പന്തളം: വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മോഷണം നടത്തിയതിനു നാല് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കടയ്ക്കാട് സ്വദേശി ശരണും(18) പ്രായപൂര്‍ത്തിയാവാത്ത മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളുമാണ് പിടിയിലായത്. ഇവരും പന്തളം സ്വദേശികളാണ്. തോന്നല്ലൂര്‍ വട്ടപ്പറമ്പില്‍ അരവിന്ദിന്റെ യമഹ ബൈക്ക് മോഷ്ടിച്ച ശേഷം രൂപമാറ്റം വരുത്തി ഇവര്‍ ഉപയോഗിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ബൈക്ക് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കടയ്ക്കാടുള്ള ഇവരുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. ബൈക്ക് പോലീസ് കണ്ടെടുത്തു. പന്തളം എന്‍എസ്എസ് കോളേജിനു എതിര്‍വശമുള്ള പെട്രോള്‍ പമ്പില്‍ നിന്ന് പണമടങ്ങിയ ബാഗ്, സമീപമുള്ള ചെരുപ്പ് കടയില്‍ നിന്ന് ഹോം തീയറ്റര്‍, ഷൂസുകള്‍, സ്പോര്‍ട്ട്സ് വാച്ചുകള്‍, കുരമ്പാല പുത്തന്‍കാവില്‍ ക്ഷേത്രത്തിനു സമീപം ചിത്രാലയം വീട്ടില്‍ പുഷ്പാംഗദന്, സഹോദരന് ശശിധരന് എന്നിവരുടെ വീടുകളില്‍ നിന്നും 120 റബര്‍ ഷീറ്റുകള്‍, മെഡിക്കല്‍ മിഷന് കവലയ്ക്ക് സമീപം ഹോളോബ്രിക്സ് സ്ഥാപനത്തിലെ അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ നാല് മൊബൈല്‍ ഫോണുകള്‍, 14,000 രൂപ എന്നിവയും ഇവര്‍ സംഘം ചേര്‍ന്ന് മോഷ്ടിച്ചുവെന്നാണ് കേസ്. നാസിക് ഡോള്‍ ടീമിലുണ്ടായിരുന്ന ഇവര്‍ മോഷണത്തിലൂടെ ഉണ്ടാക്കുന്ന പണം ഉപയോഗിച്ച് അലസമായി കഴിഞ്ഞു വരികയായിരുന്നെന്നും പോലീസ് പറഞ്ഞു. പല തവണ പിടിക്കപ്പെട്ട ഇവരെ താക്കീത് നല്കി വിട്ടെങ്കിലും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പെട്ടതോടെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അടൂര്‍ ഡിവൈഎസ്പി എസ്.റഫീഖ് പറഞ്ഞു. പ്രതികളില്‍ ശരണിനെ അടൂര്‍ കോടതിയിലും മറ്റുള്ളവരെ പത്തനംതിട്ട ജുവനൈല്‍ കോടതിയിലും ഹാജരാക്കി. സിഐ സുരേഷ്കുമാര്‍, എസ്ഐ റ്റി.എം.സൂഫി, എഎസ്ഐമാരായ രമേശ്കുമാര്‍, അനില്‍കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ അജി ശാമുവല്‍, രാധാകൃഷ്ണന് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: