ലണ്ടന്‍: യൂറോ 2016ന് മുന്നോടിയായുള്ള സൗഹൃദ രാജ്യാന്തര പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ജയം. കരുത്തരായ പോര്‍ച്ചുഗലിനെയാണ് ഇംഗ്ലണ്ട് കീഴടക്കിയത്. 35-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ബ്രൂണോ ആല്‍വസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും അവര്‍ക്ക് തിരിച്ചടിയായി. സൂപ്പര്‍താരം ക്രിസ്റ്റിയാനോയുടെ അസാന്നിധ്യവും അവരുടെ മുന്നേറ്റങ്ങളില്‍ നിഴലിച്ചു.
കളിയുടെ 86-ാം മിനിറ്റില്‍ ക്രിസ് സ്മാളിങ് നേടിയ ഏക ഗോളിനാണ് ഇംഗ്ലണ്ട് പറങ്കികള്ക്കുമേല് വിജയം കൈവരിച്ചത്. 1998 ഏപ്രിലിനുശേഷം പോര്‍ച്ചുഗലിന് മേല്‍ ഇംഗ്ലണ്ട് നേടുന്ന ആദ്യ വിജയം കൂടിയാണത്. 1986 ലോകപ്പ് ഫുട്ബോളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ ഇറങ്ങിയപ്പോള്‍ പോര്‍ച്ചുഗലിനായിരുന്നു ജയം 1-0. തുടര്‍ന്ന് 2002ലും 2004ലും സൗഹൃദ പോരാട്ടങ്ങളില്‍ 1-1 സമനിലകളായിരുന്നു ഫലം.
2004 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും (2-2) 2006 ലോകകപ്പിലും (0-0) സമനിലകെട്ട് പൊട്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചിരുന്നില്ല.
വെംബ്ലിയില്‍ നടന്ന പോരാട്ടത്തില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ഇംഗ്ലണ്ട് തന്നെയായിരുന്നു. എന്നാല്‍ ഷൂട്ടര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതോടെയാണ് അവരുടെ വിജയം ഒറ്റ ഗോളില്‍ ഒതുങ്ങിയത്. പോര്‍ച്ചുഗല്‍ ഗോളി ഡോസ് സാന്റോസ് പാട്രിഷ്യയുടെ പ്രകടനവും വെയ്ന്‍ റൂണിക്കും കൂട്ടര്‍ക്കും തിരിച്ചടി സമ്മാനിച്ചു. അതേസമയം ഒരിക്കല്‍ പോലും പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞില്ല.
കളിയുടെ തുടക്കം മുതല്‍ വെയ്ന്‍ റൂനണിയും കൂട്ടരും പോര്‍ച്ചുഗല്‍ ബോക്സിലേക്ക് ആക്രമണങ്ങള്‍ നടത്തിയെങ്കിലും കരുത്തുറ്റ പ്രതിരോധവും ഗോള്‍കീപ്പറും കീഴടങ്ങാന്‍ തയ്യാറായില്ല. ഇതിനിടെയാണ് ബ്രൂണോ ആല്‍വസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും. ഇംഗ്ലണ്ടിന്റെ ഹാരി കെയ്നെ ചവിട്ടിവീഴ്ത്തിയതിനാണ് ആല്‍വസിനെ റഫറി ചുവപ്പുകാര്‍ഡ് നല്കി പുറത്താക്കിയത്. ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു.
രണ്ടാം പകുതിയിലും മികച്ച ഫുട്ബോള്‍ ഇംഗ്ലണ്ട് കാഴ്ചവെച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. ഒടുവില്‍ സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ക്രിസ് സ്മാളിങ് ഹെഡ്ഡറിലൂടെ ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്. റഹീം സ്റ്റര്‍ലിങിന്റെ ക്രോസിനാണ് സ്മാളിങ് കൃത്യമായി തലവെച്ചത്.
മറ്റ് മത്സരങ്ങളില്‍ ഇറാന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മാസിഡോണിയയെയും അര്‍മേനിയ 4-1ന് എല്‍സാല്‍വഡോറിനെയും പരാജയപ്പെടുത്തി. ചിലിയെ പരാജയപ്പെടുത്തി മെക്സിക്കോയും സൗഹൃദമത്സരത്തില്‍ വിജയം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: