എരുമേലി: മലയോര മേഖലയിലെ പ്രധാന നഗരമായ മുക്കൂട്ടുതറ ടൗണ്‍ ഇന്ന് ദുരിതങ്ങളില്‍ മുങ്ങിത്താഴുന്നു. കുടിയേറ്റ മേഖല നിവാസികളുടെ സംഗമകേന്ദ്രംകൂടിയായ മുക്കൂട്ടുതറയ്‌ക്ക് അവഗണനയുടെ കഥകള്‍ മാത്രമാണ് പറയാനുള്ളത്. വെച്ചൂച്ചിറ, മണിമല, മുണ്ടക്കയം എന്നീ മേഖലകള്‍ കഴിഞ്ഞാല്‍ പൊതുമാര്‍ക്കറ്റ് എന്ന വ്യവസ്ഥയില്‍ ഏറ്റവുമധികം കച്ചവടം നടത്തുന്ന മുക്കൂട്ടുതറയില്‍ കച്ചവടക്കാരുടെയും യാത്രക്കാരുടെയും ടാക്‌സിക്കാരുടെയും അടക്കം ദുരിതങ്ങളാണ് ഈ കൊച്ചുഗ്രാമത്തെ വീര്‍പ്പ് മുട്ടിക്കുന്നത്.
മലയോരമേഖലയിലെ ഏറ്റവുമധികം ബസ് സര്‍വ്വീസുകള്‍, ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകരുടെ സഞ്ചാരപാത, റബ്ബപര്‍ അടക്കമുള്ള കൃഷിക്കാര്‍, വഴിവാണിഭ കച്ചവടക്കാര്‍ പരമ്പരാഗത തൊഴിലുല്‍പ്പന്ന കച്ചവടക്കാര്‍ എന്നു തുടങ്ങി ചെറുകിട കച്ചവടക്കാരുടെ കൂടെ കേന്ദ്രമാണ് മുക്കൂട്ടുതറ ടൗണ്‍. ടാക്‌സി സ്റ്റാന്‍ഡ്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ അങ്ങനെ വികസനത്തിന്റെ സ്വപനം ഏറെയുണ്ട് മുക്കൂട്ടുതറയ്‌ക്ക്. എരുമേലി വൈദ്യുതി ഓഫീസ് ഉപഭോക്താക്കളുടെ ബാഹുല്യം കണണക്കിലെടുത്ത് വിഭജിച്ച് മുക്കൂട്ടുതറയുല്‍ ഓഫീസ് തുടങ്ങാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവശ്യമുയര്‍ന്നു. എന്നാല്‍ രാഷ്‌ട്രീയനേതക്കളുടെ ഗ്രൂപ്പ് വഴക്ക് മൂലം അത് നടപ്പായില്ല. എരുമേലി ഗ്രാമപഞ്ചായത്തിനെ വിഭജിച്ച് മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിക്കാമെന്നുള്ള പി.സി.ജോര്‍ജ്ജ് എംഎല്‍എയുടെ പ്രഖ്യാപനവും എങ്ങുമെത്തിയില്ല. മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിച്ച് വികസനത്തിന് നേതൃത്വം കൊടുക്കേണ്ട രാഷ്‌ട്രീയ മേലാളന്മാരില്‍ ചിലര്‍ ഇന്നും വികസന വിരോധികളായി അണിയറയില്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇവരെ പുറത്താക്കാതെ പഞ്ചായത്ത് രൂപീകരണം പോലും നടക്കില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ചാത്തന്‍പാറ, ഇടകടത്തി, പമ്പാവാലി റോഡുകൡ ടാക്‌സിക്കാരുടെ വാഹനങ്ങള്‍ നിരത്തിയിടുന്നതിലൂടെ ഗതാഗതക്കുരുക്കും ബസ് സ്‌റ്റോപ്പ് ഇല്ലാതെ നട്ടംതിരിയുന്ന യാത്രക്കാരുമായി മുക്കൂട്ടുതറ ടൗണ്‍ അനുദിനം ശ്വാസംമുട്ടുന്ന കാഴ്ചയാണുള്ളത്. എന്നാല്‍ രാഷ്‌ട്രീയ തിരിച്ചടിയുണ്ടായില്ലെങ്കില്‍ എംഎല്‍എയുടെ വികസനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വൈദ്യുതി ബില്‍ അടയ്‌ക്കാന്‍ പോലീസ് സംരക്ഷണം, പഞ്ചായത്ത് സേവനങ്ങള്‍ തുടങ്ങി സര്‍വ്വതിനും കിലോമീറ്ററുകളോളം യാത്രചെയ്യേണ്ടി വരുന്ന ദുരിതമാണ് മുക്കൂട്ടുതറയിലെ മലയോര നിവാസികളെ വികസന ചിന്തയിലേക്ക് എത്തിച്ചിരിക്കുന്നത്.
















