പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ വിഴുപ്പലക്കലുകള്‍ അവസാനിക്കുന്നില്ല. ആറന്മുള നിയോജകമണ്ഡലത്തില്‍ പരാജയപ്പെട്ട അഡ്വ.കെ.ശിവദാസന്‍നായര്‍ തന്റെ പരാജയത്തിന് കാരണം ഡിസിസി പ്രസിഡന്റടക്കമുള്ള നേതാക്കളാണെന്ന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ പരാജയത്തിന് കാരണം സ്ഥാനാര്‍ത്ഥിയുടെ കഴിവുകേടാണെന്ന് പറഞ്ഞ് ഡിസിസി നേതാക്കളും രംഗത്തെത്തി. അതിനിടെ കെപിസിസി വിലക്ക് ലംഘിച്ച് അഡ്വ.കെ.ശിവദാസന്‍നായര്‍ക്കെതിരേ പരസ്യ പ്രസ്താവന നടത്തിയ ഡിസിസി ഭാരവാഹികള്‍ക്കെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി സെക്രട്ടറിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റുമായ അഡ്വ.വി.ആര്.സോജിയും രംഗത്ത് എത്തി. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ പടലപ്പിണക്കങ്ങളും പരസ്പ്പരമുള്ള പാരവെപ്പുകളും വെളിപ്പെട്ടു തുടങ്ങി.
പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും ആറന്മുള മണ്ഡലം പത്തുവര്‍ഷം പിന്നിലാണെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവനയും പരാജയത്തിനിടയാക്കിയെന്നാണ് അഡ്വകെ.ശിവദാസന്‍നായര്‍ കെപിസിസി യ്ക്ക് നല്കിയ പരാതിയില്‍ പറയുന്നത്. ഡിസിസി വൈസ് പ്രസിഡന്റ് അനില്‍തോമസ് , സെക്രട്ടറിമാരായ ശ്യാംകുരുവിള, എം.സി.ഷെരീഫ് എന്നിവര്‍ക്കെതിരേയും ശിവദാസന്‍നായര്‍ പരാതിപ്പെട്ടിട്ടുണ്ട്. കോയിപ്രം ഗ്രാമപഞ്ചായത്തിലും പത്തനംതിട്ട നഗരസഭയിലും യുഡിഎഫ് പിന്നിലാകാന്‍ കാരണം ഡിസിസി ഭാരവാഹികളുടെ നടപടികളാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കേണ്ട വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് മറിച്ചു നല്‍കിയെന്നുമാണ് ശിവദാസന്‍നായരുടെ ആക്ഷേപം. ഇതിനെതിരേ പരസ്യ പ്രസ്താവനയുമായി ഡിസിസി പ്രസിഡന്റടക്കമുള്ളവര്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സഹപ്രവര്‍ത്തകരേയും സ്വന്തം പാര്‍ട്ടിയേയും പുലഫ്യം പറയുന്ന ശിവദാസന്‍നായര്‍ സമചിത്തത വീണ്ടെടുക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ് പറഞ്ഞു. ആറന്മുള മണ്ഡലത്തില്‍ പണ്ട് പരാജയപ്പെട്ട രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ മാലേത്ത് സരളാദേവിയുടേയും, അന്തരിച്ച എം.പി.രാഘവന്റേയും പരാജയത്തിനുത്തരവാദി ശിവദാസന്നായരാണെന്നും അനില്‍തോമസ് സൂചിപ്പിക്കുന്നു. ആറന്മുള നിയോജകമണ്ഡലത്തില്‍ വികസന രംഗത്തുണ്ടായ മുരടിപ്പും ജനങ്ങളുമായുള്ള എംഎല്‍എയുടെ സമ്പര്‍ക്കമില്ലായ്മയും ജനരോഷം ക്ഷണിച്ചുവരുത്തിയെന്നാണ് ഡിസിസി വൈസ് പ്രസിഡന്റ് പറയുന്നത്. കോണ്‍ഗ്രസിന് യോജിക്കാത്ത തരത്തിലുള്ള ഭാഷയാണ് പ്രചരണ രംഗത്ത് ബിജെപി-എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ജാതിപറഞ്ഞ് ഉപയോഗിച്ചതെന്നും ആറന്മുള പഞ്ചായത്തിലെ ശിവദാസന്‍നായരുടെ സ്വന്തം ബൂത്തായ 67ല്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോയത് എങ്ങനെയാണെന്ന് ആത്മപരിശോധന നടത്തണമെന്നും അനില്‍ തോമസ് പറഞ്ഞു. നഗരസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന സീറ്റ് ശിവദാസന്‍നായര്‍ മറിച്ചുകൊടുത്തെന്ന ആക്ഷേപവും ഡിസിസി വൈസ് പ്രസിഡന്റ് പറയുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സമുദായം പറഞ്ഞ് തനിക്കും പെന്തക്കോസ്ത് സഭാ വിഭാഗത്തിനെതിരേയും ശിവദാസന്‍നായര്‍ ഉറഞ്ഞുതുള്ളുന്നത് നന്ദികേടാണെന്നാണ് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ഷാംകുരുവിള പറഞ്ഞു. ജില്ലയിലെ ബ്ലോക്ക് ഭാരവാഹിത്വത്തില്‍ ശിവദാസന്‍നായര്‍ സ്വന്തക്കാരെ തിരുകിക്കേറ്റിയെന്നും തനിക്കെതിരേ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ ജാതിയും ഉപജാതിയും പറഞ്ഞ് നേട്ടം ഉണ്ടാക്കാന്‍ കഴിയുമോഎന്ന് ശിവദാസന്‍നായര്‍ ശ്രമിച്ചെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ആരോപിക്കുന്നു. പത്തനംതിട്ട നഗരസഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും ഡിസിസി ജനറല്‍ സെക്രട്ടറി എം.സി.ഷെരീഫിന്റെ ഭാര്യയുമായ റെജീന ഷെരിഫും ശിവദാസന്‍നായര്‍ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.
പാര്‍ട്ടിക്കെതിരെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ആരോപണം ഉന്നയിച്ച ഡിസിസി ഭാരവാഹികള്ക്കുള്ളതെന്നാണ് ഡിസിസി സെക്രട്ടറിയും ശിവദാസന്‍നായരുടെ തെരഞ്ഞെടുപ്പ് ഏജന്റുമായ അഡ്വ.വി.ആര്. സോജി പറയുന്നത്. പത്തനംതിട്ട നഗരസഭയില്‍ തനിക്കു സീറ്റ് ലഭിക്കാതിരുന്നത് ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയിട്ടാണെന്നാണ് അനില്‍ തോമസ് കെപിസിസി പ്രസിഡന്റ് മുമ്പാകെയും കെപിസിസി നിയോഗിച്ച കമ്മീഷന് മുമ്പാകെയും പരാതി നല്‍കിയത്. ശിവദാസന്‍ നായര്‍ തനിക്കു സീറ്റ് ലഭിക്കുന്നതിനു സഹായകരമായ നിലപാട് സ്വീകരിച്ചുവെന്നും അനില്‍ തോമസ് അന്നു വ്യക്തമാക്കിയിരുന്നു. ഡിസിസി പ്രസിഡന്റിനെതിരെ അടിസ്ഥാനരഹിതവും ഗുരുതരവുമായ ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ നടപടിയെടുക്കാതിരുന്നതാണ് ഇന്നിപ്പോള്‍ ആരോപണം മാറ്റിപ്പറയുന്നതെന്നും സോജി പറയുന്നു.
മാലേത്ത് സരളാദേവി ആറന്മുള മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച കെ.ആര്.രാജപ്പന്റെ ചീഫ് ഇലക്ഷന് ഏജന്റായിരുന്നു ഷാംകുരുവിള എന്നും ബ്ലോക്ക് പ്രസിഡന്റ് പദയിവിയിരുന്ന് സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും സോജി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: