മീനങ്ങാടി : പൂതാടി മൂന്നാനക്കുഴി യാക്കാലികവലയില് പൂട്ടിയിട്ട വീട് കത്തി നശിച്ചു. ഒന്നരമാസം മുമ്പ് ആത്മഹത്യ ചെയ്ത ളാപ്പള്ളിയില് ബിജുവിന്റെ അയല്‍വാസിയായ പുത്തന്‍പുരയില്‍ മേരി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ശനി രാത്രി പതിനൊന്നരയ്ക്കാണ് മേരിയുടെ വീട് കത്തുന്ന വിവരം കേണിച്ചിറ പൊലീസിനെ അയല്‍വാസി അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയുമായിരുന്നു. ഓടിട്ട വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളും അഗ്നിക്കിരയായി. സമീപത്തെ തെങ്ങുകളും ചൂടേറ്റ് വാടി. കേണിച്ചിറ എസ്ഐ എന്‍എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെയും സ്ഥലത്തെത്തി പരിശോധന നടത്തി. മേരിയുടെ മകള്‍ ബേബി നല്കിയ പരാതി പ്രകാരം കേണിച്ചിറ പൊലീസ് കേസെടുത്തു. കത്തി നശിച്ച വീട്ടിലെത്തി പൊലീസിന്റെ സയന്റിഫിക് സംഘം പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം പുറത്ത് വന്നാലേ നിജസ്ഥിതി വ്യക്തമാകൂ. സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ പൊലീസ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ളാപ്പള്ളിയില് ബിജുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവരാണ് മേരിയുടെ കുടുംബം. ബിജുവിന്റെ ആത്മഹത്യയില്പങ്കുണ്ടെന്ന ആരോപണം വന്നതോടെ മേരി ഇവിടുന്ന് താമസം മാറ്റിയിരുന്നു. ഇതിനിടയിലാണ് വീട് കത്തിനശിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് ബിജുമോനെ മാനന്തവാടിയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: