തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. അത്യാവശ്യ സാധനങ്ങള്‍ക്കുപോലും വില ഇരട്ടിയായിട്ടും കാര്യമായ ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടാന്‍ കാരണം. തക്കാളിയുടെയും ബീന്‍സിന്റെയും വില ഇരട്ടിയായി. തക്കാളിക്ക് പാളയം മാര്‍ക്കറ്റിലെ ഇന്നലത്തെ വില കിലോയ്ക്ക് അറുപത് രൂപയാണ്. ബീന്‍സിന് 120ഉം. ഇരട്ടിയോളമാണ് ഇവയുടെ വില വര്‍ദ്ധിച്ചിരിക്കുന്നത്.
കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുമെന്നും വിലക്കയറ്റം തടയാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്നുമായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒരാഴ്ചയായിട്ടും വിലക്കയറ്റം തടയുന്നതിനാവശ്യമായ ഒരു ഇടപെടലും നടത്തിയിട്ടില്ല.
പച്ചക്കറികള്‍ക്കു പുറമെ പഴവര്‍ഗ്ഗങ്ങള്‍ക്കും വില കുത്തനെ കൂടിയിട്ടുണ്ട്. കഴിഞ്ഞമാസം കിലോയ്ക്ക് 12 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 60 മുതല്‍ 80 വരെ രൂപയാണ് വില. ഓരോ പച്ചക്കറിക്കും ഈ രീതിയിലാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. വെണ്ടയ്ക്കയുടെ വില 20ല്‍ നിന്ന് 60 രൂപയായും ബീന്‍സിന്റെ വില 30ല്‍നിന്ന് 120 രൂപയായുമായാണ് ഉയര്‍ന്നത്. പയര്‍- 100, വെണ്ടക്ക- 50, വഴുതന 40, വെള്ളരി- 30, ക്യാരറ്റ് -58, പടവലം- 40, ക്യാബേജ്- 40, ഉരുളക്കിഴങ്ങ്- 30, ചെറിയ ഉള്ളി- 50, സവാള- 20, ഇഞ്ചി- 100, വാഴക്ക- 24, മുരിങ്ങക്ക- 40, ചേന- 45, വെളുത്തുള്ളി- 140, തേങ്ങ- 24 എന്നിങ്ങനെയാണ് ഇന്നലത്തെ വില വിവരം. 20 ശതമാനം മുതല്‍ അമ്പത് ശതമാനം വരെയാണ് വില വര്‍ദ്ധന.
ബീന്സ്പോലെയുള്ള പച്ചക്കറികളെല്ലാം സംസ്ഥാനത്തെത്തുന്നത് തമിഴ്നാടില്‍ നിന്നാണ്. തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ കൃഷിനാശമുണ്ടായതും ഗതാഗത ചെലവ് വര്‍ദ്ധിച്ചതുമാണ് പച്ചക്കറികളുടെ വരവ് കുറയുന്നതിന് കാരണമായത്. പച്ചക്കറി കിട്ടാനില്ലാത്തതിനാല്‍ മൊത്തവ്യാപാരികള്‍ വലിയ വിലയ്ക്കാണ് സാധനങ്ങള്‍ എടുക്കുന്നത്. ഇത് ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലെത്തുമ്പോള്‍ വില പിന്നെയും വര്‍ദ്ധിക്കും. തമിഴ്നാടിന് പുറത്തു നിന്നെത്തുന്ന സവാളയ്ക്കും, ഉരുളക്കിഴങ്ങിനും വലിയ വിലവര്ദ്ധനവുണ്ടായിട്ടില്ല. പച്ചക്കറികള്‍ക്കു പുറമെ പയര്‍വര്‍ഗങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു. ഉഴുന്ന്, പരിപ്പ്, ചെറുപയര്‍ എന്നിവയ്ക്കും പൊതുവിപണയില്‍ തീവിലയാണ്.
പച്ചക്കറി വിലനിയന്ത്രണത്തിന് സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ആരംഭിച്ചതാണ് ഹോര്‍ട്ടികോര്‍പ്പ്. എന്നാല്‍ കോടിക്കണക്കിന് രൂപയാണ് പച്ചക്കറി സംഭരണയിനത്തില്‍ ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. വന്‍തുക കുടിശികയുള്ളതിനാല്‍ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്കാന് കര്‍ഷകരും കരാറുകാരും തയ്യാറാകുന്നില്ല.
അഞ്ച് വര്‍ഷം സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കില്ലെന്നായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ പൊതുവിപണയിലിടപെടാന് ഇതുവരെയും യാതോരുവിധ ശ്രമങ്ങളുമുണ്ടായിട്ടില്ല. അധികാരത്തിലേറിയതിനു ശേഷം വന്‍കിട പദ്ധതികള്‍ക്ക് പിറകെ പോവുന്ന സര്‍ക്കാര്‍ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്കു നേരെ മുഖം തിരിച്ച് വാഗ്ദാനങ്ങള്‍ അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: