മെയ് പത്തിനായിരുന്നു കവി കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനം.
എഴുതിയാലും പറഞ്ഞാലും മതിവരാത്തത്ര അനുഭവങ്ങള്‍
സമ്മാനിച്ച് കടന്നുപോയ ആ ഗുരുനാഥനെ
അനുസ്മരിക്കുകയാണ്
മാതൃഭൂമി ബാലപംക്തിയിലൂടെ എഴുതിത്തെളിഞ്ഞ പലര്‍ക്കും എന്നതുപോലെ, കുട്ടേട്ടന് എന്ന കുഞ്ഞുണ്ണിമാഷിനെക്കുറിച്ച് എനിക്കുമുണ്ട് ചില നല്ല ഓര്‍മ്മകളും അനുഭവങ്ങളും. കവിത അച്ചടിച്ചു വന്നാലും ഇല്ലെങ്കിലും കുട്ടേട്ടന്റെ നിര്‍ദ്ദേശങ്ങളടങ്ങുന്ന കത്ത് കൃത്യമായിക്കിട്ടുക എന്നത് ആഹ്ലാദകരമായ ഒരഭിമാനമായിരുന്നു. എനിക്കാണെങ്കില്‍ അക്കാലത്ത്-ഇന്നേക്ക് നാല്പ്പതിലധികംവര്ഷം മുമ്പ്- കോഴിക്കോട്ടുവരെപ്പോയി ഈ ഗുരുസ്വരൂപനെ ഒന്നു നേരില്‍ക്കണ്ടു ബോദ്ധ്യപ്പെടുക എന്നത് തീര്‍ത്തും അസാദ്ധ്യമായിരുന്നു. കാരണം, അങ്ങു തെക്കേയറ്റത്തെ കന്യാകുമാരിയിലാണ് ഞാന്‍ ജനിച്ചത്. 1956 നവംബര്‍ ഒന്നുമുതല്‍ ആ ജില്ല തമിഴ്നാട്ടില്‍ പെട്ടുപോവുകയും ചെയ്തു.
മലയാളമായിരുന്നു എന്റെ ശക്തിയും ദൗര്‍ബ്ബല്യവും. വലിയ കവിയാവണമെന്നായിരുന്നു മോഹം. കട്ടും കടംവാങ്ങിയും ധാരാളം വായിച്ചു. പലതും കാണാപ്പാഠമാക്കി. തോന്നിയതൊക്കെ എഴുതി. ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ തപാലാപ്പീസ് എനിക്കുവേണ്ടി മാത്രം തുറന്നു പ്രവര്‍ത്തിച്ചിരുന്നു എന്നുവേണം കരുതാന്‍. മടങ്ങിവരുന്ന കവിതകള്‍, വരിസംഖ്യ മണിയോര്‍ഡറായി അയച്ചുവരുത്തുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ്, എന്‍.ബി.എസ്. ബുള്ളറ്റിന്, അല്ലറ ചില്ലറ സൗജന്യ പ്രസിദ്ധീകരണങ്ങള്‍, പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും നിരത്തി എഴുതുന്ന കത്തുകള്‍ക്കുള്ള മറുപടികള്‍ – ഇങ്ങനെ ആകെ സജീവം.
അക്കാലത്തെ ആത്മാര്‍ത്ഥതയുള്ള കത്തുകള്‍ കുട്ടേട്ടന്റെയായിരുന്നു. ഒരു കാര്‍ഡ്! (അത് കവിതയോടൊപ്പം സ്വന്തം മേല്‍വിലാസമെഴുതി നേരത്തെ അങ്ങോട്ട് അയച്ചതാവും.)
മഞ്ഞുതുള്ളിയില്‍ മഹാപ്രപഞ്ചം പ്രതിഫലിക്കുന്നതുപോലെ, അതിലൊക്കെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും കഴിയാത്തതുമായ ഒരുപാടൊരുപാട് കാര്യങ്ങള്‍ ! ഒന്നും എനിക്ക് സൂക്ഷിച്ചുവയ്ക്കാന്‍ കഴിഞ്ഞില്ല. ഇന്ന് അതോര്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത നഷ്ടബോധം തോന്നുന്നു.
ആരുമല്ലാത്ത, നേരില്‍കണ്ടിട്ടില്ലാത്ത, ഒരുതരത്തിലും ഒരു ബന്ധവുമില്ലാത്ത ഈ ഞാന്‍ വളര്ന്നുവലുതാവണമെന്ന് ഇത്ര വാശിയോടെ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ കുട്ടേട്ടന് ആരാണ്? കുടുംബത്തിലെ ഏതോ വല്യമ്മ പ്രസവിച്ച, എന്നേക്കാള്‍ മുതിര്‍ന്ന ഒരു കുട്ടേട്ടന്? എല്ലാം നന്നായി കണ്ടറിഞ്ഞ ഒരാള്‍? അനിയന്മാരും അനുജത്തിമാരുമെല്ലാം മിടുമിടുക്കന്മാരും മിടുമിടുക്കികളുമാവണമെന്ന് മോഹിക്കുന്ന ഒരാള്‍? കുടുംബസ്നേഹിയായ ഒരു കുഞ്ഞുകാരണവര്?
അവിടെയാണ് കുട്ടേട്ടന്റെ മഹത്വം. ഇളയതലമുറയെ എഴുത്തുകാരാക്കാന്വേണ്ടി ഒരുപാടുകാലം അദ്ദേഹം എഴുതാതിരുന്നു. സ്ഥിതിസമത്വം പുലരുന്ന ഒരു നല്ലലോകം സ്വപ്നംകണ്ട് ഒളിവില്‍ക്കഴിയുന്ന ആദര്‍ശനിഷ്ഠനായ പഴയ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനെപ്പോലെ, അദ്ദേഹം രഹസ്യമായി നിരന്തരസേവനം ചെയ്തു. തനിക്കുവേണ്ടി എന്തെങ്കിലും നേടാനല്ല.
അനന്തരതലമുറയ്ക്കു നേടിക്കൊടുക്കാന്‍. കുട്ടേട്ടന് എല്ലാപേര്‍ക്കുമായി അയച്ച എല്ലാ കത്തുകളും സമാഹരിച്ച് ഒരു ഗ്രന്ഥമാക്കിയാല്‍ അത് എക്കാലത്തെയും എഴുത്തുകാരുടെ ഭരണഘടനയാകും – അഥവാ റൈറ്റേഴ്സ് മാനിഫെസ്റ്റോ. പെരുമാറ്റച്ചട്ടം.
ഇത്ര ഉയര്‍ന്ന ഒരു സ്ഥാനം കുട്ടേട്ടനല്ലാതെ മറ്റാരെങ്കിലും നേടിയെടുത്തിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം മുട്ടും. ഒരു വലിയ ആഴ്ചപ്പതിപ്പിലെ ചെറിയ പംക്തി കൈകാര്യം ചെയ്തിരുന്ന ഒരാള്‍ക്ക് ഇത്രയൊക്കെ സ്നേഹവും കടപ്പാടും അനന്തരതലമുറയില്നിന്ന് കപ്പമായി ലഭിക്കുന്നുണ്ടെന്നുവരികില്, ആ കുറിയ മനുഷ്യന്റെ വലിയ മനസ്സ് ആകാശംപോലെ ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു മഹാത്ഭുതമല്ലാതെ മറ്റെന്താണ്? അങ്ങനെയും ഉണ്ടാവുമായിരിക്കും ചില അപൂര്‍വ്വജന്മങ്ങള്‍!
കുഞ്ഞുണ്ണിമാഷ്ക്കു മുമ്പ് മാതൃഭൂമിയില്‍ ബാലപംക്തി കൈകാര്യം ചെയ്തിരുന്ന മറ്റൊരാള്‍ ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. പുരുഷോത്തമന് നായര്‍. ആകാശവാണിയിലായിരുന്നു അദ്ദേഹം. പിന്നീട് പോര്ട്ടുബ്ലെയര് ആകാശവാണി നിലയത്തില്‍ നിന്ന് സ്റ്റേഷന് ഡയറക്ടറായി റിട്ടയര്‍ചെയ്തു. അദ്ദേഹവും കുട്ടേട്ടനായിരുന്നു.
ഇതുപറയാന്‍ കാരണം, കുട്ടികളെ സംബന്ധിച്ച് വളരെ മഹത്വമുള്ള ഒരു സ്ഥാനമാണ് കുട്ടേട്ടന്റേത് എന്നു വിശദീകരിക്കാനാണ്. അന്നത്തെ കുട്ടേട്ടന് എഴുതിയ വിലപ്പെട്ട ഒരു പുസ്തകമുണ്ട് ”കുട്ടികളേ, ഇതിലേ ഇതിലേ”….സാഹിത്യപ്രവര്‍ത്തക സംഘമാണ് അതു പുറത്തിറക്കിയത്. കയ്യിലുണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയി. പക്ഷേ, മലയാളത്തില്‍ ആ പുസ്തകം അവശ്യം വന്നേ തീരൂ. ബന്ധപ്പെട്ടവര്‍ അതിന് ഉത്സാഹിക്കുകതന്നെവേണം.
കാരണം, അത്രയ്ക്ക് അമൂല്യമാണത്.
പച്ചക്കായ്കളെ കാലം കനികളാക്കുന്നു. ഇച്ഛകള്‍ക്കു സാഫല്യം തരുന്നു. നിരന്തരമായ ശ്രമവും തപസ്സും അതിനു പിന്നില്‍ ഉണ്ടാവണമെന്നു മാത്രം. കുട്ടേട്ടന്റെ പ്രോത്സാഹനത്തില്‍ കുറേയധികം ഞാനുമെഴുതി. 1966ല്‍ എന്റെ 18-ാം വയസ്സില്‍ ഒരു സമാഹാരം ഇറങ്ങി കന്നിപ്പൂക്കള്‍. പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി, അഗ്രേപശ്യാമി ഇങ്ങനെ ചിലതെല്ലാം പിന്നീട് പുറത്തുവന്നു. 78ല്‍ പ്രസിദ്ധീകരിച്ച ചിലപ്പതികാരപദ്യപരിഭാഷ എന്ന പുസ്തകത്തിനാണ് എനിക്ക് ആദ്യമായി ഒരു അവാര്‍ഡ് കിട്ടുന്നത്. 80ലെ പുത്തേഴന്‍ അവാര്‍ഡ്. ഇതിനിടെ 76ല്‍ മഹാകവി അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍ക്ക് ഞാന്‍ ഒരവതാരിക എഴുതുകപോലുംചെയ്തു! നോക്കണേ, കാലം വരുത്തുന്ന മറിമായങ്ങള്‍!
ഇതിനൊക്കെയുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുന്നത് 75ല്‍ ഞാന്‍ ആകാശവാണിയുടെ തൃശ്ശൂര്‍ നിലയത്തില്‍ സാഹിത്യവിഭാഗത്തില്‍ ഒരു ഉദ്യോഗസ്ഥനായി നിയമിതനാവുന്നതോടെയാണ്. ഒരുപാടൊരുപാടു ബന്ധങ്ങള്‍ അങ്ങനെയുണ്ടായി. പുറത്തിറങ്ങിയ ഗ്രന്ഥങ്ങളെല്ലാം ഓരോ കോപ്പി ഗുരുദക്ഷിണപോലെ ഞാന്‍ കുട്ടേട്ടന് കൃത്യമായി അയച്ചിരുന്നു. അപ്പോഴും നേരില്‍ കണ്ടിരുന്നില്ല.
ആയിടയ്ക്കാണ് കുട്ടേട്ടന്റെ ശിഷ്യഗണങ്ങളില്‍ ഒരു പ്രധാന കണ്ണിയായ ടി.വി. കൊച്ചുബാവ എന്നോടു പറയുന്നത്. ”കുഞ്ഞുണ്ണിമാഷ് ലേശം നെഞ്ചുവേദനയുമായി തൃശ്ശൂര്‍ ജില്ലാ ആസ്പത്രിയിലെ ലയണ്സുവാര്ഡില് കിടപ്പാണ്” എന്ന്. ”എന്നെ അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെടുന്നു” എന്നും.
അവിടെയാണ് ആദ്യത്തെ കൂടിക്കാഴ്ച. ആദ്യമായിട്ടാണ് കാണുന്നത് എന്ന തോന്നല്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഉണ്ടായതേയില്ല. ചിരകാലമായി ദൃഢബന്ധമുള്ള രണ്ടുപേര്‍! വാസ്തവം അതായിരുന്നല്ലോ. കണ്ടപാടേ മാഷ് പറഞ്ഞു.
”എടോ ഞാനിവിടെ കുറേ ദിവസം കാണും. അതിനിടെ താന്‍ എന്നെ ആ ”തിരുക്കുറള്‍” ഒന്നു പഠിപ്പിക്കണം”.
എനിക്ക് അത്ഭുതം തോന്നി. ആ അവസ്ഥയിലും പഠിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനു വലിപ്പച്ചെറുപ്പമില്ല. പ്രായഭേദമില്ല. കാലവ്യത്യാസമില്ല. ഒരിക്കലും അവസാനിക്കാത്ത ഒരു പഠിപ്പല്ലാതെ മറ്റെന്താണ് ജീവിതം?
വെറും ഒരു ഈരടിയില്‍ – കൃത്യമായി അളന്നുപറഞ്ഞാല് ഒന്നേമുക്കാല്‍ വരിയില്‍ – ആശയത്തിന്റെ ഒരു മഹാപ്രപഞ്ചം ഉള്‍ക്കൊള്ളുന്ന തത്ത്വഗ്രന്ഥമാണു ‘തിരുക്കുറള്‍.’ തമിഴിന്റെ സംസ്കാര സര്‍വ്വസ്വമായ ആ വിശിഷ്ടകൃതി മലയാളത്തിലേയ്ക്ക് വ്യാഖാനസഹിതം വിവര്‍ത്തനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. വിവരം കൊച്ചുബാവയ്ക്കറിയാം. അതുപറഞ്ഞ് അയാള്‍ മാഷിനെ കെണിയില്‍ വീഴ്ത്തിയതാണ്. മാഷാകട്ടെ ‘തിരുക്കുറള്‍’ എന്നു കേട്ടതും മുന്‍പിന്‍ ചിന്തിക്കാതെ എടുത്തുചാടുകയുംചെയ്തു.
ഫലമോ? ശിഷ്യന് ഗുരുവായി. ഗുരു ശിഷ്യനുമായി. പറയുന്നതെല്ലാം ചെവി കൂര്‍പ്പിച്ച് സശ്രദ്ധം കേള്‍ക്കുകയും നന്നായി ഉള്‍ക്കൊള്ളുകയും അത്ഭുതം വിടര്‍ന്ന കണ്ണുകളോടെ ഇരുന്നുതരികയും ചെയ്യുന്ന ആ കുറിയ വലിയ മനുഷ്യനെ, എന്റെ പ്രിയപ്പെട്ട ഗുരുശിഷ്യനെ, എനിക്കു മറക്കാന്‍ കഴിയുന്നില്ല!
‘തിരുക്കുറള്‍’ മാഷ് നന്നായി ഉള്‍ക്കൊണ്ടു എന്നുവേണം കരുതാന്‍. അതിന്റെ സ്വാധീനം അദ്ദേഹത്തിന്റെ രണ്ടുവരിക്കവിതകളിലും നാലുവരിക്കവിതകളിലുമൊക്കെ സമൃദ്ധമായി ത്രസിക്കുന്നുണ്ട്. ഒതുക്കിപ്പറയലിന്റെ കടുത്ത നിയന്ത്രണവും ഒതുങ്ങാത്ത ആശയഗാംഭീര്യത്തിന്റെ ഔന്നത്യവും സമന്വയിപ്പിക്കുന്ന രാസവിദ്യ! നാട്ടുവര്‍ത്തമാനങ്ങളും നമ്പൂരിഫലിതങ്ങളും നാടന്‍പാട്ടുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും മുത്തശ്ശിക്കഥയുടെ മുത്തുമണികളുമെല്ലാം കുഞ്ഞുണ്ണിക്കവിതയില്‍ കിലുങ്ങുന്നുണ്ട്. നമ്മുടെ ഗ്രാമസംസ്കാരത്തിന്റെ കവിയാണദ്ദേഹം. പതിനെട്ടും പഠിച്ച അരക്കവി. പാമരന്മാരുടെയും മഹാകവി.
ഒരു സാഹിത്യസദ്യയ്ക്കും കുറിയമുണ്ടുടുത്ത് വിളമ്പുകാരനായി ചെല്ലാന്‍ ഒരു മടിയുമില്ലാത്തയാളായിരുന്നു കുഞ്ഞുണ്ണിമാഷ്. കൃത്യമായി എത്തും. വൃത്തിയായി വിളമ്പും. എത്തിയവരെല്ലാം വിഭവങ്ങള്‍ ആസ്വദിച്ചു കഴിക്കുന്നതുകണ്ട് സംതൃപ്തികൊള്ളും. കാരണം, താന്‍ വിളമ്പുന്നത് ഭാരതത്തിന്റെയും ശുദ്ധമായ നാട്ടുസംസ്കാരത്തിന്റെയും അഭിമാനത്തിന്റെയും പാരമ്പര്യത്തിന്റെയും ഔഷധപ്പറ്റുള്ള വിഭവങ്ങളായിരുന്നു എന്നതുതന്നെ.
കുസൃതിക്കുടുക്കകളായ കുട്ടികള്‍ക്കിടയിലെ കിരീടം വയ്ക്കാത്ത രാജാവായ ഈ കുറുമ്പന്കുട്ടിയെ കുട്ടികള്‍ മാത്രമല്ല, കാനാടി ചാത്തന്പോലും സ്നേഹിച്ചിരുന്നു എന്നതിന് ഞാന്‍ സാക്ഷിയാണ്. 85 ലാണെന്നാണ് ഓര്‍മ്മ. അന്ന് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ഡോക്ടര്‍ ചുമ്മാര്‍ ചൂണ്ടല്‍ എന്നോടു പറഞ്ഞു.
”കുഞ്ഞുണ്ണിമാഷിന് സ്വീകരണം.”
”എവിടെ?”
”കാനാടി മഠത്തില്‍.”
”ഉവ്വോ?”
”അതേയതേ!”
”കാനാടി ചാത്തനും ബാലപംക്തിക്കു വല്ലതും അയച്ചുകാണും. ” ”അതെന്തോ, അറിയില്ല. മഠാധിപതി എല്ലാം ഏര്‍പ്പാടാക്കീട്ടുണ്ട്. ഒരു മംഗളപത്രം കൊടുക്കണം. അതു രമേശന്‍നായര്‍ എഴുതണമെന്നാണ് ഞങ്ങളുടെ (അതോ, ചാത്തന്റെയോ?) – ആഗ്രഹം.”
എന്തായാലും സ്വീകരണം ഉഷാറായി. മംഗളപത്രത്തിന്റെ അച്ചടിച്ച പ്രതികള്‍ യഥേഷ്ടം പ്രചരിച്ചു. സന്ധ്യയ്ക്ക് കൂടണയാന്‍ വെമ്പുന്ന വെള്ളില്‍പ്പറവകളെപ്പോലെ കാനാടി മഠത്തിനുചുറ്റും അവ പറന്നുകളിച്ചു. ചൂണ്ടലിനെനോക്കി മാഷ് ചിരിച്ച ആ കള്ളച്ചിരി ! ഓ, അതൊന്നു കാണേണ്ടതുതന്നെ!
ഇനിയും ഒരനുഭവമുള്ളതുകൂടി കുറിക്കാം. 78 ജനുവരി 7 നാണു സംഭവം. കാലടി ശ്രീശങ്കരാ കോളേജില്‍ കവിസമ്മേളനം. പ്രൊഫസര്‍ എസ്.കെ.വസന്തന്റെ ക്ഷണമനുസരിച്ച് ഞങ്ങളെല്ലാം എത്തുന്നു. ഇനി എന്റെ അന്നത്തെ ഡയറിക്കുറിപ്പില്‍ നിന്ന് പകര്‍ത്താം.
”രാവിലെ 7 മണിക്കുപോയി. അക്കിത്തത്തെ ബ്രഹ്മസ്വംമഠത്തില്‍ നിന്നും കൂട്ടി. 8നുള്ള തീവണ്ടിയില്‍ കയറി. വൈലോപ്പിള്ളിയും മുല്ലനേഴിയും ഉണ്ടായിരുന്നു കൂടെ. തീവണ്ടി മാറിക്കയറണമെന്ന് മുല്ലനു ശാഠ്യം. മാറിയപ്പോള്‍ ആദ്യത്തേത് ഉടന്‍ വിട്ടു. നമ്മുടെ വാഹനം 10നാണു വിട്ടത്. രണ്ടുമണിക്കൂര്‍ വണ്ടിക്കുള്ളിലിരുന്ന് എല്ലാപേരും നരകിച്ചു. 11ന് ആലുവായിലിറങ്ങി. അങ്കമാലി – കാലടിയില്‍ നിര്‍ത്തുന്ന വണ്ടിയായിരുന്നില്ല. പിന്നെ അവിടെ നിന്ന് ടാക്സിവിളിച്ച് ശങ്കരാകോളേജിലെത്തിയപ്പോള് മണി പതിനൊന്നര. അവിടെ കുഞ്ഞുണ്ണിമാഷ്, വിനയചന്ദ്രന്, പുനലൂര്‍ ബാലന്, വിഷ്ണുനാരായണന്‍ നമ്പൂതിരി, എം. കൃഷ്ണന്‍കുട്ടി എന്നിവര്‍ തുടങ്ങിക്കഴിഞ്ഞു.
വിദ്യാര്‍ത്ഥികള്‍ രണ്ടു വിഭാഗമായി തിരിഞ്ഞ് പൊരിഞ്ഞ അടി. ഞങ്ങള്‍ കവികളെല്ലാം പ്രാണരക്ഷാര്‍ത്ഥം ഓടാന്‍ തയ്യാറായി നിന്നു. കുഞ്ഞുണ്ണിമാഷായിരുന്നു മുമ്പില്‍……..!
അടിയന്തരാവസ്ഥക്കാലത്തെ നിര്‍ബന്ധിത വന്ധ്യംകരണം പോലെ, കലാലയങ്ങളില്‍ സിലബസിലില്ലാത്ത ഒരു നിര്‍ബന്ധിത വിഷയമുണ്ട് – രാഷ്ട്രീയം! ബുദ്ധിമാന്മാരുടെ – സൂത്രശാലികളുടെ – ദോശ മറിച്ചിടാനുള്ള ചട്ടുകങ്ങളായി അന്നും ഇന്നും എന്നും കുറേ വിദ്യാര്ത്ഥികളുണ്ടാവും. അതാണ് കലാലയ രാഷ്ട്രീയത്തിന്റെ സൗന്ദര്യരഹസ്യം.
കുഞ്ഞുണ്ണിമാഷ് ചെറിയ ആളായിരുന്നു.
പക്ഷേ, എന്തിലും മുമ്പിലായിരുന്നു. എപ്പോഴും വലുതായിരുന്നു. മലയാളത്തിന്റെ കുഞ്ഞിക്കണ്ണുകള്‍ക്ക് ഒരു നിത്യവിസ്മയവും കുഞ്ഞിച്ചെവികള്ക്ക് തോരാത്ത അമൃതധാരയുമായിരുന്നു ആ ഗുരുഭൂതന്. ഗുരുപരമ്പരയുടെ തിളക്കമാര്‍ന്ന ആ കണ്ണി അറ്റുപോയത് വല്ലാത്തൊരു നഷ്ടംതന്നെ. നിറഞ്ഞുതുളുമ്പുന്ന അമൃതമാധുര്യത്തിന്റെ സുകൃതലഹരിയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ക്ലാസ്സും – വെറുതേ വീണുടയുന്ന നൈമിഷികതയുടെ ചില്ലുഗ്ലാസ്സുകളായിരുന്നില്ല. പൊക്കമില്ലായ്മയാണ് തന്റെ പൊക്കം എന്നറിഞ്ഞ കുഞ്ഞുണ്ണിക്കുട്ടി. എന്റെ ഗുരുവായൂരപ്പാ! ആ കുട്ടിയെവിടെ? കാണാനില്ലല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: