പത്തനംതിട്ട:പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റും എസ്എസ്എയും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ സ്കൂള്‍ പ്രവേശനോത്സവം ഇന്ന് രാവിലെ ഒന്‍പതിന് കുന്നന്താനം പാലയ്ക്കല്‍ത്തകിടി സെന്റ് മേരീസ് ഗവ.എച്ച്.എസില്‍ നടക്കും. ജലവിഭവ മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. സ്കൂള്‍ ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ്, മെയ്ന്റനന്‍സ് ഗ്രാന്റ്, യൂണിഫോം വിതരണം എന്നിവ യഥാക്രമം എംഎല്‍എമാരായ അടൂര്‍ പ്രകാശ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ് എന്നിവര്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അവാര്‍ഡ് വിതരണം ചെയ്യും. ഒ.എന്‍.വിക്കുള്ള അക്ഷര പൂജയിലൂടെ ചടങ്ങ് ആരംഭിക്കും.
ഇക്കുറിയും ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്ധനവുണ്ടാകാനിടയില്ലെന്നാണ് സൂചന. 2006-2007 സ്ക്കൂള് വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 10801 കുട്ടികളായിരുന്നെങ്കില്‍ 2013 ല്‍ ഇത് 5902ഉം, 2014 ല്‍ 6072ഉം കുട്ടികളാണ് പ്രവേശനം നേടിയത്.എന്നാല്‍ കഴിഞ്ഞ വര്‍ഷം 6529 ആയി. ഈ അധ്യായന വര്‍ഷത്തിലും കാര്യമായ പുരോഗതി ഉണ്ടാകാനിടയില്ലെന്നാണ് അദ്ധ്യാപകര്‍ തന്നെ പറയുന്നത്. മിക്ക സ്കൂളുകളിലും 15 ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ഇതിനോടകം ഒന്നാം ക്ലാസില്‍ ചേര്‍ന്നിട്ടുള്ളത്. ജനന നിരക്ക് ഏറ്റവും കുറഞ്ഞ ജില്ലയാണ് പത്തനംതിട്ട എന്നതും സ്ക്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയാനിടയാക്കുന്നു.
ജില്ലയില്‍ 426 ഓളം സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് എല്‍.പി സ്കൂളുകളാണുള്ളത്. ഇതില്‍ ഭൂരിഭാഗം സ്കൂളുകളിലും 60 കുട്ടികളില്‍ താഴെമാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം രണ്ടും മൂന്നും കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ സ്കൂളുകളുമുണ്ട്.
പെരിങ്ങര കാരക്കല്‍ ജി.എല്‍.പി.എസ്, പെരിങ്ങര മേപ്രാല്‍ ജി.എല്‍.പി.എസ്, കോയിപ്രം പുലരിക്കാട് എല്‍.പി.എസ്, ചാത്തങ്കേരി ജി.എല്‍.പി.എസ്, പെരിങ്ങര ഇരുവള്ളിപ്ര ജി.എല്‍.പി.എസ്, നിരണം ടൗണ്‍ എല്‍.പി.എസ്, പുളിക്കീഴ് വളഞ്ഞവട്ടം എം.ഡി.എല്‍.പി.എസ്, പ്രക്കാനം ജി.എല്‍.പി.എസ്, ഓമല്ലൂര്‍ ആറ്റരികം ജി.എല്‍.പി.എസ് ഇവയൊക്കെ 10 താഴെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളാണ്. അതേസമയം കോന്നി ഗവ.എല്‍.പി.ജി.എസ് പോലെയുള്ള ചില സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഇവിടെയായിരുന്നു പ്രവേശനം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: