കല്‍പ്പറ്റ: ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും തെരുവ് വിളക്കുകളും കണ്ണടച്ചതോടെ കല്‍പ്പറ്റ ടൗണ്‍ ഇരുട്ടില്‍. സാമൂഹിക വിരുദ്ധര്‍ക്കും ലഹരി മരുന്ന് ഇടപാടുകാര്‍ക്കും സൗകര്യമായിരിക്കുകയാണ് ഇരുട്ട്. വിവരം ശ്രദ്ധയില്‍പെടുത്തിയിട്ടും മുനിസിപ്പാലിറ്റിക്ക് കുലുക്കമില്ല. ടൗണിലെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ പോലും മുനിസിപ്പാലിറ്റി ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ജനങ്ങളില്‍ ശക്തമായിട്ടുണ്ട്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും കല്‍പ്പറ്റ അനന്തവീര തിയറ്ററിനു സമീപമുള്ള ബസ് സ്റ്റോപ്പിലെ ലൈറ്റുകളും ഇപ്പോള്‍ കത്തുന്നില്ല. സന്ധ്യമയങ്ങിയാല്‍ ഇരുട്ടിലാണ് ടൗണിലെ പ്രധാന സ്ഥലങ്ങള്‍. കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് രാത്രി എട്ടരവരെ യാത്രക്കാര്‍ക്ക് ആശ്വാസം. കടകള്‍ അടച്ചാല്‍ ടൗണ്‍ പൂര്‍ണമായും ഇരുട്ടിലാകും. കല്‍പ്പറ്റ ബസ് സ്റ്റോപ്പില്‍ സ്ത്രീകളടക്കം ഒരുപാട് യാത്രക്കാര്‍ ബസ് കാത്തുനില്ക്കാറുണ്ട്. ഇവര്‍ക്കെല്ലാം ബുദ്ധിമുട്ടായിരിക്കുകയാണ് വെളിച്ചമില്ലായ്മ. കൈനാട്ടി ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും കണ്ണടച്ചിരിക്കുകയാണ്. കൈനാട്ടിയെ ഇരുട്ടില്‍ നിന്നു രക്ഷിക്കൂ എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇവിടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കല്‍പ്പറ്റ നഗരസഭാ അധികൃതരോട് പരാതി പറഞ്ഞിട്ടും രക്ഷയില്ല. കൈനാട്ടി ജംഗ്ഷനില്‍ വെളിച്ചമില്ലാത്തത് വാഹനാപകടങ്ങള്‍ക്ക് കാരണമാകും. യാത്രക്കാര്‍ ഇരുട്ടത്താണ് ബസ് കാത്തുനില്‍ക്കുന്നത്. ഇവിടെ മോഷ്ടാക്കള്‍ തലപൊക്കിത്തുടങ്ങിയതായും നാട്ടുകാര്‍ പറയുന്നു. കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂളിനു മുമ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിനാല്‍ ഇവിടെയുള്ള ഇടവഴി സാമുഹിക വിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. പള്ളിത്താഴെ റോഡിലുള്ള പല തെരുവുവിളക്കുകളും കത്തുന്നില്ല. ഇത് വാഹനാപകടങ്ങള്‍ക്കും മോഷണങ്ങള്‍ക്കും വഴിതെളിക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്ത ബള്‍ബുകള്‍ സ്ഥാപിച്ചതാണ് അവ പെട്ടെന്ന് കേടാകാന്‍ കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്. തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ കരാര്‍ എടുക്കുന്നവര്‍ നിലവാരമില്ലാത്ത സാമഗ്രികളാണ് ഉപയോഗിക്കുന്നത്. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ കമ്മീഷന് ഇടപാട് നടക്കുന്നതും ലൈറ്റുകളുടെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ലക്ഷങ്ങളാണ് ചെലവഴിച്ചിരിക്കുന്നത്. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ച ലൈറ്റുകളെല്ലാം പെെട്ടന്ന് കണ്ണടച്ചു. ഹൈമാസ്റ്റ് ലൈറ്റിനു പിന്നിലും ലക്ഷങ്ങളുടെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേടായ ലൈറ്റുകള്‍ കത്തിക്കാന്‍ നടപടി എടുക്കാന്‍ മടിക്കുന്നതിനിടെ വൈദ്യുതി ബന്ധം ഓഫാക്കാന്‍ സംവിധാനമില്ലാതെ തെരുവ് വിളക്ക് സ്ഥാപിച്ച് മുനിസിപ്പാലിറ്റി നാട്ടുകാരെ ഷോക്കടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: