സീതാദേവിയെ വീണ്ടെടുക്കാനുള്ള യുദ്ധത്തില്‍ ഇന്ദ്രജിത്തിന്റെ നാഗബാണമേറ്റ് രാമലക്ഷ്മണന്മാര്‍ മോഹാലസ്യപ്പെട്ടു വീണു.
തങ്ങളുടെ സ്വാമിമാര്‍ നിലംപതിച്ചതുകണ്ട് സുഗ്രീവനും വാനരന്മാരും പരിഭ്രാന്തരായി. രാമ-ലക്ഷ്ണന്മാര്‍ മരിച്ചുപോകുമെന്നു കണ്ട് വാനരന്മാര്‍ വിലപിക്കാന്‍ തുടങ്ങി.
എന്നാല്‍ നാഗബാണം ജീവനപഹരിക്കില്ല എന്നറിയാമായിരുന്ന വിഭീഷണന്‍ സുഗ്രീവനെ സാന്ത്വനിപ്പിച്ചുകൊണ്ട് പറഞ്ഞു:
‘താങ്കളും ഞാനും ഈ യുദ്ധത്തില്‍ ധര്‍മത്തിന്റെ പക്ഷത്താണ് നില്‍ക്കുന്നത്. അപ്പോള്‍ നാമെങ്ങിനെയാണ് പരാജയപ്പെടുക? രാമ-ലക്ഷ്മണന്മാരെക്കുറിച്ചുള്ള ആകാംക്ഷയാണ് അങ്ങയുടെ ഈ ദുഃഖത്തിനു കാരണം. അതിസ്‌നേഹം അപകടമാണ്. വേണ്ട സമയത്ത് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനു പകരം കരഞ്ഞുവിളിച്ചാല്‍ ഒന്നും ചെയ്യാനാവില്ല.’
വിഭീഷണന്റെ പ്രചോദനാത്മകമായ വാക്കുകള്‍ സുഗ്രീവനേയും സൈന്യത്തേയും ഊര്‍ജ്വസ്വലരാക്കി മാറ്റി.
രാക്ഷസകുലത്തിലാണ് പിറന്നതെങ്കിലും വിഭീഷണന്റെ വാക്കുകള്‍ മഹത്വത്തിന്റെ ലക്ഷണമായി സുഗ്രീവന്‍ കരുതി.
(തുടരും)
















