കല്‍പ്പറ്റ : ഓര്‍മമരം പദ്ധതിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍. കേശവേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍തന്നെ ആദ്യപരീക്ഷണമെന്ന നിലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ നല്കുന്ന നൂതനമായ പദ്ധതി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കിയത്. ‘ഓര്‍മമരം’ പദ്ധതിയുടെ ഭാഗമായി 71,500 ഓളം തൈകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. 47 മാതൃകാ പോളിംഗ് ബൂത്തുകളില്‍ വോട്ട്ചെയ്ത എല്ലാവര്ക്കും ഫലവൃക്ഷത്തൈകള്‍ നല്കി. കന്നിവോട്ടര്‍മാര്‍ക്ക് ‘ഓര്‍മമരം’ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റുകളും നല്കി. കന്നി വോട്ടര്‍മാര്‍, 75 വയസ്സിന് മേല്‍ പ്രായമുള്ളവര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ നല്കി. ശേഷിച്ചവര്‍ക്ക് ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈകള്‍ നല്‍കും. മാവ്, റംബുട്ടാന്, പേര, നെല്ലി, ലിച്ചി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ നിരന്തരചര്‍ച്ചകളും യോഗങ്ങളും നടത്തിയാണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. വോട്ടെടുപ്പ് ദിവസവും പരിസ്ഥിതി ദിനത്തിലും നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ തുടര്‍ന്ന് സംരക്ഷിക്കുന്നതിന് കര്‍മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: