ഗൂഡല്ലൂര്‍: നടുറോഡില്‍ കാട്ടാനകളുടെ കയ്യാങ്കളി കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായി. ഗൂഡല്ലൂര്‍-വൈത്തിരി അന്തര്‍സംസ്ഥാന പാതയിലെ ഏലിയാസ്കടക്ക് സമീപമാണ് ആനകള്‍ പോര്‍വിളിച്ചത്. റോഡിലൂടെ നടന്ന് നീങ്ങുകയായിരുന്ന കാട്ടാനക്കൂട്ടത്തിലേക്ക് ഒരു മോഴയാനയെത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സമീപത്തെ കാട്ടില്‍ നിന്ന് ആനക്കൂട്ടത്തിലേക്ക് ഇറങ്ങിയ മോഴയാനയെ കാട്ടാനക്കൂട്ടം കണക്കിന് പെരുമാറി. ഏതാണ്ട് 20 മിനിറ്റലധികം കാട്ടാനക്കൂട്ടവും മോഴയാനയും തമ്മിലുള്ള സംഘര്‍ഷം നീണ്ടുനിന്നു. സംഭവമറിഞ്ഞ് ചേരമ്പാടിയില്‍ നിന്നും ഫോറസ്റ്റ് റെയിഞ്ചര്‍ ഗണേഷന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമെത്തിയാണ് ആനകളെ തുരത്തിയത്.
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മോഴയാനയുടെ തുമ്പിക്കൈക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. ശരീരത്തിലെ മറ്റിടങ്ങളിലും മുറിവേറ്റിട്ടുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. പടക്കം പൊട്ടിച്ചാണ് വനപാലകര്‍ ആനകളെ തുരത്തിയത്. ആനകളുടെ സംഘട്ടനത്തിന് സാക്ഷിയായി റോഡിന്റെ ഇരുവശവും നിരവധി വാഹനങ്ങളുണ്ടായിരുന്നു. ശ്വാസമടക്കിപ്പിടിച്ചാണ് ആ ഇരുപത് മിനിറ്റ് വാഹനത്തിനുള്ളില്‍ ഇരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പന്തല്ലൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടം ഭീതിപരത്തുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. കൊളപ്പള്ളി, മേങ്കോറഞ്ച്. ഏലിയാസ്കട, ഏലമണ്ണ, ചേരമ്പാടി, അയ്യംകൊല്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനക്കൂട്ടം ഭീതിപരത്തി വിലസുന്നത്. നാട്ടുകാര്‍ ഭീതിയോടെയാണ് ഇവിടങ്ങളില്‍ ഇപ്പോള്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: