ബത്തേരി : ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ചക്കയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് വിശ്രുത പരിസ്ഥിതി പ്രവര്‍ത്തകനും എന്‍ഡോസള്‍ഫാന്‍ സമരനായകനുമായി ശ്രീപദ്രേ. വയനാട് പ്രകൃതി സംരക്ഷണ സമിതി, സീറോ ബജറ്റ് നാച്യുറല്‍ ലവേഴ്സ് ഫോറം, ഗ്രാമജ്യോതി ഫാര്‍മേഴ്സ് ക്ലബ്ബ് എന്നിവ സംയുക്തമായി പരിസ്ഥിതി പ്രവര്‍ത്തകനും പ്രകൃതി കര്‍ഷകനുമായിരുന്ന വി.എം. ഹരിദാസിനെ അനുസ്മരിക്കുന്നതിനു കല്ലൂരില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉല്പാദനത്തിനു കൂടുതല്‍ ജലം ആവശ്യമായ നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്ക്കുപരി ഭാവിയില്‍ മാനവരാശിയുടെ വിശപ്പടക്കുന്ന മാസ്മരിക ഭക്ഷണമായി ചക്ക മാറും. ഗതകാലത്ത് പഞ്ഞമാസങ്ങളില്‍ ചക്കയായിരുന്നു കേരളീയന്റെ പ്രധാന ഭക്ഷണം. കാലപ്രയാണത്തില്‍ ജീവിതശൈലിയിലുണ്ടായ മാറ്റം മലയാളികള്‍ ചക്കയെ തിരസ്കരിക്കുന്നതിനു കാരണമായി. ഈ സ്ഥിതി ഏറെക്കാലം നിലനിലക്കില്ല.
ശ്രീലങ്കക്കാര്‍ ചന്ദനത്തേക്കാള്‍ പ്രാധാന്യം കല്പിക്കുന്ന മരമാണ് പ്ലാവ്. പ്ലാവ് മുറിക്കുന്നത് ആ രാജ്യത്ത് ശിക്ഷാര്‍ഹമായ കുറ്റമാണ്. വര്‍ഷത്തില്‍ രണ്ട് സീസണുകളിലായി എല്ലാമാസവും വിളവുനല്കുന്ന പ്ലാവിന്റെ കൃഷി ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ലങ്കയില്‍ ചക്ക ഉല്പന്നങ്ങള് കയറ്റുമതി ചെയ്യുന്ന 25 സ്ഥാപനങ്ങളിലായി അര ലക്ഷത്തിലധികം ആളുകളാണ് ജോലി ചെയ്യുന്നത്.
മഹാരാഷ്ട്രയിലും കര്‍ണാടകയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും ചക്കയും മൂല്യവര്‍ധിത വിഭവങ്ങളും വിപണനം ചെയ്യുന്ന സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ചക്കക്കുരുപ്പൊടി, നൂഡില്‍സ്, ജാം, ഐസ്ക്രീം, സ്ക്വാഷ് തുടങ്ങിയ വിഭവങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
വിയത്നാമില്‍ 50,000 ഏക്കറില്‍ പ്ലാവ് കൃഷിയുണ്ട്. ചക്കവിഭവങ്ങള്‍ വര്‍ഷം മുഴുവന്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയും വിയത്നാം വികസിപ്പിച്ചിട്ടുണ്ട്. ആ രാജ്യത്ത് വിപണികളില്‍ 500ല്‍ അധികം ഇനം ചക്കവിഭവങ്ങള്‍ ലഭ്യമാണ്.
വയനാട്ടില്‍ വിളയുന്ന ചക്ക ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിയാല്‍ കോടിക്കണക്കിനു രൂപയുടെ വരുമാനം ഉണ്ടാക്കാനും നൂറുകണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കാനും കഴിയും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്-ശ്രീപദ്രെ പറഞ്ഞു.
പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് പി.കെ.ഉത്തമന് ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭന്‍കുമാര്‍ അധ്യക്ഷനായിരുന്നു. വയനാട് പ്രകൃതി സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ വി.എം.ഹരിദാസ് സ്മാരക പ്രഥമ പ്രകൃതികര്‍ഷക പുരസ്കാരം അഞ്ചുകുന്നിലെ കൃഷ്ണമോഹന് ‘ആത്മ’ വയനാട് ഡയറക്ടര്‍ ഡോ.കെ.ആശ കൈമാറി. തണല്‍ ഡയറക്ടര്‍ കെ. ശ്രീധരന്, പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റവര്‍ക്ക് ഡയറക്ടര്‍ ജയകുമാര്‍, സീറോ ബജറ്റ് നാച്യുറല്‍ ലവേഴ്സ് ഫോറം പ്രസിഡന്റ് ബേബി തോമസ്, സംസ്ഥാന സെക്രട്ടറി ഗോപാലകൃഷ്ണന് മൂലങ്കാവ് , ഗ്രാമജ്യോതി ഫാര്മേഴ്സ്ക്ലബ്ബ് സെക്രട്ടറി ബഷീര്‍ തേര്‍വയല്‍, വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികളായ എന്‍.ബാദുഷ, തോമസ് അമ്പലവയല്‍, ബാബു മൈലമ്പാടി എന്നിവര്‍ പ്രസംഗിച്ചു. വയനാടന്‍ കന്നുകാലികളുടെ സംരക്ഷണത്തിന് ‘ആത്മ’ ആദിവാസി കര്‍ഷകര്‍ക്ക് അനുവദിച്ച സഹായധനത്തിന്റെ വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: