കല്‍പ്പറ്റ : അന്യജില്ലകളില്‍നിന്നും വ്യാപകമായ രീതിയില്‍ വയനാട്ടിലേക്ക് മാലിന്യംകൊണ്ടുവന്ന് തള്ളുന്നത് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു ജില്ലയില്‍നിന്നും മറ്റ് ജില്ലകളിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ നിയമമില്ലെന്നിരിക്കെയാണ് പന്നിഫാമുകളുടെ മറവില്‍ വ്യാപകമായി വാഹനങ്ങളില്‍ മാലിന്യം കയറ്റി വയനാട്ടിലെ സ്ഥലങ്ങളില്‍ തള്ളുന്നത്. ചുരത്തിലും വനപ്രദേശങ്ങളിലും പുഴയിലും തോടുകളിലും കുടിവെള്ള സ്രോതസ്സുകളിലും നിക്ഷേപിക്കുമ്പോള്‍ അധികൃതര്‍ നോക്കുകുത്തിയായിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
മഴക്കാലം തുടങ്ങിയതോടെ സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് മാലിന്യങ്ങള്‍ കാരണമാകുമെന്നിരിക്കെയാണ് ജില്ലയിലെ പാരിസ്ഥിതിക സംന്തുലിതാവസ്ഥയെ തകര്‍ക്കുന്ന രീതിയില്‍ മാലിന്യനിക്ഷേപം നടത്തുന്നത്. തൊണ്ടര്‍നാട് പഞ്ചായത്തിലാകെ ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളിയിട്ടുണ്ട്. ഇതിനെതിരെ കഴിഞ്ഞദിവസങ്ങളില്‍ കുറ്റിയാടി ഭാഗങ്ങളില്‍നിന്നും മാലിന്യം കയറ്റി വന്ന വാഹനങ്ങള്‍ തടയുന്നതിനായി യുവമോര്‍ച്ച നടത്തിയ സമരം വിജയം കണ്ടിരുന്നു.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ധാരാളം പന്നിഫാമുകള്‍ ജില്ലയിലുണ്ടെന്നാണറിവ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം പന്നിഫാമുകളുടെ മറവിലാണ് മാലിന്യമാഫിയ അഴിഞ്ഞാടുന്നത്. അനധികൃത പന്നിഫാമിനെതിരെ പല സ്ഥലങ്ങളിലും നാട്ടുകാര്‍തന്നെ രംഗത്തെത്തുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
അടിയന്തിരമായി മാലിന്യമാഫിയക്കെതിരെ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ബിജെപി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാപ്രസിഡണ്ട് സജിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: