കടുത്തുരുത്തി: പി.സി. തോമസിനെ കാലുവാരി ഇടതുമുന്നണിയില്‍ സ്ഥാനാര്‍ത്ഥിത്വം തരപ്പെടുത്തിയ സ്‌കറിയാ തോമസിനെ കടുത്തുരുത്തിയിലെ സഖാക്കള്‍ കൈവിട്ടത് പിണറായിയുടെ വാക്കുപോലും കേള്‍ക്കാതെ. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സ്റ്റീഫന്‍ ജോര്‍ജ് 42,520 വോട്ടുകള്‍ മണ്ഡലത്തില്‍ നേടിയിരുന്നു. ഇത്തവണ സ്‌കറിയാ തോമസിന് ലഭിച്ചതാവട്ടെ 31,293 വോട്ടുകള്‍. 11,227 വോട്ടിന്റെ കുറവാണ് ഇവിടെ ഉണ്ടായത്. പുതിയ വോട്ടുകള്‍ വേറെയും. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ സഖാക്കള്‍ കൈവിട്ടുവെന്ന് മനസ്സിലാക്കിയ സ്‌കറിയാ തോമസ് സാക്ഷാല്‍ പിണറായിവിജയനെ കടുത്തുരുത്തിയില്‍ വിളിച്ചുവരുത്തി. ശക്തമായ ഭാഷയില്‍ പിണറായി സഖാക്കളെ താക്കീതും ചെയ്തു. പക്ഷേ പിണറായിയുടെ ശാസനയ്‌ക്ക് കടുത്തുരുത്തിയിലെ സഖാക്കള്‍ പുല്ലുവിലപോലും നല്‍കിയില്ല. ഇടതുമുന്നണിയുടെ ഇവിടുത്തെ വോട്ട് മോന്‍സ് ജോശഫിന്റെ പെട്ടിയിലേക്കൊഴുകി. ഇതുതന്നയാണ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലും സംഭവിച്ചത്.
















