട മദ്യക്കുപ്പികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: