കഞ്ഞിവെള്ളത്തില്‍ നിന്ന് കറന്റുണ്ടാക്കാമെന്നു കേട്ടാല്‍ ആരും ഒന്നുഞെട്ടും. തെങ്ങില്‍ നടന്നുകയറാമെന്നു പറഞ്ഞാല്‍ അതിശയിക്കും. മേശപ്പുറത്തുവച്ച് തേങ്ങ പൊതിക്കാമെന്നുപറഞ്ഞാല് പരിഹസിക്കുകതന്നെ ചെയ്യും. പക്ഷെ, ഇതൊക്കെ സത്യമാണെന്ന് കണ്ടറിഞ്ഞാലോ?. ശരിക്കും അന്തംവിടും…
ഇതൊക്കെ ശരിക്കും സത്യമാണ്. കണ്ടുപിടിച്ചത് അമേരിക്കയിലേയും ജപ്പാനിലേയും ഗവേഷണശാലകളിലല്ല. കണ്ടുപിടുത്തക്കാര്‍ കൊടികുത്തിയ ശാസ്ത്രജ്ഞന്മാരുമല്ല. നമ്മുടെ ഗ്രാമീണജീവിതത്തെ മാറ്റിമറിച്ചേക്കാവുന്ന ഈ കണ്ടുപിടുത്തങ്ങളൊക്കെ പിറന്നുവീണത് തറവാടിന്റെ ഉമ്മറത്തും കോലായിലുമൊക്കെയാണ്. കണ്ടുപിടിച്ചതാവട്ടെ സാധാരണക്കാരായ ഗ്രാമീണരും.
നഗരവാസികള്‍ക്ക് കണക്കില്ലാത്ത ആവശ്യങ്ങളാണുള്ളത്-ജീവിതം സുഗമമാക്കുന്നതിനും സുഖകരമാക്കുന്നതിനുമുതകുന്ന നൂറ് നൂറ് ആവശ്യങ്ങള്‍. അതൊക്കെ മണത്തറിയാന്‍ വന്‍ കമ്പനികള്‍ക്ക് സംവിധാനവുമുണ്ട്. തുണി ഉണക്കാനും മുറിമണക്കാനും പൂവിടര്ത്താനും ഒക്കെ. അതിനുള്ള യന്ത്രസംവിധാനങ്ങള്‍ ഞൊടിയിടയില്‍ ഓണ്‍-ലൈന്‍ മാര്ഗത്തിലെത്തുകയും ചെയ്യും. പക്ഷെ, ഗ്രാമങ്ങളിലെ കഥയതല്ല. തെങ്ങില്‍ കയറാനും കപ്പ പറിക്കാനും വെള്ളം കോരാനും അവിടെ ഞൊടുക്കു വിദ്യകളില്ല. മാലിന്യം സംസ്കരിക്കാന്‍ മാര്‍ഗ്ഗങ്ങളില്ല.
ഈ രംഗത്താണ് ഗ്രാമീണ ഗവേഷകര്‍ അത്ഭുതങ്ങളുമായി കടന്നുവരുന്നത്. നല്ല ആശയങ്ങളുള്ള എത്രയോ പേര് നമുക്കിടയിലുണ്ട്.
പക്ഷെ പ്രോത്സാഹനമില്ല. ആ പശ്ചാത്തലത്തിലാണ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഗ്രാമീണ ഗവേഷക സംഗമത്തിന് തുടക്കമിട്ടത്. സംഗമം ഇത്തവണ നടന്നത് കോഴിക്കോട്ട്. പേരറിയാത്ത ഒരുപിടി കണ്ടുപിടുത്തങ്ങളുമായി അപരിചിതരായ ഒരുപാട് ഗ്രാമീണര്‍ ആ സംഗമത്തിനെത്തി. പറമ്പുപണി ചെയ്യുന്ന സാധാരണ കൃഷിക്കാരന് മുതല്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ വരെ.
നാട്ടിന്‍പുറത്തെ വലിയൊരു പ്രശ്നമാണ് മരച്ചീനി അഥവാ കപ്പക്കിഴങ്ങുകള്‍ പൊട്ടിപ്പോകാതെ പറിച്ചെടുക്കുന്നത്. പറിച്ചെടുക്കാന്‍ ഏറെ അധ്വാനം വേണം. സമയവുമെടുക്കും. ഈ പ്രശ്നമൊക്കെ പരിഹരിക്കാനാണ് കുമാരനെല്ലൂരുകാരനായ മെല്ബിന് ജോസഫ് ‘സേവിക’ എന്ന യന്ത്രം രൂപപ്പെടുത്തിയത്. കിഴങ്ങുപൊട്ടാതെ, സമയമെടുക്കാതെ ആര്‍ക്കും മരച്ചീനി പിഴുതെടുക്കാവുന്ന യന്ത്രരൂപമാണ് സേവിക.
മൈക്രോവേവ് ഓവനില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ പടിക്കുപുറത്താക്കുന്നതാണ് മുണ്ടൂര്‍ ഐആര്‍ടിസിയിലെ ലളിതാംബികയുടെ കണ്ടുപിടുത്തം. പേരിട്ടിരിക്കുന്നത് ‘മൈക്രോവേവബിള്‍ ടെറാക്കോട്ട’. കല്‍പ്പറ്റയിലെ പി.സി. തോമസ് നാട്ടിന്‍പുറത്തുകാരുടെ വലിയൊരു പ്രശ്നത്തിന് പരിഹാരവുമായാണ് ഗവേഷണസംഗമത്തിനെത്തിയത്. ശാഖയുണ്ടെങ്കിലും ഇല്ലെങ്കിലും ഏത് മരത്തിലും അല്ലലില്ലാതെ പാഞ്ഞുകയറുന്ന ഒരു യന്ത്രമാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. പേര്, മരംകേറി എന്ന്.
നാട്ടിന്‍പുറത്തായാലും നഗരത്തിലായാലും നാം കേരളീയര്‍ എത്ര ലിറ്റര്‍ കഞ്ഞിവെള്ളമാണ് ദിവസേന ഒഴുക്കിക്കളയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.
തീര്‍ച്ചയായും അതിന് കണക്കില്ല. ഒരു ബയോറിയാക്ടര്‍ നിര്‍മിച്ച് കഞ്ഞിവെള്ളത്തില്‍ ചില സൂക്ഷ്മാണുക്കളെ വളര്‍ത്തി അതില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധനവും വൈദ്യുതിയും ഉണ്ടാക്കാമെന്നാണ് കൊടകര സഹൃദയ എഞ്ചിനിയറിങ് കോളേജിലെ മേഘ കണ്ടുപിടിച്ചത്. ശേഷിക്കുന്ന കഞ്ഞിവെള്ളം ശുദ്ധീകരിച്ച് വെള്ളമാക്കി മാറ്റുകയും ചെയ്യാമത്രെ.
പാമ്പാക്കുടയിലെ അബി വറുഗീസ് കണ്ടുപിടിച്ചത് നാട്ടിന്‍പുറത്തുകാര്‍ക്കും നഗരവാസികള്‍ക്കും ഒരുപോലെ പ്രയോജനമാകുന്ന ഒരുപകരണമാണ്. മേശപ്പുറത്തുവച്ച് തേങ്ങാ പൊതിക്കാനുള്ള യന്ത്രസംവിധാനം.
അല്പം പോലും ശ്രമംകൂടാതെ വളരെ ആയാസരഹിതമായി ഇതില്‍ നമുക്കാവശ്യമുള്ള നാളികേരത്തിന്റെ തൊണ്ടുപൊളിക്കാം. തെങ്ങുകയറുന്നതിന് കേവലം നാലുകിലോ മാത്രം ഭാരം വരുന്ന ഉപകരണമാണ് കൂരാച്ചുണ്ടു സ്വദേശി വിത്സന് രൂപപ്പെടുത്തി അവതരിപ്പിച്ചത്. വാട്ടര്‍ടാങ്കിനുള്ളില്‍ ഇറങ്ങാതെ തന്നെ അത് കഴുകി വൃത്തിയാക്കാനുള്ള സംവിധാനമായിരുന്നു പൂവന്തുരുത്തുകാരന് പ്രസാദിന്റെത്.
ഇങ്ങനെ എത്രയോ കണ്ടുപിടുത്തങ്ങള്‍. അന്ധര്‍ക്ക് വഴിമുട്ടില്ലാതെ സഞ്ചരിക്കാനും പുഴയിലെ പോളയപ്പാടെ നീക്കംചെയ്യാനും മോട്ടോര്ബൈക്കുകൊണ്ട് ജലസേചനം നടത്താനുമൊക്കെ നാട്ടാരെ സഹായിക്കുന്ന നിരവധി കണ്ടുപിടുത്തങ്ങള്‍. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഗ്രാമീണ ഗവേഷക സംഗമങ്ങള്‍ നടന്നു. അവയിലുമുണ്ടായി നാട്ടിന്‍പുറത്തുകാരന്റെ പ്രതിഭയുടെ പ്രതിഫലനങ്ങള്‍. അതിലൊന്ന് തെങ്ങിന് കയറാതെ തേങ്ങയിടുന്ന യന്ത്രം. താഴെനിന്ന് വയര്‍ കൊണ്ടാണ് നിയന്ത്രണം. മറ്റൊന്ന് പടകയറും പോലെ തെങ്ങിലേക്ക് നടന്നുകയറാവുന്ന യന്ത്രം. റബ്ബര്‍ ചിരട്ടയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ഒട്ടുപാല് മുട്ടില്ലാതെ അതിവേഗം പൊളിച്ചെടുക്കാന്‍ സഹായിക്കുന്ന സൂത്രം മറ്റൊന്ന്. തേങ്ങാചുരണ്ടാനുമുണ്ട് ഒരുയന്ത്രം. ചകിരിയും നാരും പൊടിയുമൊന്നും തേങ്ങയില്‍ വീഴാതെ കുട്ടികള്‍ക്കുപോലും ഇതുപയോഗിച്ച് തേങ്ങ ചുരണ്ടിക്കൂട്ടാം.
മുളകൊണ്ടും പീരങ്കിയുണ്ടാക്കാമെന്നാണ് ഒരു കുടിയേറ്റ കര്‍ഷകന്റെ കണ്ടെത്തല്‍. നൂറ് മില്ലി മണ്ണെണ്ണയും അല്പം പഴന്തുണിയും ഒരു തണ്ട് മുളയുമുണ്ടെങ്കില് ആര്‍ക്കും മുളപീരങ്കിയുണ്ടാക്കാം. ശബ്ദംകേട്ടാല്‍ ആന പോലും വിരണ്ട് തിരിഞ്ഞോടും. മുളയും പാട്ടയും കമ്പികഷ്ണവും ചേര്‍ത്തുണ്ടാക്കുന്ന ഉപകരണംകൊണ്ട് അതിര്‍ത്തി കടന്നെത്തുന്ന വന്യമൃഗങ്ങളെ തുരത്താമെന്ന് മറ്റൊരു കര്ഷകന് നമുക്ക് കാണിച്ചുതരുന്നു. അതിന് അദ്ദേഹം നല്കിയ പേര് ‘മാന്തട്ട’.
നടക്കും വഴിയില്‍ ഉറപ്പിച്ച ടൈലുകളില്‍ നിന്ന് വൈദ്യുതോര്‍ജ്ജം ഉണ്ടാക്കാമെന്നും വെറുതെ കിടക്കുന്ന കരിയില സംസ്കരിച്ച് കര്ക്കരിയേക്കാളും ഇന്ധനക്ഷമതയുറ്റ ഇന്ധനം ചിലവഴിക്കാതെ ഉണ്ടാക്കാമെന്നുമാണ് മറ്റുചില നാട്ടിന്പുറത്തുകാര് നമുക്ക് പറഞ്ഞുതരുന്നത്.
ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണ് ഇത്തരം സംഗമങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത്. നാട്ടിന്‍പുറത്തെ നമ്മുടെ സഹോദരന്മാരെക്കുറിച്ച് അഭിമാനം കൊള്ളിക്കുന്ന വികാരമാണ് നമുക്കവ സമ്മാനിക്കുന്നത്. പക്ഷെ അപ്പോഴും ഒരുപിടി ചോദ്യങ്ങള്‍ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറയാതെ വയ്യ.
ഈ ഗവേഷകര്‍ക്കും അവരുടെ കണ്ടുപിടുത്തങ്ങള്‍ക്കും പിന്നീട് എന്തു സംഭവിക്കുന്നു. അവയൊക്കെ പണിക്കുറ്റം തീര്‍ത്ത് നമ്മുടെ വിപണിയിലെത്തുന്നുണ്ടോ? ഏതെങ്കിലും കുത്തകകള്‍ അവയൊക്കെ തട്ടിയെടുത്ത് സ്വന്തമാക്കാന്‍ തക്കംപാര്‍ത്ത് നില്ക്കുന്നുണ്ടോ?. ഇത്തരം കണ്ടുപിടുത്തക്കാര്‍ക്ക് പില്ക്കാലത്ത് തങ്ങളുടെ ഗവേഷണം തുടരാന്‍ വേണ്ട സഹായം ലഭിക്കുന്നുണ്ടോ? മനസ്സുപറയുന്നു, എല്ലാം ഭംഗിയായി നടക്കുമെന്ന്. കാരണം, സംസ്ഥാന ശാസ്ത്ര കൗണ്‍സില്‍ അവര്‍ക്കൊപ്പമുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: