പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടരുമ്പോള്‍ ഡിഎംഒ വിദേശപര്യടനത്തില്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗ്രേസി ഇത്താക്കാണ് ഒരാഴ്ച മുമ്പ്കുടുംബസമേതം അയര്‍ലന്റിലേക്ക് യാത്ര പോയത്. 20 ദിവസത്തെ അവധിയെടുത്ത് കഴിഞ്ഞമാസം 14നാണ് യാത്ര പുറപ്പെട്ടത്. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനിടെ ജില്ലയില്‍ പൂര്‍ത്തിയാക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം നേതൃത്വം നല്‍കേണ്ട ഡിഎംഒ അവധിയില്‍ പ്രവേശിച്ചതിനെതിരേ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ള പത്തനംതിട്ട ജില്ലയില്‍ നിരവധി ആളുകളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയാക്കായി എത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 1002 പേരാണ് പനിയും മറ്റ് അസുഖങ്ങള്‍ക്കുമായി ചികിത്സ തേടിയത്. ഇതില്‍ 15ഓളം പേര്‍ക്ക് ഡെങ്കിപ്പനി ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കൂടാതെ മലയോര മേഖലയിലും ആദിവാസി മേഖലകളിലും പനിയും മറ്റ് മഴക്കാല രോഗങ്ങളും വന്‍തോതില്‍ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ഡിഎംഓയുടെ വിദേശയാത്രയെന്നാണ് ആക്ഷേപം. മരുന്നുകളുടെ ലഭ്യതക്കുറവ്, ഡോക്ടര്‍മാരുടെ കുറവ് തുടങ്ങി നിരവധി പരാതികളും വിവിധ പ്രദേശങ്ങളില്‍ വ്യാപകമാണ്. കൂടാതെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച ശുചീകരണ പദ്ധതിയുടെ നടത്തിപ്പും ജില്ലയില്‍ താറുമാറായി.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന വ്യാപകമായി ശുചീകരണ പദ്ധതി നടപ്പാക്കാന്‍ പുതിയ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ ഉത്തരവിറക്കിയത്. ജില്ലാ ഓഫീസര്‍മാര്‍ക്കാണ് നടത്തിപ്പു ചുമതല. എന്നാല്‍ ഡിഎംഓ തന്നെ സ്ഥലത്തില്ലാത്ത സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പില്‍ അലംഭാവം ഉണ്ടാകുമെന്നാണ് ജനങ്ങളുടെ ആരോപണം. ഡിഎംഓ ഡോ. ഗ്രേസി ഇത്താക്കിന് പകരം ഡെപ്യൂട്ടി ഡിഎംഓ ഡോ. എല്‍.അനിതാ കുമാരിക്കാണ് നിലവില്‍ ഡിഎംഓയുടെ താല്കാലിക ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: