കോട്ടയം: മെഡിക്കല്‍കോളേജ് ആശുപത്രിയിലെ മാലിന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യംചെയ്യുന്നതിനും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ജില്ലാകളക്ടര്‍ ഇടപ്പെട്ട് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുമായി സഹകരിക്കാതിരുന്ന ജീവനക്കാര്‍ക്ക് ഷോക്കോസ് നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശം. ആശുപത്രി കോമ്പൗഡിലും ആശുപത്രിക്കകത്തും വിവിധതരം മാലിന്യങ്ങള്‍ അശ്രദ്ധമായി നിക്ഷേപിച്ചിരിക്കുന്നതായി കണ്ടെത്തിയ ജില്ലാകളക്ടര്‍ സ്വാഗത് ഭണ്ഡാരിയാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടിജി തോമസ് ജേക്കബ്ബിന് നിര്‍ദ്ദേശം നല്‍കിയത്. മാലിന്യം കുന്നുകൂടുന്നതായുള്ള പരാതിയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് കളക്ടര്‍ മെഡിക്കല്‍ കോളേജിലെത്തി ആശുപത്രി അധികൃതരേയും ജീവനക്കാരേയും കണ്ട് സംസാരിക്കുകയും മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കണമെന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ആശുപത്രിയെ പ്ലാസ്റ്റിക് രഹിത ക്യാമ്പസായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്നലെ മെഡിക്കല്‍ കോളേജിലെത്തിയ കളക്ടര്‍ ഇവയൊന്നും കാര്യക്ഷമമായി നടക്കുന്നില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. ആശുപത്രിയിലെ എല്ലാത്തരം മാലിന്യവും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളവരില്‍ തുടര്‍ന്നും അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ തുടര്‍ നടപടികള്‍ക്കായി ആരോഗ്യ വകുപ്പ് സെക്രട്ടറിയെ സമീപിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് മെഡിക്കല്‍കോളേജ് വികസന അതോറിറ്റി യോഗം ജൂണ്‍ 7ന് കളക്ടറേറ്റില്‍ ചേരും.
















