കല്‍പ്പറ്റ : വയനാട്ടില്‍ ആദ്യമായി കാട്ടുവിരിച്ചറകന് തുമ്പിയെ കണ്ടെത്തി. മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ സംസ്ഥാന വനം-വന്യജീവി വകുപ്പ് വയനാട് വന്യജീവി സങ്കേതത്തില്‍ മെയ് 27 മുതല്‍ 29 വരെ നടത്തിയ രണ്ടാമത് തുമ്പിസര്വേയിലാണ് കാട്ടുവിരിച്ചിറകന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലാണ് കാട്ടുവിരിച്ചിറകനെ കാണാനായത് പശ്ചിമഘട്ടത്തില്‍ മലബാറിനു പുറത്ത് ഈയിനം തുമ്പിയുടെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
75 ഇനം തുമ്പികളെയാണ് സര്‍വേയില്‍ കണ്ടത്. 2014 മെയില്‍ നടന്ന പ്രഥമ സര്‍വേയില്‍ 68 ഇനം തുമ്പികളുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. പരിസ്ഥിതി രംഗത്തെ വിദഗ്ധരും ഫോട്ടോഗ്രാഫര്‍മാരുമടക്കം ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 49 പേരാണ് ഇക്കുറി സര്‍വേയില്‍ പങ്കാളികളായത്. തെക്കേ വയനാട്ടിലെ ബത്തേരി, മുത്തങ്ങ, കുറിച്യാട് റെയ്ഞ്ചുകളും വടക്കേ വയനാട്ടിലെ തോല്‍പ്പെട്ടി റെയ്ഞ്ചും ഉള്‍പ്പെടുന്നതാണ് 344.44 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വയനാട് വന്യജീവി സങ്കേതം. കര്‍ണാടക, തമിഴ്നാട് വനങ്ങളുമായി അതിരിടുന്നതാണ് വന്യജീവി സങ്കേതത്തിന്റെ പല ഭാഗങ്ങളും. സങ്കേത പരിധിയിലെ മുത്തങ്ങ, മുതുമലക്കല്ല്, കല്ലുമുക്ക്, പല്പത്തൂര്, ഗോളൂര്വയല്, നരിമാന്തിക്കൊല്ലി, ഒട്ടിപ്പാറ, ചെതലയം, ദൊഡ്ഡാഡി, പുഞ്ചവയല്‍, ബേഗൂര്‍ പ്രദേശങ്ങളിലെ തണ്ണീര്‍ത്തടങ്ങള്‍, അരുവികള്‍, വയലുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ.
സര്‍വേയില്‍ കണ്ടതില്‍ 44 ഇനങ്ങള്‍ കല്ലന്‍തുമ്പികളുടെയും 31 ഇനങ്ങള്‍ സൂചിത്തുമ്പികളുടെയും ഗണത്തില്‍പ്പെടുന്നതാണ്. ഇരിക്കുമ്പോള്‍ നിവര്‍ത്തിപ്പിടിക്കുന്ന ചിറകുകളും തടിച്ച ഉടലുമുള്ളതാണ് കല്ലന്തുമ്പികള്(ഡ്രാഗണ്‍ ഫ്ളൈ). ഇരിക്കുമ്പോള്‍ ചിറകുകള് ഉടലിനു സമാന്തരമായി ചേര്‍ത്തുവെക്കുന്നവയാണ് സൂചിത്തുമ്പികള്‍(ഡെംസല്‍ ഫ്ളൈ). 50 ഇനങ്ങളുടെ സാന്നിധ്യമാണ് പുഞ്ചവയലില്‍ സ്ഥിരീകരിച്ചത്. മുത്തങ്ങ റെയ്ഞ്ചിലെ കല്ലുമുക്കില്‍ 41 ഇനങ്ങളെ കാണാനായി. സൂചിത്തുമ്പികളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് സങ്കേതത്തില്‍ ആദ്യമായ കണ്ടെത്തിയ കാട്ടുവിരിച്ചിറകന്‍ തുമ്പി. ഇതിന്റെ വ്യക്തതയുള്ള ചിത്രം പകര്‍ത്താനായില്ലെന്ന് സര്‍വേ കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു. വയനാടന്‍ മുളവാലന്‍, കൂട്ടുമുളവാലന്‍, പുള്ളിവാലന്, ചോലക്കടുവ, പെരുവാലന്‍ കടുവ, പുഴക്കടുവ, നീലനീര്തോഴന് തുടങ്ങിയവയാണ് സര്‍വേയില്‍ കണ്ട തദ്ദേശീയ ഇനങ്ങള്‍. ജൈവജാത്യങ്ങളുടെ ചിത്രം പകര്‍ത്തി പഠനത്തിനു വിധേയമാക്കുന്ന രീതിശാസ്ത്രമാണ് തുമ്പി സര്‍വേയില്‍ ഉപയോഗപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: