കൊല്ലം: കോടതി സമുച്ചയം കൊല്ലം കളക്‌ട്രേറ്റ് കെട്ടിടത്തില്‍ നിന്ന് മാറ്റാനുള്ള തീരുമാനത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തത് ജില്ലാഭരണകൂടാത്തെ വെട്ടിലാക്കുന്നു. കൊല്ലം കളക്‌ട്രേറ്റ് പരിസരത്ത് നിന്ന് ഇപ്പോള്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് നില്‍ക്കുന്ന സ്ഥലവും ആശ്രാമം ലിങ്ക് റോഡിന്റെ സമീപത്തുള്ള സ്ഥലവുമാണ് നിലവില്‍ കോടതിസമുച്ചയം മാറ്റി സ്ഥാപിക്കാന്‍ കണ്ടിട്ടുള്ളത്. കോടതിസമുച്ചയം ഇപ്പോള്‍ നിലനില്‍ക്കുന്ന കളകട്രേറ്റ് പരിസരത്ത് നിന്ന് മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതില്‍ കൂടുതലും. യുവഅഭിഭാഷകര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ക്കും മാറണം എന്ന് തന്നെയാണ് ആഗ്രഹവും.
ഈ രണ്ട് സ്ഥലങ്ങളില്‍ ഏത് പരിഗണിക്കണമെന്ന കാര്യത്തിലാണ് നിലവില്‍ അഭിപ്രായ വ്യത്യാസം വന്നിരിക്കുന്നത്. കോടതി സ്ഥിതിചെയ്യുന്ന ഇപ്പോഴത്തെ കെട്ടിടങ്ങളില്‍ സ്ഥല സൗകര്യങ്ങള്‍ കുറവാണ്. ദിനംപ്രതി നൂറുകണക്കിനുകേസുകളാണ് പുതിയതായി എത്തുന്നത്. പഴയ ഫയലുകള്‍ ആവശ്യാനുസരണം സൂക്ഷിക്കുവാനുള്ള സൗകര്യങ്ങള്‍ കോടതികള്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ക്കില്ല. പഴയ ഫയലുകള്‍ സ്ഥലമില്ലാത്തതിനാല്‍ ചാക്കുകളിലാക്കി പുറത്തെ വരാന്തയിലിട്ടിരിക്കുകയാണ്. കൂടാതെ കലക്‌ട്രേറ്റില്‍ അടിക്കടിയുണ്ടാകുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ ് ഉപരോധവും സമരവും കോടതിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുമുണ്ട്.
വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യവും വലിയ പ്രശ്‌നം തന്നെയാണ്. കളക്‌ട്രേറ്റില്‍ ആവശ്യത്തിനും കോടതിയില്‍ കേസിനു വരുന്നവരുടെയും വാഹനങ്ങളുടെ നീണ്ട നിര കാരണം കാല്‍നടയാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ടാണ്.
പ്രതികളുമായി എത്തുന്ന പോലീസ് വാഹനങ്ങളും ബുദ്ധിമുട്ടുന്നത് കളക്‌ട്രേറ്റ് പരിസരത്തെ സ്ഥിരം കാഴ്ചയാണ്. കൊടുംകുറ്റവാളികളെ കോടതിയില്‍ കൊണ്ടുവരുമ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടാകുന്നുണ്ടെന്ന് പോലീസ് അധികാരികള്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മൂലമാണ് കോടതി കളക്‌ട്രേറ്റ് കെട്ടിടത്തില്‍ നിന്ന് മാറ്റണമെന്ന തീരുമാനത്തിലെത്തിയത്. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോടതി സമുച്ചയം എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നാണ് അഭിഭാഷകരുടെ അഭിപ്രായം. വക്കീലോഫീസുകള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നതും വീടുകള്‍സ്ഥിതിചെയ്യുന്നതും കളക്‌ട്രേറ്റ് പരിസരങ്ങളില്‍ തന്നെയാണ് എന്നതാണ് ഇത്തരമൊരു ആവശ്യമുന്നയിക്കാന്‍ അഭിഭാഷകരെ പ്രേരിപ്പിക്കുന്നത്. കോടതിസമുച്ചയം എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറുകയാണെങ്കിലും ഇവരെ ഈ പ്രശ്‌നം കാര്യമായി ബാധിക്കില്ല. എന്നാല്‍ ആശ്രാമം ലിങ്ക് റോഡിലേക്ക് മാറുകയാണെങ്കില്‍ ഇവിടുത്തെ ഓഫീസുകള്‍ മുഴുവന്‍ മാറ്റേണ്ടതായി വരുമെന്നത് വക്കീലന്മാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരെ മറ്റു ക്വാര്‍ട്ടേഴ്‌സുകളില്‍ സ്ഥലമുള്ള ഭാഗത്ത് ഫഌറ്റ് കെട്ടി താമസിപ്പിക്കാനും ജില്ലാഭരണ കൂടവും വിവിധ വകുപ്പുകളും ആലോചിക്കുന്നുണ്ട്.
















