കല്‍പ്പറ്റ : ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ അഞ്ചിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്ന മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കബനി നദീതീരത്തെ കൊളവള്ളിയില്‍ രാവിലെ 9 ന് മരത്തൈകള്‍ നട്ടുപടിപ്പിച്ചു കൊണ്ട് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
മാറുന്ന ജൈവ ലോകത്തില്‍ ഉഷ്ണക്കാറ്റിനെ പ്രതിരോധിക്കാന്‍ ഹരിത വയനാട് പുനര്‍ജനിക്കുകയാണ്. ഒഴുക്ക് നിലച്ച കാട്ടരുവിക്കും വരണ്ടുപോയ പുഴകള്‍ക്കും പുതു ജീവന് നല്കാന് ഈ പരിസ്ഥിതി ദിനത്തില്‍ നമുക്കൊരുമിക്കാമെന്ന് ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടം വിഭാവനം ചെയ്ത ‘ഓര്‍മ്മരം’ പദ്ധതിയില്‍ സ്വീപ്പിന്റെ ഭാഗമായി വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് നിയമ സഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ലക്ഷത്തോളം തൈകളാണ് വിതരണം ചെയ്തത്. ഇത് ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും മെയ് 16 നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേതിനെക്കാള് അഞ്ച് ശതമാനത്തിലധികം പോളിങ് വര്‍ദ്ധിച്ച് 78.07 ആയി ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനവല്‍ക്കരണവും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനവും വന്‍ ജന പങ്കാളിത്തത്തോടെ നടത്തുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി വെച്ച് പിടിപ്പിക്കുന്ന മരങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ജില്ലാ ഭരണകൂടം, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, അമ്പലയവല്‍ ആര്.എ.ആര്.എസ്, ഡി.ടി.പി.സി, എം.എസ് സ്വാമിനാഥന് ഫൗണ്ടേഷന്, ജില്ലാ നിര്‍മ്മിതി കേന്ദ്ര, കബനീ നദീതട സംരക്ഷണ സമിതി, എം.എന്‍.ആര്.ഇ.ജി.എസ്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയനാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടികള്സംഘടിപ്പിക്കുന്നത്. ഐ.സി.ബാലകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എം.ഐ.ഷാനവാസ് എംപി മുഖ്യപ്രഭാഷണം നടത്തും. എച്ച്ഡി കോട്ട എംഎല്‍എ ചിക്ക് മാതു മുഖ്യാതിഥിയായിരിക്കും. സി.കെ ശശീന്ദ്രന് എംഎല്‍എ പരിസ്ഥിതിദിന സന്ദേശം നല്‍കും. ഒ.ആര്.കേളു എം.എല്‍.എ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി, ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍, മൈസൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പരിമള ശ്യാംസുന്ദര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, സബ്കളക്ടര്‍ ശീറാം സാംബശിവ റാവു, പനമരം ബ്ലോക് പഞ്ചായത്ത്പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാകൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ബിന്ദുപ്രകാശ്, ബൈരക്കുപ്പപഞ്ചായത്ത് പ്രസിഡണ്ട് തിരുപ്പതി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശിവരാമന് പാറക്കുഴിയില്‍, ജില്ലാപഞ്ചായത്തംഗങ്ങളായ വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, എ.എന്‍. പ്രഭാകരന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബെന്നി, ഷിനു കത്തറയില്, പി.ഡി.സജി, ഗ്രാമപഞ്ചായത്തംഗം ജീനഷാജി, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.
എടവകയില്‍ വിവിധ പരിപാടികള്‍
എടവക : പരിസ്ഥിതി ദിനത്തില്‍ വേറിട്ട പരിപാടിയുമായി എടവക ഗ്രാമപഞ്ചായത്ത്. വനവത്ക്കരണത്തിന്റെ ആവശ്യകത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ മനസിലാക്കി ജൈവ വൈവിധ്യം സംരക്ഷണത്തിനായി ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്തിന്റെ ജൈവ വൈവിദ്ധ്യ പരിപാലന സമിതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ജൂണ്‍ 5 ന് രാവിലെ 9 ന് വിവിധ സ്ഥലങ്ങളിലായി വൃക്ഷത്തൈയുമായി അറിവിന് ഒരുമരം വാഹനം എത്തും. ലളിതമായ ചോദ്യങ്ങള്‍ ആളുകളോട് ചോദിക്കുകയും ഉത്തരം പറയുന്നവര്‍ക്ക് തൈ സമ്മാനമായി നല്കുന്നതുമാണ്. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് ഉദ്ഘാടനം ചെയ്യും.
അങ്കണവാടി പ്രവേശനോത്സവം
കണിയാമ്പറ്റ : കണിയാമ്പറ്റ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്തല അങ്കണവാടി കുട്ടികള്‍ക്കായി പ്രവേശനോത്സവം നടത്തി. 33 അങ്കണവാടികള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവന്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശകുന്തളാ സജീവന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം കേളോത്ത്, രാജേന്ദ്ര പ്രസാദ്, സുനീറ പഞ്ചാര, മേരി ഐമനച്ചിറ, സ്മിത സുനില്‍, ബിനു ജേക്കബ്, പ്രകാശ് കാലുമറ്റം, അഗില സുരേന്ദ്രന്, സരിത, ശിശു വികസന ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, ഒ.എച്ച് രാജാംബിക, തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, വിരമിച്ച് അംഗണവാടി ജീവനക്കാരെ ആദരിക്കല്‍, ഉപഹാര സമര്‍പ്പണം, എക്സിബിഷന് എന്നിവ നടത്തി.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കല്‍പ്പറ്റ : വിദ്യാഭ്യാസവകുപ്പില്‍ ജില്ലയില്‍ ഹൈസ്കുള് അസിസ്റ്റന്റ് (ഇംഗ്ലീഷ്) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍ 64/2012) ചുരുക്കപ്പട്ടികപ്രസിദ്ധീകരിച്ചു. 41.67 ഉം അതില്‍ കൂടുതലും മാര്‍ക്ക് ലഭിച്ചവരാണ് പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളത്.
ബയോമെട്രിക് കാര്‍ഡിന് വിവരങ്ങള്‍ നല്‍കണം
കല്‍പ്പറ്റ : മത്സ്യത്തൊഴിലാളികള്‍, അനുബന്ധതൊഴിലാളികള്ക്കായിനല്കുന്ന ബയോമെട്രിക്തിരിച്ചറിയല് കാര്‍ഡിന് വിവരങ്ങള്‍ നല്കാത്തവര് ബന്ധപ്പെട്ട മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസുകളില്‍ ജൂണ്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: