കാഞ്ഞിരപ്പള്ളി: ബസ്സ്റ്റാന്‍ഡ് കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യം മഴ പെയ്യുമ്പോള്‍ ഓടയിലൂടെ ചിറ്റാറിലേക്ക് ഒഴുക്കിവിടുന്നതിനെതിരേ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. അസഹ്യമായ ദുര്‍ഗന്ധംമൂലം പ്രദേശത്തെ വ്യാപാരികളും ഇതുവഴി കടന്നുപോകുന്ന പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണ്. വര്‍ഷങ്ങളായി ഇതു സംബന്ധിച്ച പരാതികള്‍ പഞ്ചായത്തിനും ബന്ധപ്പെട്ട അധികൃതര്‍ക്കും നല്‍കുകയും പഞ്ചായത്ത്, ജില്ലാ അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ച് നേരിട്ട് ബോധ്യപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഭരണം മാറിമാറിവന്നിട്ടും പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രശ്‌നത്തിനു ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് കമ്മിറ്റി മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് കെ.ജെ. ചാക്കോ കുന്നത്തിന്റെ അധ്യക്ഷതയില്‍, ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കല്‍, വി.എം. അബ്ദുള്‍സലാം, ടി.എം. ജോണി, ബെന്നിച്ചന്‍ കുട്ടന്‍ചിറ, എ.ആര്‍. മനോജ്, ജോമി അക്കരക്കളം, പി.കെ. അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.
















