തിരുവല്ല: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ വന്‍ തോതില്‍ നടത്തിയ മാലിന്യ നിക്ഷേപം മൂലം അപകട പരമ്പര. മാലിന്യത്തിന്റെ വഴുക്കലില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുപ്പതോളം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. തുടര്‍ന്ന് റോഡിന്റെ ഇരുപത് മീറ്റര്‍ ദൂരത്തില്‍ പരന്നുകിടന്ന മാലിന്യം ഫയര്‍ഫോഴ്സ് സംഘമെത്തി നീക്കം ചെയ്തു. ചക്കുളത്തുകാവ് ഭാഗത്ത് നീരേറ്റുപറം പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഇരുപത് മീറ്ററോളം ദൂരത്തില്‍ നടത്തിയ മാലിന്യ നിക്ഷേപമാണ് ഇന്നലെ തകഴിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം കഴുകി വൃത്തിയാക്കിയത്. റോഡിലാകെ പരന്നുകിടന്ന മാലിന്യത്തിന് മുകളിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങിയതോടെ ചക്രങ്ങളില്‍ പറ്റിപ്പിടിച്ച മാലിന്യം പാലത്തിന്റെ ഇരുകരകളിലുമുളള റോഡുകളില്‍ വ്യാപിച്ചു. പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ജനപ്രതിനിധികളെ വിവരം അറിയിക്കുകയായിരുന്നു. കക്കൂസ് മാലിന്യമാണെന്ന് സംശയിക്കുന്നയായി അധികൃതര്‍ അറിയിച്ചു. ജനപ്രതിനിധികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാവിലെ എട്ടരയോടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം റോഡ് കഴുകി വൃത്തിയാക്കിയ ശേഷം ക്ലോറിനേഷന് നടത്തി. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, വാര്‍ഡ് മെമ്പര്‍ന്മാരായ അജിത് കുമാര്‍ പിഷാരത്ത്, ബാബു വലിയവീടന്‍, ലാലി അലക്സ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കക്കൂസ് മാലിന്യം അടക്കമുളളവ നീക്കം ചെയ്യുന്ന സംഘത്തില്‍പെട്ട ആലപ്പുഴ, ഏറണാകുളം ജില്ലകളില്‍ നിന്നും എത്തിയവരാണ് മാലിന്യനിക്ഷേപം നടത്തിയതെന്നാണ് അനുമാനിക്കപ്പെടുന്നത്. കക്കൂസ് മാലിന്യം തളളാനെത്തിയ ചേര്‍ത്തല സ്വദേശിയുടെ ഉടമസ്ഥതയിലുളള ടാങ്കര്‍ ലോറി കഴിഞ്ഞ വെളളിയാഴ്ച്ച പുലര്‍ച്ചെ നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു. ഫ്ളാറ്റുകള്‍ ഏറെയുളള തിരുവല്ലയില്‍ അന്യ ജില്ലകളില്‍ നിന്നുളള ഇത്തരം നിരവധി സംഘങ്ങള്‍ സജീവമാണെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: