ഇങ്ങനെ ന്യായവാദങ്ങള്‍ നിരത്തി ശശികല അമ്മയെ കാര്യം പറഞ്ഞു മനസ്സിലാക്കി. രാജ്ഞി രാജാവിനോട് വൃത്താന്തം അറിയിച്ചു. വിവാഹത്തിനു മുന്‍പ് കൊട്ടാരത്തില്‍ നിന്നും ഒരു ബ്രാഹ്മണനെ ദൂതിനായി കുമാരി ഭരദ്വാജന്റെ ആശ്രമത്തില്‍ വസിക്കുന്ന സുദര്‍ശനന്റെ അടുത്തേക്ക് അയച്ചു. ‘അച്ഛന്‍ എനിക്കായി സ്വയംവരം നിശ്ചയിച്ചിരിക്കുന്ന കാര്യം അങ്ങ് മറ്റാരും അറിയാതെ അവിടെ അറിയിക്കുക. സ്വയംവരത്തിനായി അനേകം പ്രതാപശാലികളായ രാജാക്കന്മാര്‍ വരും.
എന്നാല്‍ ഞാന്‍ മനസാ വരിച്ചിരിക്കുന്നത് ആ കുമാരനെയാണ്. മാത്രമല്ല, ജഗദംബയുടെ അനുജ്ഞയും അതാണ്. മാതാപിതാക്കള്‍ നിര്‍ബ്ബന്ധിച്ചാലും ഞാന്‍ മറ്റൊരാളെ വരിക്കുകയില്ല. ഇത് സാധിച്ചില്ലെങ്കില്‍ വിഷം കുടിച്ചോ തീയില്‍ച്ചാടിയോ മരിക്കുകയേ എനിക്ക് നിവൃത്തിയുള്ളൂ. ഞാന്‍ അവിടുത്തെ ഭര്‍ത്താവായി സ്വീകരിച്ചു കഴിഞ്ഞു. ഈശ്വരനെ സര്‍വ്വാശ്രയമായിക്കരുതി അങ്ങിവിടെ വരിക. ദേവിയുടെ കൃപാകടാക്ഷത്താല്‍ നമുക്ക് മംഗളം ഭവിക്കും. ഈ ലോകമെല്ലാം ദേവിക്ക് അധീനമാണ്.
അങ്ങനെയുള്ള ദേവിയെ നമുക്ക് ധിക്കരിക്കാനാവില്ല. പരമശിവന്‍ പോലും ആ ദേവിയുടെ അഭീഷ്ടത്തിനൊത്താണ് വര്‍ത്തിക്കുന്നത്.’ കുമാരി വിപ്രന് ദക്ഷിണയും നല്‍കി ദൂത് പറഞ്ഞയച്ചു. പെട്ടെന്ന് തന്നെ ദൂതന്‍ കാര്യങ്ങള്‍ സുദര്‍ശനനെ അറിയിച്ചു. ശശികലയുടെ കൊട്ടാരത്തിലേയ്‌ക്ക് പോവാന്‍ കുമാരന്‍ തയ്യാറായി. മുനിമാരും അവനെ പ്രോത്സാഹിപ്പിച്ചു.
പുറപ്പെടാന്‍ തയ്യാറായ കുമാരനോട് മനോരമ ചോദിച്ചു: ‘നീ ഒറ്റയ്‌ക്ക് എങ്ങോട്ടാണ് പോവുന്നത്? നിന്നെ കൊല്ലാന്‍ തയ്യാറായി യുധാജിത്തും കൂട്ടരും വരും.
നീ പോകരുത്. എനിക്ക് നീ ഒറ്റ മകനല്ലേയുള്ളൂ? നിന്റെ മുത്തശ്ശനെ കൊന്ന ദുഷ്ടന്‍ നിന്നെയും വകവരുത്താന്‍ ശ്രമിക്കും.’
അമ്മേ, വരേണ്ടത് വരിക തന്നെ ചെയ്യും. അതിനെപ്പറ്റി ചിന്തിച്ചു വിഷമിക്കുന്നതില്‍ കാര്യമില്ല. ജഗന്മാതാവ് കല്‍പ്പിച്ചതിന്‍ പ്രകാരം ഞാന്‍ അങ്ങോട്ട് പോവുകയാണ്. ദുഖിക്കാതിരിക്കൂ. ഞാന്‍ ക്ഷത്രിയനല്ലേ? ക്ഷത്രിയനാരിയായ അമ്മയ്‌ക്ക് ഭയമെന്തിന്? ഭഗവതിയുടെ പ്രസാദം നമുക്കുണ്ട്. ഭീതി വേണ്ട.’
(തുടരും)
















