തിരുവല്ല: മണ്ഡലത്തിലെ യൂഡിഎഫിന്റെ പരാജയകാരണം സ്ഥാനാര്‍ത്ഥിയുടെയും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും തലയില്‍ കെട്ടിവെക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരുവിഭാഗത്തിന്റെ ശ്രമം.അടുത്ത തവണ സീറ്റ് പിടിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കാല് വാരിയെന്ന് കേരള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ നീക്കം.
നഗരത്തിലെ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പിജെ.കുര്യനും കേരളാ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗമായ സാം ഈപ്പനും ഇതുസംബന്ധിച്ച് നേരിട്ട് കൊമ്പുകോര്‍ത്തു. മാദ്ധ്യമ പ്രവര്‍ത്തകര്‍ അടക്കം നില്ക്കുന്ന വേദിയിലാണ് ഇരുനേതാക്കളും പരസ്പരം വിഴുപ്പലക്കിയത്.സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് കേരളാ കോണ്‍ഗ്രസിന്റെ പടലപിണക്കമാണെന്ന് കുര്യനും,കോണ്‍ഗ്രസ് കാലുവാരിയതാണെന്ന് സാം ഈപ്പനും തുറന്നടിച്ചു. മറ്റ് നേതാക്കള്‍ ഇടപെട്ടാണ് ഇരുനേതാക്കളെയും പിന്തിരപ്പിച്ചത്.
എന്നാല്‍ പിജെ കുര്യന്റെ നേതൃത്വത്തില്‍ പരാചയകാരണം സ്ഥാനാര്‍ത്ഥി ജോസഫ് എം.പുതുശ്ശേരിയുടെ തലയില്‍ കെട്ടിവെക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി യോഗത്തിലും ജില്ലയുടെ ചുമതലയുള്ള ഭാരവാഹികളില്‍ പ്രമുഖ നേതാവ് ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്മ തന്നെയാണ് പ്രധാനമായിചൂണ്ടികാട്ടിയത്.സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് വിവിധ തലങ്ങളില്‍ നിന്നുണ്ടായ വിയോജന കുറുപ്പും,സീറ്റ് കോണ്‍ഗ്രസ് തിരിച്ച് പിടിക്കണമെന്ന ആവശ്യം ഉന്നയിച്ച് കെപിസിസി അദ്ധ്യക്ഷന്‍ വി.എം. സുധീരന് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നല്കിയ കത്തും ശ്രദ്ധയില്‍ പെടുത്തി.അടുത്ത ദിവസങ്ങളില്‍ തന്നെ ജില്ല,ബ്ലോക്ക്,മണ്ഡലം,അടിസ്ഥാനത്തില്‍ വിലയിരുത്തലുകള്‍ നടത്തുമെന്നാണ് സൂചന.
ഈ അവസരത്തില്‍ പരാജയത്തിന്റെ പൂര്‍ണകാരണം സ്ഥാനാര്‍ത്ഥിക്കും കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്ത്വത്തിന് മേലും കെട്ടിവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.ഇതിനായി താഴേതട്ട് മുതല്‍ ആരോപണം ഉയര്‍ത്താനാണ് കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ നീക്കം. എന്നാല്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം മുതല്‍ കലുഷിതമായ മണ്ഡലത്തിലെ കേരളാ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ വിള്ളലിലേക്കാണ് പോകുന്നത്. പരാജയ കാരണം ജോസഫ് എം പുതുശ്ശേരിയില്‍ മാത്രമായി ഒതുക്കാനാണ് വിക്ടര്‍ അനുകൂലികളുടെ ശ്രമം. ശത്രു പക്ഷത്ത് ഉള്ളവര്‍ വരെ വിക്ടറിന് മൂന്നാം തവണയും മത്സരിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ കടുത്ത തീരുമാനമെടുത്ത് പുതുശ്ശേരിയെ കളത്തിലിറക്കിയ സംസ്ഥാന നേതൃത്വത്തെയും വിക്ടര്‍ അനുകൂലികള്‍ വിമര്‍ശിക്കുന്നു.
വോട്ടിങ് ശതമാനം കുത്തനെ കുറയാനുള്ള കാരണവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ പോരായ്മയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത.ഈമാസം അവസാനം കോ്ട്ടയത്ത് കൂടുന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ തെരഞ്ഞെടുപ്പ് വിശകലനം നടത്തുമ്പോള്‍ വിഷയം അവതരിപ്പിക്കാനാണ് ജില്ലാ പ്രസിഡന്റ് വിക്ടര്‍.ടി.തോമസിന്റെ തീരുമാനം.പ്രചാരണ പരിപാടികളില്‍ അടക്കം ജില്ലാ അദ്ധ്യക്ഷനായ വിക്ടര്‍ ടി.തോമസിനെയും അദ്ദേഹത്തിന്റെ അനുകൂലികളെയും ഒഴിവാക്കി പുതുശ്ശേരി പക്ഷം നടത്തിയ നീക്കങ്ങളും ചര്‍ച്ചയില്‍ വരും.
ഒരുവിഭാഗം കോണ്‍ഗ്രസ്- കേരളകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നീക്കമാണ് പരാജയകാരണമെന്ന് കാട്ടി് ജോസഫ് എം.പുതുശ്ശേരി പാര്‍ട്ടി ചെയര്‍മാനും കെപിസിസി അദ്ധ്യക്ഷനും കത്തയച്ചതായാണ് വിവിരം.കോണ്‍ഗ്രസ് ഭരണമുള്ള തിരുവല്ല നഗരസഭയിലും പഞ്ചായത്തുകളിലും രണ്ടാം സ്ഥാനത്തേക്ക് ഒതുക്കപ്പെട്ടത് ഈ കാല് വാരലാണെന്നാണ് കത്തില്‍ പറയുന്നത്. എന്നല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥയുടെ വ്യക്തി പ്രഭാവവും ബഹുജന സ്വീകാര്യതയും പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുന്നണിക്ക് സ്വാധീനമുള്ള കിഴക്കന്‍ മേഖലകളിലും അപ്പര്‍കുട്ടനാട്ടിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. മല്ലപ്പള്ളി, കല്ലൂപ്പാറ പഞ്ചായത്തുകളില്‍ മാത്രം ലീഡ് നില ഉയര്‍ത്താന്‍ സാധിച്ചെങ്കിലും പ്രതീക്ഷിച്ച വോട്ട് നേടിയില്ലന്നമാണ് പരാജയത്തിന് പ്രധാന കാരണമായത്.
കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി വിക്ടര്‍.ടി.തോമസിന് 52522 (41.47 ശതമാനം) വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ ഇത്തവണ യുഡിഎഫിന്റെ സ്ഥാനാര്‍ഥി ജോസഫ്.എം.പുതുശ്ശേരി ആയപ്പോള്‍ 51398 (35.56 ശതമാനം) വോട്ടുകളായി കുറഞ്ഞു. യുഡിഎഫിന് ഉണ്ടായത് 5.91ശതമാനം വോട്ടുകളുടെ കുറവ് ഇത്തവണ അനുഭവപ്പെട്ടത്. ഏതായാലും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും കൂടുതല്‍ പൊട്ടിത്തെറികളിലേക്കാണ് കോണ്‍ഗ്രസ് രാഷ്ട്രീയ പോകുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: