ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം കിരീടത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദിലൂടെ പുതിയ അവകാശികള്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ടു റണ്‍സിനു കീഴടക്കിയാണ് സണ്‍റൈസേഴ്സ് ഐപിഎല്ലില്‍ തങ്ങളുടെ പേരു കൂടി എഴുതിച്ചേര്‍ത്തത്. രണ്ടുവട്ടം ഫൈനലിലെത്തിയിട്ടും കിരീടം നേടാനായില്ലെന്ന നിരാശ ബാംഗ്ലൂരിന്. സ്വപ്നതുല്യമായ പ്രകടനത്തിലൂടെ ടീമിനെ ഫൈനല്‍ വരെയെത്തിച്ച വിരാട് കോഹ്ലിക്ക് പക്ഷേ, കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം കൈവിട്ടു.
എന്നാല്‍, സ്വന്തം ബാറ്റിങ് മികവില്‍ ടീമിനെ ഫൈനലിലെത്തിച്ച സണ്‍റൈസേഴ്സ് നായകന് ഡേവിഡ് വാര്‍ണര്‍ക്ക് ആദ്യ കിരീടം പേരിലെഴുതിച്ചേര്ക്കാനായി. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിരയും വാര്‍ണര്‍ക്കു തുണയായി.
റണ്ണൊഴുകിയ ചിന്നസ്വാമിയിലെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഡേവിഡ് വാര്‍ണറുടെ മികവില്‍ (38 പന്തില്‍ 69) ഏഴു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് ചേര്‍ത്തു. ബെന്‍ കട്ടിങ് (39), യുവരാജ് സിങ് (38), ശിഖര്‍ ധവാന് (28) എന്നിവരും പിന്തുണ നല്കി. അവസാന ഓവറുകളില്‍ ബെന്‍ കട്ടിങ് നടത്തിയ കടന്നാക്രമണമാണ് ഹൈദരാബാദിനെ ഇരുന്നൂറ് കടത്തിയത്.
കരുത്തുറ്റ ബാറ്റിങ് നിരയുള്ള ബാംഗ്ലൂരും അതേ നാണയത്തില്‍ തിരിച്ചടിച്ചു. ആദ്യ വിക്കറ്റില്‍ ക്രിസ് ഗെയ്ലും (76), വിരാടും (54) ചേര്‍ന്ന് 10.3 ഓവറില്‍ 114 റണ്‍സ് ചേര്‍ത്തു. ആദ്യം ഗെയ്ലും പിന്നീട് വിരാടും മടങ്ങിയത് ബാംഗ്ലൂരിനു തിരിച്ചടിയായി. മധ്യനിരയിലെ കരുത്തര്‍ എ.ബി. ഡിവില്ലഴ്സ് (അഞ്ച്), കെ. എല്‍. രാഹുല്‍ (11), ഷെയ്ന് വാട്സണ് (11), സ്റ്റുവര്‍ട്ട് ബിന്നി (ഒമ്പത്) എന്നിവര്‍ പരാജയപ്പെട്ടു. 10 പന്തില്‍ 18 റണ്‍സടിച്ച മലയാളി താരം സച്ചിന് ബേബിക്ക് ടീമിനെ ജയത്തിലെത്തിക്കാനുമായില്ല. മധ്യ ഓവറുകളില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞതാണ് ഹൈദരാബാദിന് തുണയായത്. പുറത്താകാതെ 39 റണ്‍സെടുക്കുകയും രണ്ടു വിക്കറ്റും വീഴ്ത്തുകയും ചെയ്ത ബെന്‍ കട്ടിങ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: