പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയതോടെ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്വിസ് സുന്ദരി മാര്‍ട്ടിന ഹിംഗിസ് സഖ്യം കരിയര്‍ സ്ലാം തികച്ചു. ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ സാനിയ മിര്‍സ സഖ്യത്തെയാണ് പേസ് സഖ്യം ഫൈനലില്‍ കീഴടക്കിയത്.
മൂന്ന് സെറ്റ് നീണ്ട ആവേശകരമായ ഫൈനലിനൊടുവിലാണ് പേസ്-ഹിംഗിസ് സഖ്യം രണ്ടാം സീഡായ സാനിയ മിര്‍സ-ക്രൊയേഷ്യന്‍ താരം ഇവാന്‍ ഡോഡിജ് സഖ്യത്തെ കീഴടക്കിയത്. സ്‌കോര്‍: 4-6, 6-4, 10-8. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു പേസ് സഖ്യത്തിന്റെ തിരിച്ചുവരവ്. നിര്‍ണായകമായ മൂന്നാം സെറ്റ് ടൈബ്രേക്കറിലാണ് പേസ് സഖ്യം സ്വന്തമാക്കിയത്.
നാല് ഗ്രാന്‍ഡ് സ്ലാമിലും ജേതാക്കളാകുക എന്ന അപൂര്‍വ നേട്ടമാണ് പേസും ഹിംഗിസും സ്വന്തമാക്കിയിരിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള സഖ്യം നേരത്തേ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബമ്പിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടങ്ങള്‍ നേടിയിരുന്നു. പേസ് പുരുഷ ഡബിള്‍സിലും കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേടിയിട്ടുണ്ട്.
















