ആലപ്പുഴ: ഇത്തവണ തെരഞ്ഞെടുപ്പില്‍ വിമതന്മാര്‍ക്കും അപരന്മാര്‍ക്കും ക്ലച്ചുപിടിക്കാനായില്ല. കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തെത്തിയ ജോസ് കോയിപ്പള്ളിക്ക് വെറും 263 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. നോട്ടയ്‌ക്കും താഴെയായി ഇവിടെ വിമതന്റെയും അപരന്റെയും വോട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജേക്കബ് എബ്രഹാമിന്റെ അപരനായ ജേക്കബ് എബ്രഹാം പനവേലിക്ക് 262 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.അയ്യായിരത്തോളം വോട്ടുകളെങ്കിലും കുറഞ്ഞത് പിടിക്കുമെന്നാണ് ജോസും കൂട്ടരും അവകാശപ്പെട്ടിരുന്നത്.
അമ്പലപ്പുഴയില്‍ യുഡിഎഫിന്റെ വിമത സ്ഥാനാര്‍ത്ഥിയായ ഐഎന്‍ടിയുസി നേതാവ് നാസര്‍ എം. പൈങ്ങാമഠത്തിന് 1053 വോട്ടുകള്‍ ലഭിച്ചു. ഇവിടെ പിഡിപിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും മറ്റും വോട്ടുകള്‍ ഇടതുമുന്നണിക്കാണ് ലഭിച്ചത്.
ചേര്‍ത്തലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശരത്തിന്റെ അപരനായ ശരത്തിന് 639 വോട്ടുകളാണ് ലഭിച്ചത്. ഹരിപ്പാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. പ്രസാദിന്റെ അപരന്‍ പ്രസാദ് ഉണ്ണിക്കത്തറയ്‌ക്ക് വെറും 38 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. ലിജുവിന്റെ അപരന്‍ ലിജു എം. വല്യത്തിന് 87 വോട്ടുകളാണ് ലഭിച്ചത്. മുമ്പ് അപരന്‍ വി.എം. സുധീരനെ വീഴ്‌ത്തിയതോടെയാണ് ജില്ലയില്‍ അപരന്മാരുടെ മൂല്യം വര്‍ദ്ധിച്ചത്.
എന്നാല്‍ അപര ശല്യത്തെ നേരിടാനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടിങ് യന്ത്രത്തില്‍ ചിഹ്നത്തോടൊപ്പം സ്ഥാനാര്‍ത്ഥിയുടെ ചിത്രങ്ങള്‍ കൂടി പതിച്ചതോടെ അപരന്മാര്‍ക്ക് യാതൊരു വിലയുമില്ലാതായി.
















