ഭാരതീയ ദര്‍ശനങ്ങളുടെ എല്ലാ ശാഖകളിലും വെച്ച് ശ്രീശങ്കരാചാര്യരുടെ സിദ്ധാന്തമാണ് ആധുനികര്‍ക്ക് കൂടുതല്‍ സ്വീകാര്യമെന്നുള്ള കാര്യത്തില്‍ സംശയമില്ല എന്ന് ഭാരതീയ സിദ്ധാന്തങ്ങളിലും അതേസമയം ഭാരതീയേതരമായ സിദ്ധാന്തങ്ങളിലും ആഴത്തില്‍ അവഗാഹം നേടിയ പണ്ഡിറ്റ് സീതാനാഥ തത്ത്വഭൂഷണ്‍ പറയുന്നു. ആധുനിക ലോകത്ത് ശങ്കരദര്‍ശനത്തിന്റെ പ്രസക്തിയെപ്പറ്റി പുനരവലോകനം ചെയ്യുന്ന അവസരത്തില്‍ പണ്ഡിറ്റിന്റെ പ്രസ്താവന ഗൗരവമര്‍ഹിക്കുന്നു.
ഭാരതീയ തത്ത്വചിന്തയ്‌ക്കും യവനചിന്തയ്‌ക്കും പിന്തുണയായിത്തീരുന്ന സൂക്ഷ്മവാദത്തോടും ശാസ്ത്രീയമായ തെളിവോടും കൂടിയതാണ് വിശ്വവിശ്രുത തത്ത്വചിന്തകനായ കാന്റിന്റെ ദര്‍ശനം. തന്റെയും ലോകത്തിന്റെയും വിസ്മയത്തിനു കാരണമാകത്തക്കവിധത്തില്‍, ദൃശ്യലോകത്തില്‍ സാര്‍വ്വത്രികമായി പ്രവര്‍ത്തിക്കുന്ന സ്ഥലം, കാലം, കാര്യകാരണ ബന്ധം എന്ന ഉപാധിത്രയങ്ങള്‍ നാം വിശ്വസിക്കുന്നതുപോലെ ശാശ്വതങ്ങളല്ലെന്നുള്ള വസ്തുത കാന്റും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഷോപ്പന്‍ ഹോവറും നിഷ്‌കൃഷ്ടമായി തെളിയിച്ചിട്ടുണ്ട്.
ലോകം മായയാണ്, മിഥ്യയാണ് എന്ന് പ്ലേറ്റോ പറയുമ്പോള്‍ കാന്റ് പറയുന്നത്, ലോകം, അത് വെറും തോന്നല്‍ മാത്രമാണെന്നാണ്. ലോകത്തിലെ മൂന്ന് വ്യത്യസ്ത ചിന്താധാരകള്‍ ഒരേ തീരുമാനത്തില്‍ എത്തിച്ചേരുന്ന അദ്ഭുത പ്രതിഭാസം നമുക്ക് ഇവിടെ കാണാന്‍ കഴിയും. എന്നാല്‍ ഒരു വ്യത്യാസം മാത്രം പ്ലേറ്റോയും കാന്റും അവരുടെ ശിഷ്യന്മാരും ബുദ്ധിബലത്തെ മാത്രം ആശ്രയിച്ച് ഈ സിദ്ധാന്തം പ്രകാശിപ്പിക്കുമ്പോള്‍ ശ്രീശങ്കരന്‍ അതേ ലക്ഷ്യത്തെ അനുഭവത്തോടുകൂടി വ്യക്തമാക്കുന്നു.
















