വിശാഖപട്ടണം: അണയാന്‍ പോകുന്ന തീ ആളിക്കത്തുമെന്നു പറഞ്ഞപോലെയായി എം.എസ്. ധോണിയുടെയും പൂനെ സൂപ്പര്‍ ജയന്റസിന്റെയും കാര്യം. ധോണിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ അവസാന കളിയില്‍ കിങ്സ് ഇലവന് പഞ്ചാബിനെ നാലു വിക്കറ്റിനു കീഴടക്കി അരങ്ങേറ്റക്കാരായ പൂനെ അവസാന സ്ഥാനമെന്ന നാണക്കേട് ഒഴിവാക്കി. തോല്‍വി പഞ്ചാബിനെ അവസാന സ്ഥാനക്കാരുമാക്കി. സ്കോര്‍: കിങ്സ് ഇലവന് പഞ്ചാബ് 172/7 (20). പൂനെ സൂപ്പര്‍ ജയന്റസ് – 173/6 (20).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 172 റണ്‍സ് നായകന്റെ മികവിലാണ് പൂനെ മറികടന്നത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 23 റണ്‍സ് ധോണി ഒറ്റയ്ക്ക് നേടി. അതും പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തിലൂടെ. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുത്തില്ല. രണ്ടാമത്തേത് വൈഡുമായി. അടുത്ത പന്ത് ഗ്യാലറിയിലേക്കു പറത്തി ധോണി. അവസാന മൂന്നു ന്തില്‍ വേണ്ടത് 14 റണ്‍സ്. ആദ്യം ബൗണ്ടറി നേടിയ പൂനെ നായകന് അടുത്ത രണ്ടു പന്തും ഗ്യാലറിയിലേക്കും പറത്തി പൂനെയ്ക്ക് അവിസ്മരണീയ വിടവാങ്ങലൊരുക്കി. 34 പന്തില്‍ അഞ്ചു സിക്സറും നാലു ഫോറും സഹിതം പുറത്താകാതെ 64 റണ്‍സെടുത്ത ധോണി കളിയിലെ താരം.
വലിയ സ്കോറിലേക്ക് ബാറ്റേന്തിയപ്പോള്‍ ഉസ്മാന് ഖവാജ (30), തിസര പെരേര (23), അജിങ്ക്യ രഹാനെ (19), സൗരഭ് തിവാരി (17) എന്നിവരും ധോണിക്ക് പിന്തുണ നല്കി. രണ്ടു വിക്കറ്റെടുത്ത ഗുര്‍കീരത് സിങ്ങാണ് പഞ്ചാബ് ബൗളര്‍മാരില്‍ മുന്നിട്ടുനിന്നത്. സന്ദീപ് ശര്‍മ, മോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍, ഋഷി ധവാന് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകനും ഓപ്പണറുമായ എം. വിജയ്യുടെയും (59), ഗുര്‍കീരത് സിങ്ങിന്റെയും (51) അര്‍ധശതകങ്ങളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. വിജയ് 41 പന്തില്‍ നാലു ഫോറും മൂന്നു സിക്സറും പറത്തിയപ്പോള്‍, ഗുര്‍കീരത് 30 പന്തില്‍ മൂന്നു വീതം ഫോറും സിക്സറും കണ്ടെത്തി. ഹാഷിം അംല (30), ഋഷി ധവാന് (11 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കണ്ടു.
നാലു വിക്കറ്റെടുത്ത ആര്. അശ്വിനാണ് പഞ്ചാബിനെ പ്രതിരോധത്തിലാക്കിയത്. നാലോവറില്‍ 34 റണ്‍ വഴങ്ങി അശ്വിന്. അശോക് ദിന്‍ഡ, തിസര പെരേര, ആദം സാംപ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പതിനാല് കളികളും പൂര്‍ത്തിയാക്കിയ പൂനെയ്ക്ക് അഞ്ച് ജയത്തോടെ 10 പോയിന്റ്. നാല് ജയം കണ്ട പഞ്ചാബിന് എട്ടു പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: