കല്‍പ്പറ്റ : ജില്ലാ പ്രവേശനോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അറിവും ആനന്ദവും നിറഞ്ഞ പുതിയ അക്കാദമിക വര്‍ഷത്തെ വരവേല്‍ക്കാനായി വയനാട് ജില്ലയില്‍ വിപുലമായ ഓരുക്കങ്ങളാണ് നടന്നത്. ജൂണ്‍ 1 ന് വിദ്യാലയങ്ങള്‍ കുട്ടികളുടെ കളിചിരികളാല്‍ സമ്പന്നമാകും. രണ്ടുമാസത്തെ ഇടവേളക്കു ശേഷം പഠനത്തിന്റെയും സൗഹൃദത്തിന്റെയും പുതിയലോകത്തേക്കു കടന്നുവരുന്ന കുട്ടികളെ അര്‍ത്ഥപൂര്‍ണ്ണമായി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വ്വ ശിക്ഷാ അഭിയാനും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
മദ്ധ്യവേനലവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്‍പേ വിദ്യാലയാന്തരീക്ഷം അടുക്കും ചിട്ടയും ഉള്ളതാക്കുക, പുതിയ കൂട്ടുകാരെ വരവേല്‍ക്കാനായി ഉത്സവഛായയോടെ വിദ്യാലയം ആകര്‍ഷകമാക്കുക, വിദ്യാലയവും രക്ഷിതാക്കളും സമൂഹവുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രവേശനോത്സവംകൊണ്ട് ലക്ഷ്യമിടുന്നത്.
ഈ വര്‍ഷത്തെ പ്രവേശനോത്സവം ജില്ലാ തല ഉദ്ഘാടനം ജൂണ്‍ 1 ന് മാതമംഗലം ഗവ: ഹൈസ്കൂളില്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന് നിര്‍വഹിക്കും. മെയ് 28 മുതല്‍ നടന്ന സമ്പൂര്‍ണ്ണ വിദ്യാലയ പ്രവേശന ക്യാംപയിന്, മെയ് 30 ന് നടന്ന പഞ്ചായത്തു തല വിദ്യാഭ്യാസ ശില്പശാല എന്നിവയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിദ്യാലയ പ്രവര്‍ത്തന പങ്കാളിത്തം ഉറപ്പാകിയിട്ടുണ്ട്. മെയ് 31 ന് വിദ്യാലയ തലത്തില്‍ അദ്ധ്യാപകര്‍, രക്ഷാകര്‍തൃ പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ഒരുമിച്ചിരുന്ന് വിദ്യാലയത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കി. ഇത് പ്രവേശനോത്സവത്തെ കൂടുതല്‍ ജനകീയമാക്കും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ വി കേശവേന്ദ്രകുമാര്‍ മുഖ്യ അതിഥിയാകും. ബത്തേരി മുനിസിപ്പല്‍ ചെയര്മാന് സി.കെ സഹദേവന് പ്രവേശനോത്സവ കിറ്റ് വിതരണം ചെയ്യും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്മത്ത് എന്‍ഡോമെന്റും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി എസ്.എസ്.എല്‍.സി മെമന്റോയും വിതരണം ചെയ്യും.
സൗജന്യ യൂനിഫോം വിതരണത്തിന്റെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതശശിയും സൗജന്യ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നൂല്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാറും നിര്‍വഹിക്കും. അനില്‍കുമാര്‍, മിനി.കെ.സി, അനില തോമസ്, എ.പ്രഭാകരന്, ബിന്ദു മനോജ്, പി.ടി.എ ഭാരവാഹികള്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേരും.
ഹൈസ്കൂളിനായി ആര്.എംഎസ്എ നിര്‍മ്മിച്ചപുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. ഡി ഡിഇ സി.രാഘവന്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം.ഉണ്ണിക്കൃഷ്ണന്, എസ്എസ്എ ജില്ലാപ്രോജക്ട്ഓഫീസര് ഡോ. ടി.കെ.അബ്ബാസ്അലി തുടങ്ങിയ വിദ്യാഭ്യാസഓഫീസര്മാരുംപങ്കെടുക്കും. ഉദ്ഘാടന ചടങ്ങ് കുട്ടികളുടെ ഘോഷയാത്ര, കലാപരിപാടികള്‍, ഇംഗ്ലീഷ് നാടകം, കരാട്ടെ പ്രദര്‍ശനം, എന്നിവകൊണ്ട് വര്‍ണശബളമായിരിക്കും.
വിദ്യാലയങ്ങളുടെയും മെയിന്റനന്‍സ് ഗ്രാന്റ്, സ്കൂള്‍ ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ്, എന്നിവയും, കുട്ടികള്‍ക്ക് രണ്ടു ജോഡി യൂണിഫോമിനുള്ള തുകയും നേരത്തെ അനുവദിച്ചിട്ടുണ്ട്. ഏറെ സന്തോഷത്തോടെയാണ് ഓരോ വിദ്യാലയവും പ്രവേശനോത്സവത്തെ വരവേല്‍ക്കുന്നത്.
ബ്ലോക്ക് തല പ്രവേശനോത്സവ ഉദ്ഘാടനം ബത്തേരിയില്‍ കൊളഗപ്പാറ ഗവണ്മെന്റ് യു.പി. സ്കൂളിലും മാനന്തവാടിയില്‍ വാളേരി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും വൈത്തിരിയില്‍ അമ്മ സഹായം യു.പി. സ്കൂളിലും നടക്കും. പഞ്ചായത്ത് തല പ്രവേശനോത്സവവും എല്ലാ കുട്ടികളും വിദ്യാലയ പ്രവേശനം നേടി എന്ന പ്രഖ്യാപനവും പഞ്ചായത്തിലെ തിരെഞ്ഞെടുത്ത വിദ്യാലയത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിക്കും.
വിദ്യാലയത്തില്‍ ചേരാത്തവരോ പഠനം നിര്‍ത്തിയവരോ ആയ കുട്ടികളെ കണ്ടെത്തുന്നതിനും വിദ്യാലയത്തിലെത്തിക്കുന്നതിനുമായി എസ്.എസ്.എ തയ്യാറാക്കിയ ‘ഗോത്ര വിദ്യ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളും പ്രവേശനോത്സവത്തോടൊപ്പം ആരംഭിക്കും.
വസ്ത്രം, ബാഗ്, കുട, പഠനോപകരണങ്ങള്‍ എന്നിവയില്ലാത്തതിനാല്‍ വിദ്യാലയത്തില്‍ വരാന്‍ പ്രയാസപ്പെടുന്ന കുട്ടികള്‍ക്ക് പ്രാദേശികമായി സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
ശാരീരികവും മാനസികവുമായ പരിമിതികള്‍ അനുഭവിക്കുന്ന കുട്ടികളെ അവരുടെ പരിമിതികളുടെ സവിശേഷതകള്‍ക്കനുസരിച്ച് സഹായം നല്കി വിദ്യാലയത്തിലെത്തിക്കുന്നതിനും സര്‍വ്വശിക്ഷാ അഭിയാന് കഴിയും. നടക്കാന്‍ പ്രയാസമുള്ള കുട്ടികള്‍ക്ക് ട്രാ ന്സ്പോട്ട് അലവന്‍സും ആരെങ്കിലും കൂടെവരേണ്ട ആവശ്യമുള്ളവര്‍ക്ക് എസ്കോര്‍ട്ട് അലവന്‍സും നല്‍കും.
ജില്ലാ പഞ്ചായത്ത്, ജില്ലാ കളക്ടര്‍, പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, പട്ടികജാതി-പട്ടിക വര്‍ഗ്ഗ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യവകുപ്പ് തുടങ്ങിയ ഇതര വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെയാണ് വയനാട് ജില്ലയില്‍ എസ്.എസ്.എ വിദ്യാലയ പ്രവേശനം കുറ്റമറ്റതാക്കുന്നതിനുള്ള പരിപാടികള്‍ നടപ്പിലാക്കുന്നത.് പത്ര സമ്മേളനത്തില്‍ സി.രാഘവന് (ഡി.ഡി.ഇ വയനാട്), ഡോ: ടി.കെ അബ്ബാസ് അലി (ഡിസ്ട്രിക്റ്റ് പ്രോജക്ട് ഓഫീസര്‍, എസ്.എസ്.എ വയനാട്), എ.ദേവകി (ചെയര്‍പേഴ്സണ്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി), വി. സുരേഷ്കുമാര്‍ (പിടിഎ പ്രസിഡന്റ്, ഗവ: ഹൈസ്കൂള്‍, മാതമംഗലം), ഹൈദ്രോസ് സി.കെ (ഹെഡ്മാസ്റ്റര് ഗവ: ഹൈസ്കൂള്‍, മാതമംഗലം), കെ.വി.ബാബു(ഹെഡ്മാസ്റ്റര്) തുടങ്ങിയവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: