കബനിപ്പുഴയിലെ കുറുവാ ദ്വീപുകളും വയനാടന്‍ മലമടക്കുകളിലെ ചിരപുരാതനമായ ജനവാസ കേന്ദ്രങ്ങളില്‍ ഒന്നും വേടരാജവാഴ്ചയുടെ ചരിത്രശേഷിപ്പുകളാല്‍ സമ്പന്നവുമാണ് കബനിക്കരയിലെ പാക്കംകോട്ട.
പുതിയകാലത്തെ പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കുറുവാദ്വീപുസമൂഹത്തിന്റെ വിളിപ്പാടകലെയാണ് കൊടുംവനത്തിനുളളിലെ പാക്കം കോട്ട. പൗരാണിക കോട്ടകൊത്തളങ്ങളെക്കുറിച്ചുളള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്ന പുരാതന വയനാടന്‍ കോട്ടകളില്‍ ഒന്നാണ് പാക്കത്തേത്. കരിങ്കല്ലുകള്‍ക്കും ചുടുകട്ടകള്‍ക്കും പകരം മണ്‍തിട്ടകള്‍ ഉയര്‍ത്തി രൂപപ്പെടുത്തിയതാണ് ഈ കോട്ട. മനുഷ്യ നിര്‍മ്മിതിയേക്കാള്‍ പ്രകൃതിയുടെ സംഭാവനയാണിത്.
പ്രൗഢഗംഭീരമായ വെണ്ണക്കല്‍ നിര്‍മ്മിതിയുടെ അവശിഷ്ടങ്ങളും ഇവിടെ ചിന്നിചിതറിക്കിടക്കുന്നത് കാണാം. ആ കോട്ടയുടെ ഭാഗമായുണ്ടായിരുന്ന ക്ഷേത്രങ്ങളുടെ സ്ഥാനത്ത് ടിന് ഷീറ്റുകള്‍ കൊണ്ട് മറച്ചതും മേഞ്ഞതുമായ ചെറുക്ഷേത്രങ്ങളുടെ സമുച്ചയമാണ് ഇന്നുളളത്. പൂതാടി ആസ്ഥാനമായി പുരാതന വയനാട്ടില്‍ നിലനിന്ന വേട രാജ്യത്തിന്റെ ഭാഗമാണ് പാക്കം-വേലിയമ്പം കോട്ടകളെന്നും വേടന്മാരുടെ പിന്മുറക്കാരായ കുറുമ്മരുടെ വാമൊഴികള്‍ ഓര്‍മ്മപ്പെടുത്തുന്നു. വയനാട്ടിലെ മിക്ക വനവാസി വിഭാഗങ്ങളുടേയും ആരാധനാ മൂര്‍ത്തികളാണ് പാക്കം ദൈവവും പൂതാടി ദൈവവും എന്നതും ശ്രദ്ധേയമാണ്. ഗോത്ര കാലഘട്ടത്തിന്റെയും നായാടി ജീവിത ശൈലികളുടേയും ഓര്‍മ്മപുതുക്കലുമാണ് ഇവരുടെ അനുഷ്ഠാനങ്ങളില്‍ ഏറെയും.
കോട്ടയുടെ വിളിപ്പാടകലെയുളള പ്രസിദ്ധമായ കുറുവാദ്വീപുകള്ക്കും കുറുമ്മരുമായി ബന്ധപ്പെട്ട പഴമകളേറെ പറയാനുണ്ട്. പാല് വെളിച്ചം ഭാഗത്തു കൂടി ഒഴുകിയിരുന്ന കുറുവയെ പാക്കം വഴി തിരിച്ചുവിട്ടതും ദ്വീപു സമൂഹം സൃഷ്ടിച്ചതും പാക്കം ദൈവമാണെന്നാണ് കുറുമ്മരുടെ വിശ്വാസം. പാല്‍വെളിച്ചം പ്രദേശത്തിന്റെ അധിപനായിരുന്ന പടമല തമ്പുരാനോട് പാക്കം ദൈവം ദാഹജലത്തിന് യാജിച്ചുവെന്നും പടമല തമ്പുരാന് അത് നിഷേധിച്ചുവെന്നുമാണ് കഥ.
ആ സമയം കബനിക്കരയില്‍ മുട്ടുകുത്തി നിന്ന് കമിഴ്ന്ന് പാക്കം ദൈവം കബനിയില്‍ നിന്നും വെള്ളം കുടിച്ചുവെന്നും ജലപാനത്തിന് ഇടയില്‍ പാക്കം ദൈവം തന്റെ ദീക്ഷ പുഴയിലൂടെ വലിച്ചപ്പോഴാണ് കുറുവാ ദ്വീപ് സമൂഹം രൂപപ്പെട്ടതെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇതേത്തുടര്‍ന്ന് പാക്കം ദൈവവും പടമല തമ്പുരാനും തമ്മില്‍ ഘോരയുദ്ധം നടന്നതായും പഴമക്കാര്‍ പറയുന്നു. പാക്കത്തെ കോട്ടക്ക് പതിനെട്ട് ചീളെന്ന കുറുമ്മരുടെ വട്ടക്കളിപാട്ടുകളിലെ പരാമര്‍ശം ഇതിനെ സാധൂകരിക്കുന്നതാണ്.
മലമുകളിലെ പാക്കം കോട്ടയില്‍ നിന്ന് എത്തുന്ന നീര്ച്ചാല് കബനിയില്‍ സംഗമിക്കുന്ന കടവിലും അതിന്റെ മറുകരയിലും കാണുന്ന വന്‍ ഉരുളന്‍ പാറകള്‍ ഇരുദേവന്‍മാരും ഉപയോഗിച്ച ആയുധങ്ങളാണെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇന്നും ദക്ഷിണേന്ത്യന്‍ നദീജല രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ കാവേരിയിലാണ് കബനിയും സംഗമിക്കുന്നത് എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.
പാക്കം പ്രദേശത്തെ കുറുമ്മര്‍ തുലാം പത്തിന് നടത്തുന്ന ഉച്ചാല് ആഘോഷവുമായി ബന്ധപ്പെട്ട ചില അനുഷ്ഠാനങ്ങളുടേയും രംഗവേദി കബനിയുടെ തീരമാണ്. ഇവര്‍ക്കിടയിലെ ബാലികമാരുടെ തലമൂണ്ഡനം ചെയ്യുന്നതും ഒരനുഷ്ഠാനമെന്ന നിലയില്‍ കുറുവയുടെ തീരത്താണ്. കര്‍ക്കിടക പതിനാല് അഥവാ ആടി പതിനാലും ഇവരുടെ വിശേഷ ദിവസമാണ്. വനവാസം കഴിഞ്ഞ് ശ്രീരാമദേവന് അയോദ്ധ്യയില്‍ തിരിച്ചെത്തിയതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. ഈ ആഘോഷത്തിന്റെ ഭാഗമായി തലേദിവസം കബനിയില്‍ നടത്തുന്ന മല്‍സ്യ ബന്ധനവും മറ്റൊരു അനുഷ്ഠാനമാണ്.
ഈ ദിവസമാണ് ഇവരുടെ വാര്‍ഷിക പിതൃപൂജയും മരണപ്പെട്ട ആളുടെ ഏറ്റവും മൂത്തമകള്‍ കര്‍ക്കിടക പതിമൂന്നിന് മീന്‍ കൂടയുമായി കബനിയില്‍ നിന്ന് പിടിച്ചുകൊണ്ടുവരുന്ന മീന്‍കറി വെച്ച് പിതൃക്കള്‍ക്ക് സമര്‍പ്പിച്ചാണ് പിതൃപൂജ സമാപിക്കുന്നത്. ഈ ആവശ്യത്തിന് മീന്‍ പിടിക്കാനിറങ്ങുന്നവര്‍ക്ക് മീന്‍ ലഭിച്ചില്ലെങ്കില്‍ പരേതന്റെ ആത്മാവ് കോപിച്ചിരിക്കുകയാണെന്നാണ് ഇവരുടെ വിശ്വാസം.
കുറുവാദ്വീപു സമൂഹം രൂപപ്പെടുത്തിയ വിശ്വാസങ്ങളും പ്രപഞ്ച വീക്ഷണങ്ങളും ഇന്നും ഇവര്‍ക്കിടയില്‍ പ്രബലമാണ്. ചെറിയാമല,തിരുമുഖം,ഇല്ലിയമ്പം എന്നീ കുറുമ്മ കുടികളാണ് പാക്കം കോട്ടയുടെ പിന്മുറക്കാരും സ്ഥാനീയരും. കോട്ടയിലെ ഇന്നത്തെ ക്ഷേത്ര സമുച്ചയത്തിന്റെ ദയനീയത തന്നെ ഈ വനവാസി സമൂഹത്തിന്റെ അവസ്ഥ എന്താണെന്ന് വിളിച്ചോതുന്നുണ്ട്. പുരാതനമായ ആ പ്രൗഢി കാലത്തിന്റെ ഓര്‍മ്മയില്‍ കാലം കഴിക്കുകയാണ് ഇവരും ഇവരുടെ മൂര്‍ത്തികളും
സൗത്തുവയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെതലയം റെയ്ഞ്ചില്‍പ്പെട്ട വനമേഖലയുടെ ഭാഗമാണ് കുറുവാദ്വീപും പാക്കം കോട്ടയും. കബനി പിറക്കുന്ന കൂടല്ക്കടവു മുതല്‍ വെട്ടത്തൂര്‍ വരെയുളള 360 ഹെക്ടര്‍ വനഭൂമിയാണ് കുറുവാദ്വീപു സമൂഹത്തിന്റെ ഭൂപരിധി. ഇതില്‍ വെറു 20 ഹെക്ടര്‍ മാത്രമാണ് വിനോദ സഞ്ചാര പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നത്. കുറുമ്മരുടെ പഴംപാട്ടുകളില്‍ കുറുവാദ്വീപിന് പതിനെട്ട് ചാലുകളാണ് ഉളളത്.
എന്നാല്‍ ഇന്ന് 68 ചാലുകളാണ് കുറുവാദ്വീപിനുളളത്.കേരള വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള ഏക ദ്വീപുസമൂഹവും കുറുവയാണ്. കുറുവാ വനം സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലാണ് ദ്വീപിലെ വിനോദ സഞ്ചാര വ്യവസായം. 2003-04 വര്‍ഷം മുതലാണ് സന്ദര്‍ശകരില്‍ നിന്ന് ഫീസ് ഈടാക്കികൊണ്ട് ഇത് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. അമൂല്യങ്ങളായ ഔഷധ സസ്യങ്ങളുടെയും അപൂര്‍വ്വങ്ങളായ ജീവജാലങ്ങളുടെയും താവളമായിരുന്ന ഈ ദ്വീപ് സമൂഹത്തില്‍ മനുഷ്യരുടെ ഇടപെടല്‍ വര്‍ദ്ധിച്ചതോടെ എല്ലാ തനിമകളും അന്യമാകുകയാണ്.
2010-11 വര്‍ഷം 177765 ആളുകളാണ് ഇവിടെ സന്ദര്‍ശകരായി എത്തിയത്. 3613860 രൂപയായിരുന്നു ആ വര്‍ഷത്തെ വരുമാനം. 2015-16 സാമ്പത്തിക വര്‍ഷം യഥാക്രമം 3,29,967 ലക്ഷം സന്ദര്‍ശകരും 1,93,70688 കോടി രൂപ വരുമാനവുമായി ഉയര്‍ന്നിട്ടുണ്ട്. വയനാട്ടിലെ ഏറ്റവും പ്രധാനമായ വിനോദസഞ്ചാര കേന്ദ്രമാണിതെങ്കിലും ഇതിന്റെ ഗുണം വനവാസികളുടെ പേരില്‍ മറ്റു പലരുമാണ് അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: