കുറവിലങ്ങാട്: ആരോഗ്യ വകുപ്പിന്റെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെ കുറവിലങ്ങാട് മേഖല പനിച്ച് വിറയ്‌ക്കുന്നു. മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ ഡങ്കിപ്പനിയും മഞ്ഞപ്പിത്തവും സാധാരണയിലും അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആരോഗ്യ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ സ്‌കൂളുകളും, കോളേജുകളും വിവിധ സന്നദ്ധ സംഘടകളുടെയുമെല്ലാം മേല്‍ നോട്ടത്തില്‍ നടത്തി വന്നിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകിയതാണ് പനിപോലുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമായത്. പൊതു സ്ഥാപനങ്ങളിലെ ശുചീകരണം സ്‌കൂള്‍, കോളേജ്, വിവിധ ക്ലബുകള്‍ എന്നിവടങ്ങളിലെ ബോധവത്കരണ പരിപാടികള്‍ ഓടകളും അഴുക്ക് ചാലുകളും വൃത്തിയാക്കല്‍ എന്നിവ നടത്തുന്നതില്‍ വന്ന പിഴവാണ് പനിക്ക് പ്രധാന കാരണമായി പറയുന്നത്. കുറവിലങ്ങാട് മേഖലയില്‍ മരങ്ങാട്ടുപിള്ളി കടപ്ലാമറ്റം കാണക്കാരി കിടങ്ങൂര്‍ പഞ്ചായത്തുകളിലാണ് പനിബാധിതരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങായി വര്‍ദ്ധിച്ചത്. ദിനം പ്രതി നൂറുകണക്കിന് ആള്‍ക്കാര്‍ ആണ് മേഖലയിലം കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, കൂടല്ലൂര്‍, കടപ്ലാമറ്റം തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത്. ഈ നാലു പഞ്ചായത്തുകളിലുമായി 12 ഓളം പേര്‍ക്ക് ഇതിനംക ഡങ്കിപ്പനി സ്ഥിതീകരിച്ചു കഴിഞ്ഞു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പാലയ്‌ക്കാട്ടുമല ഭാഗത്താണ് ഏറ്റവും അധികം പനി ബാധിതര്‍ ഉള്ളതായി റിപ്പോര്‍ട്ട് കിട്ടിയിരിക്കുന്നത്. ഇവിടെ മാത്രമായി നാല് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്. രോഗം പരത്തുന്ന കൊതുകിനെ തുരത്തുന്നതിനായി ഫോഗിംങ് നടത്തുവാന്‍ ആവശ്യമായ മെഷ്യനുകള്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സജ്ജമാണ് എന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശ വാദം. എന്നാല്‍ ഇവിടെയൊന്നും ഇവ പ്രവര്‍ത്തിപ്പിക്കുന്നതായി ആരും പറഞ്ഞു പോലും കേള്‍ക്കുന്നില്ല. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി മത്സ്യമാര്‍ക്കറ്റ്, പൊതുകക്കൂസ് എന്നിവടങ്ങളില്‍ നിന്നുള്ള മാലിന്യം വലിയ തോട്ടിലേയ്‌ക്ക് ഒഴുക്കുന്നതായി പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും, സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ബോധവത്കരണത്തിനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തുകളില്‍ വാര്‍ഡുതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25000/- രൂപ വീതം അനുവദിക്കുമെന്ന് മന്ത്രിയുടെ വാക്ക് പല പഞ്ചായത്തുകളും ഗൗരവമായി കണക്കിലെടുക്കുന്നില്ല. കാരണം ഈ തുക പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും എന്ന് ലഭിക്കാത്തതാണ് കാരണമായി പറയുന്നത്.
















