കോഴിക്കോട്: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനായി 50 ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ആര്‍.എ.പി.ഡി.ആര്‍.പി (റീസ്ട്രക്‌ചേഡ് ആക്‌സിലറേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് റിഫോംസ് പ്രോഗ്രാം) പദ്ധതി 65 ശതമാനം പൂര്‍ത്തിയായതായി കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഇലക്ട്രിക് ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കുക, മെച്ചപ്പെട്ട വോള്‍ട്ടേജ് ഉറപ്പുവരുത്തുക, വിതരണ നഷ്ടം കുറയ്‌ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 198 കോടിയുടെ പദ്ധതിയാണിത്.
ഇതിന്റെ ഭാഗമായി 11 കെ.വി ഓവര്‍ഹെഡ് ലൈനുകള്‍ മാറ്റി വിവിധ സബ്‌സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ കേബ്ള്‍ ശൃംഖലയും റിംഗ് മെയിന്‍ യൂനിറ്റുകളും സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിച്ചുവരികയാണ്. കരാറുകാരായ എല്‍.ആന്റ്.ടി കമ്പനി 2013 ഒക്‌ടോബറിലാണ് പ്രവൃത്തി ആരംഭിച്ചത്. കേബിളിടുന്നതിനായി റോഡുകളില്‍ കുഴികളെടുക്കുമ്പോഴും ആര്‍.എം.യുകള്‍ സ്ഥാപിക്കുമ്പോഴും റോഡുകള്‍ കേടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിനു മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുമായി ചേര്‍ന്ന് പരിശോധന നടത്തിവേണം സ്ഥലങ്ങള്‍ തീരുമാനിക്കാന്‍. നിലവില്‍ കുഴികളെടുത്ത ഭാഗങ്ങളിലെ മണ്ണ് റോഡില്‍ നിന്നും മാറ്റണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.
















