നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. ജാനുവിന് 28,000 ത്തോളം വോട്ടുകള്‍ ലഭിച്ചു. ഇത് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ എതിര്‍ത്തുകൊണ്ടു കിട്ടിയ വോട്ടാണ്. വയനാട്ടിലെ ആ മണ്ഡലത്തിലെ ഗോത്രവര്ഗങ്ങളില്പ്പെട്ടവരുടെ വോട്ടുകളായിരിക്കും അവയില്‍ ഭൂരിഭാഗവും. 2011 ല്‍ അവിടെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് 8800 ലധികം വോട്ടുകളാണ് നേടാന്‍ സാധിച്ചത്. പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ട ബത്തേരിയില്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനതാസ്ഥാനാര്ത്ഥിയായി മത്സരിച്ച ജനസംഘ സ്ഥാനാര്‍ത്ഥി നെടിയഞ്ചേരി വാസുവിന് കിട്ടിയതിനേക്കാള്‍ വോട്ടുകള്‍ സി.കെ. ജാനുവിന്റെ പെട്ടിയില്‍ വീണു.
അന്ന് കോണ്‍ഗ്രസിനെതിരായി അടിയന്തരാവസ്ഥയെ എതിര്‍ത്ത എല്ലാ ശക്തികളും ഒന്നായിട്ടാണ് മത്സരിച്ചത്. അന്നത്തെ മറ്റൊരവസ്ഥകൂടി പരിഗണിക്കേണ്ടതുണ്ട്. അന്ന് ജനസംഘത്തിന് മത്സരിക്കാന്‍ ലഭിച്ചത് മൂന്ന് മണ്ഡലങ്ങള്‍ മാത്രമായിരുന്നു. ഉദുമ, ബത്തേരി, വണ്ടൂര്‍. അവയില്‍ ഉദുമ മാത്രമായിരുന്നു പൊതുമണ്ഡലം.
ബത്തേരി പട്ടിക വര്‍ഗത്തിനും വണ്ടൂര്‍ പട്ടികജാതിക്കും സംവരണം ചെയ്യപ്പെട്ടവ. ഒ. രാജഗോപാലിനുവേണ്ടി പാലക്കാട് മണ്ഡലത്തിനായി സീറ്റുചര്‍ച്ചകളില്‍ ജനസംഘത്തെ പ്രതിനിധീകരിച്ചു കെ.രാമന്‍പിള്ള അതിശക്തിയായി വാദിച്ചെങ്കിലും മാര്‍ക്സിസ്റ്റ് നേതാക്കളുടെ പിടിവാശിമൂലം അതുസാധിച്ചില്ല.
ഒരു സീറ്റിലും മത്സരിക്കാതെ ജനതാസഖ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും, ചര്‍ച്ചകളില്‍ നിന്നുപിന്മാറണമെന്നും വരെ രാമന്‍പിള്ള ചിന്തിച്ചുവെങ്കിലും ജനതാസഖ്യത്തിന്റെ ഭദ്രതയ്ക്കുവേണ്ടി എന്തുത്യാഗവും സഹിക്കണമെന്ന സ്വര്‍ഗീയ ഭാസ്കര്‍ റാവുവിന്റെ(അന്നത്തെ പ്രാന്തപ്രചാരകന്) ഉപദേശം സ്വീകരിച്ച് സഖ്യത്തില്‍ തുടരുകയാണുണ്ടായത്. കെ.ജി. മാരാര്‍ ഉദുമയിലും നെടിയഞ്ചേരി വാസു ബത്തേരിയിലും കെ.ഗോപാലന് വണ്ടൂരിലും മത്സരിച്ചു. (ആര്‍ക്കായിരുന്നു അസഹിഷ്ണുതയെന്ന് അന്നുതന്നെ വ്യക്തം)
വയനാട്ടില്‍ ജനസംഘം മുന്‍കൈയെടുത്ത് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ ശക്തവും വ്യാപകവുമായ പ്രവര്‍ത്തനം അപ്പോഴേക്കും മറ്റുകക്ഷികളുടെയെല്ലാം അസൂയയ്ക്ക് കാരണമായിരുന്നു. ആ പ്രവര്‍ത്തനങ്ങളാണ് ഗോത്രവര്‍ഗങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന ഭീഷണികളും ദുരിതങ്ങളും സംസ്ഥാനവ്യാപകമായി ശ്രദ്ധയില്‍പ്പെടാന്‍ ഇടയാക്കിയത്. 1969 ലാണ് ആ വിഭാഗങ്ങളുടെതായ വയനാട് ആദിവാസി സംഘം ആരംഭിച്ചതെങ്കിലും അതിനുമുമ്പുതന്നെ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറായിരുന്ന വേളി കൃഷ്ണന്, വനംവകുപ്പിലെ പി.ടി. വിജയന് തുടങ്ങിയവര്‍ മുന്‍കൈയെടുത്ത് ആദിവാസി മൂപ്പന്മാരെ വിളിച്ചുചേര്‍ത്ത് ആദിവാസി സ്വയംസേവക സംഘമെന്ന പേരില്‍ ഒരു പ്രസ്ഥാനമാരംഭിക്കുകയും പലതരം സമരാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
പരേതനായ കെ.പെരച്ചന് വയനാട്ടില്‍ സംഘപ്രചാരകനായിരുന്ന കാലത്ത് വനവാസി വിഭാഗങ്ങളില്‍പെട്ടവര്‍ സംഘശാഖകളില്‍ വരികയും വിശാലഹിന്ദുസമൂഹത്തില് തുല്യമായ അവകാശങ്ങള്‍ക്ക് തങ്ങളും അധികാരികളാണെന്ന ബോധം അവരില്‍ ക്രമേണ ഉണരുകയും ചെയ്തു.
1967 ല്‍ ജനസംഘം സംഘടനാ കാര്യദര്‍ശിയായിരുന്ന പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ വനവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠനം നടത്തി, വന്‍തോതിലുള്ള കയ്യേറ്റങ്ങളും ജന്മിമാര് അവര്‍ക്ക് നല്കുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രോത്സാഹനവും സര്‍ക്കാരിന്റെ കണ്ണടച്ച് ഇരുട്ടാക്കല്‍ നയവും വനവാസി സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുമെന്ന ഭീഷണിയെ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പ്രസിദ്ധം ചെയ്തു.
കൈയേറ്റക്കാരെ കൂടി ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകള്‍ വഴി പ്രശ്നപരിഹാരം തേടണമെന്നായിരുന്നു ഇഎംഎസ് നേതൃത്വം നല്കിയ സപ്തകക്ഷി സര്‍ക്കാരിന്റെ നയം. സര്‍ക്കാര്‍ വനങ്ങളെയും ഗിരിജന ഊരുകളുള്ള റവന്യൂ ഭൂമിയും വനങ്ങളുമൊക്കെ കൈയേറ്റക്കാര്‍ പിടിച്ചടക്കുമെന്നും റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടുന്നുണ്ട്. 1961 നുശേഷമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, ദേവസ്വം വനങ്ങള്‍ സംരക്ഷിക്കുക, വയനാടിന്റെ യഥാര്‍ത്ഥ ഉടമകളായ വനവാസികളുടെ താല്പര്യം സംരക്ഷിക്കാന്‍ അവര്‍ക്ക് സ്വന്തമായി, പര്യാപ്തമായ ഭൂമി പതിച്ചുനല്കുക എന്നിവയായിരുന്നു പരമേശ്വര്‍ജി നേതൃത്വം വഹിച്ച സമിതി നല്കിയ നിര്‍ദ്ദേശങ്ങള്‍.
ആദിവാസികളുടെ പ്രശ്നങ്ങള്‍ക്കായി പ്രവര്‍ത്തിച്ച സി.എ. കുഞ്ഞിരാമന് നായര്‍ ആ കാരണം കൊണ്ടുതന്നെ കുടുംബത്തില്‍ ഊരുവിലക്കെട്ടപ്പ്, സമരം ജീവിതമാക്കി വീണേടം വിഷ്ണുലോകമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു. വടക്കെ വയനാട്ടിലെ മാനിക്കേനി കേളുപ്പിട്ടന്റെ സ്ഥലം പള്ളിയാലില്‍ ഹാജി കൈവശപ്പെടുത്തിയതിനെ സോഷ്യലിസ്റ്റ് നേതാവ് വിരേന്ദ്രകുമാര്‍ പോലും സഹായിച്ചപ്പോള്‍ കുഞ്ഞിരാമന് നായര്‍ ജനസംഘം നേതാവ് കെജി. മാരാരെ സമീപിക്കുകയും 1969 ല്‍ വയനാട് ആദിവാസി സംഘം രൂപീകരിക്കുകയും ചെയ്തു.
അതിനുശേഷം വയനാട്ടിലാകെ ആദിവാസി വിഭാഗങ്ങളുടെ ഏതുപ്രശ്നത്തേയും ഏറ്റെടുത്ത് സമരോന്മുഖവും അല്ലാത്തതുമായ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരശ്രമങ്ങള്‍ നടത്തി. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നക്സല്‍ പ്രസ്ഥാനത്തിന്റെ സ്വാധീനം പോലും അവരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് വളരാത്തതിന്റെ കാരണം ആദിവാസി സംഘത്തിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.
വനവാസി വിഭാഗങ്ങള്‍ നേരിട്ട പ്രശ്നങ്ങള്‍ നേരിട്ടുപഠിക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനുമായി 101 പേരുടെ സംഘം എല്ലാ ആദിവാസി ഊരുകളിലും കാല്‍നടയായി സഞ്ചരിച്ച് ഇരുപതിനായിരത്തിലേറെപ്പേരുടെ ഒപ്പുകള്‍ ശേഖരിച്ചു. 100 പേര് രണ്ട് ബസുകളിലായി തിരുവനന്തപുരത്തു വകുപ്പ് മന്ത്രി വെള്ളഈച്ചരനെ കണ്ടു. ആദിവാസികള്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ പലതും ചെയ്തുവെന്നും കോടികള്‍ ചെലവാക്കിയെന്നും കൊട്ടിഘോഷിക്കുന്നുവെങ്കിലും അവരില്‍ ബഹുഭൂരിപക്ഷവും നിരക്ഷരരും അര്‍ധനഗ്നരും നഗ്നരും കിടപ്പാടമില്ലാത്തവരുമാണെന്നും സര്‍ക്കാര്‍ നിയയങ്ങള് ഇവരെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ജന്മഭോഗവും കൂട്ടുകുടുംബങ്ങള്‍ക്ക് തോട്ടനികുതിയും കാര്‍ഷികാദായ നികുതിയും മറ്റും നിര്‍ത്തല്‍ ചെയ്യണമെന്നും നിവേദനം ആവശ്യപ്പെട്ടു.
വയനാട്ടിലെ ആദിവാസി വിഭാഗങ്ങളെ ദക്ഷിണ കേരളത്തിലെ പൊതുസമൂഹങ്ങളുടെ മുന്നില്‍ ആദ്യമായി പരിചയപ്പെടുത്തിയത് അന്നായിരുന്നു. അതിന് മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞ് തിരുവനന്തപുരത്ത് സി.കെ. ജാനു മാസങ്ങള്‍ നീണ്ട നില്പുസമരം നടത്തി. ഇത് ആ വിഭാഗത്തിന്റെ അവസ്ഥ കാര്യമായി മെച്ചപ്പെട്ടില്ല എന്നുതെളിയിക്കുന്നു.
കാവുമ്മരും മുട്ടിന്കോല്പ്പാറക്കുന്ന്, ഇടിഞ്ഞികൊല്ലി തുടങ്ങിയ സ്ഥലങ്ങളില്‍ ആദിവാസി സംഘം നടത്തിയ സമരങ്ങളില്‍, ഹുസൈന് ഹാജി, കഠാരിമറിയം മുതലായ ഭീകരരായിരുന്നു എതിര്‍ഭാഗത്ത്. കുഞ്ഞിരാമന്നായര്ക്കെതിരെ കഠാരി ആക്രമണവുമുണ്ടായി. പഴയ സമരവീര്യം കെടാതെ നൂറ്റാണ്ട് പിറന്നാള്‍ സമീപിച്ച അദ്ദേഹം ഇന്നും ജീവിക്കുന്നു.
നിയമമാര്‍ഗങ്ങളിലൂടെ കൂട്ടുകുടുംബങ്ങള്‍ക്ക് ചുമത്തപ്പെട്ട ലെവി പ്രശ്നത്തില്‍ ഹൈക്കോടതി വിധി സമ്പാദിച്ചു. ആദിവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമാറ് വയനാട്ടിനെ ട്രൈബല്‍ ജില്ലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രചാരണം എല്ലാ ഊരുകളിലും നടത്തി.
1974 ല്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന ആദിവാസി മഹാസമ്മേളനത്തില്‍ മുഖ്യാതിഥി ജനസംഘാധ്യക്ഷന്‍ എല്‍.കെ. അദ്വാനിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വയനാട് ജില്ലയായെങ്കിലും ട്രൈബല്‍ ജില്ലയായില്ല.
അതിന്ന് കുടിയേറ്റക്കാരുടെ ജില്ലയാണ്. അവിടെ നടമാടുന്നത് കുടിയേറ്റക്കാരെ നയിച്ചുസംരക്ഷിക്കുന്ന ക്രിസ്ത്യന്‍ സഭകളാണ്. ആദിവാസികള്‍ ക്രമേണ ഭൂമിയില്‍ നിന്നും സ്വധര്‍മത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. 1975 ന് മുമ്പത്തെ കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് നിയമസഭ പാസാക്കിയ നിയമം ഇന്നും നടപ്പാക്കിയിട്ടില്ല.
അടിയന്തരാവസ്ഥയ്ക്കുശേഷം ആദിവാസി സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെ സ്ഥാനം സേവന-ധാര്‍മിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വനവാസി വികാസകേന്ദ്രത്തിലേക്ക് പകര്‍ന്നു.
ആ രംഗങ്ങളില്‍ അത്യന്തം മാതൃകാപരമായ വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനം നടന്നുവരുന്നു. പക്ഷെ മറ്റുരംഗങ്ങളില്‍ പഴയ ഊര്‍ജ്ജസ്വലതയില്ല എന്നുപറയണം.
സി.കെ. ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കിക്കൊണ്ട് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, പഴയ എഴുപതുകളിലെ മേഖലയിലേക്ക് വീണ്ടും കടന്നുചെല്ലാന്‍ വഴിയൊരുക്കിയെന്ന് വിചാരിക്കാം. ബത്തേരിയില്‍ ലഭിച്ച വോട്ടുകള്‍ ശുഭസൂചകമാണുതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: