കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥിയും ജനതാദള്‍-യു (ജെ.ഡി.യു.) നേതാവുമായ എം.വി. ശ്രേയാംസ്കുമാറിന്റെ പരാജയത്തിനു പ്രധാന കാരണം പ്രവാചക നിന്ദ തന്നെയാണെന്ന വാദത്തിലൂന്നി ഡി.സി.സി. യോഗം. ഡി.സി.സി. ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിലെ പ്രകടനവും യോഗം വിലയിരുത്തി. പരാജയത്തില്‍ കോണ്‍ഗ്രസിനു പങ്കില്ലെന്ന നിലപാടിലാണ് ഡി.സി.സി. യോഗം എത്തിയത്.
പ്രവാചക നിന്ദ വിഷയം ആളിക്കത്തിയിട്ടും പത്രസമ്മേളനം വിളിച്ച് പരസ്യ മാപ്പുപറയാന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി തയാറാകാതിരുന്നത് ന്യുനപക്ഷവോട്ടുകള്‍ ചോരാന്‍ കാരണമായിയെന്നാണ് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്. ഇതുകൂടാതെ കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക്, കുന്നമ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ ജെ.ഡി.യു. സി.പി.എമ്മുമായി കൂട്ടുചേര്‍ന്ന് മത്സരിച്ചതും എല്‍.ഡി.എഫിലേക്ക് പോകാന്‍ മുമ്പ് ശ്രമം നടത്തിയതും നേതാക്കള്‍ പരാമര്‍ശിച്ചു.
കോണ്‍ഗ്രസും ജെ.ഡി.യുവും തമ്മില്‍ ഏതാനും വിഷയങ്ങളില്‍ ഉണ്ടായിരുന്ന അഭിപ്രായഭിന്നതയും ചില നേതാക്കള്‍ പരോക്ഷമായി സൂചിപ്പിച്ചു. ഘടകകക്ഷികള്‍ക്ക് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കണം, തുരുമ്പിച്ച കോണ്‍ഗ്രസ് നേതൃത്വം തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരു കോണ്‍ഗ്രസ് നേതാവ് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയതും ചര്‍ച്ചാ വിഷയമായി. തോട്ടം തൊഴിലാളി കൂടി വിഷയത്തില്‍ സി.ഐ.ടി.യു. നടത്തിയ സമരം പാളിയെന്നും അതിന്റെ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്നുമായിരുന്നു യു.ഡി.എഫ്. കണക്കുകൂട്ടിയിരുന്നത്. ഈ വിലയിരുത്തല്‍ തെറ്റായിപ്പോയിയെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തോട്ടം തൊഴിലാളി വോട്ടുകള്‍ എല്‍.ഡി.എഫിനാണ് വീണത്. തോട്ടം മേഖലയില്‍ യു.ഡി.എഫ്. വേണ്ടത്ര ഇടപെടലുകള്‍ നടത്താത്തതും പരാജയ കാരണമായി വിലയിരുത്തപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: