പയ്യമ്പള്ളി : മദ്യത്തിന്റെ ഉപയോഗം ആദിവാസി കോളനികളില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മദ്യം, മയക്കുമരുന്ന്, മുറുക്ക് തുടങ്ങിയ ലഹരി ഉപയോഗങ്ങളെക്കുറിച്ച് ആദിവാസി വിഭാഗക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ മാനന്തവാടി പോലീസിന്റെ പുതിയ പദ്ധതി ‘ഗൃഹപാഠ’ത്തിന് പയ്യമ്പള്ളി പാടുകാണി-മുയല്‍ക്കുനി കോളനിയില്‍ മാനന്തവാടി എസ്.ഐ. വിനോദ് വലിയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം കോളനികളിലെ പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ മദ്യം, മയക്കുമരുന്ന്, മുറുക്ക് എന്നിവയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വിവിധ പരാതികളുമായെത്തിയ ആദിവാസി വീട്ടമ്മമാരില്‍ നിന്ന് ആദിവാസി കോളനികളില്‍ മദ്യം വില്ലനാകുന്നുവെന്ന കാരണത്താല്‍ ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്ക്കരന്റെ അനുമതിയോടെ മാനന്തവാടി പോലീസാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോളനികളില്‍ എല്ലാ ഞായറാഴ്ച്ചകളിലും വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ ബോധവല്‍ക്കരണ ക്ലാസ്സുകളും വീഡിയോ പ്രദര്‍ശനങ്ങളും നടത്തും. ക്ലാസുകള്‍ക്ക് ശേഷം മദ്യവിരുദ്ധ പ്രതിജ്ഞയെടുപ്പിക്കും. കോളനിയിലെ പ്ലസ് ടു, ഡിഗ്രി വിദ്യാഭ്യാസം നേടിയവരാണ് ക്ലാസുകളെടുക്കുക. ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും സഹായങ്ങളും മാനന്തവാടി പോലീസ് നല്‍കും. ഡി വൈഎസ്.പി, സി.ഐ, എസ്ഐ, ജനമൈത്രി പോലീസ്, മദ്യവര്‍ജന സമിതി പ്രവര്‍ത്തകര്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. എല്ലാമാസവും പദ്ധതി അവലോകനം നടത്തും.
പരീക്ഷണാടിസ്ഥാനത്തി ല്‍ ആരംഭിച്ച ഗൃഹപാഠം പദ്ധതി വിജയകരമായാല്‍ പടച്ചിക്കുന്ന് കോളനിയിലേക്കും മറ്റുആദിവാസികോളനികളിലേക്കും വ്യാപിപ്പിക്കാനാണ് പോലീസ് അധികൃതരുടെ ലക്ഷ്യം. ട്രൈബല്‍ പ്രമോട്ടര്‍ മല്ലിക, കോളനിമൂപ്പന്‍ രവീന്ദ്രന്, ജനമൈത്രി പോലീസ് പിആര്‍ഒ, എഎസ് ഐ തുടങ്ങിയവര്‍ പങ്കെടുത്തു. അടിയവിഭാഗത്തില്‍പ്പെട്ട 32ഓളം കുടുംബങ്ങളാണ് ഈ കോളനികളിലുള്ളത്. പദ്ധതിയിലൂടെ ആദിവാസി കോളനികളിലുണ്ടാകുന്ന കുടുംബപ്രശ്നങ്ങള്ക്കുംമറ്റും ഒരുപരിധി വരെ പരിഹാരമാകുമെന്ന കണക്കു കൂട്ടലിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: