ആലപ്പുഴ: ജില്ലയിലെ കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, അരൂര്‍ മണ്ഡലങ്ങളില്‍ സിപിഎം- കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നതായി ബിജെപി കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറും സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ആണ് കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎമ്മിനു മറിച്ചത്. എന്‍ഡിഎയുടെ മുന്നേറ്റം തടയാനായിരുന്നു ഈകച്ചവടം. കഴിഞ്ഞ തവണ അരൂരിലും കായംകുളത്തും അമ്പലപ്പുഴയിലും കോണ്‍ഗ്രസിനു കിട്ടിയ വോട്ടില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത് സംബന്ധിച്ച് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. ഹരിപ്പാട്ടും അമ്പലപ്പുഴയിലും ഘടക കക്ഷികളെ ബലിയടാക്കിയാണ് വോട്ടു കച്ചവടം നടത്തിയത്. ജി. സുധാകരനും രമേശ് ചെന്നിത്തലയ്‌ക്കും ഇതില്‍ പങ്കുണ്ട്. ഹരിപ്പാട്ട് സിപിഎമ്മുകാര്‍ ഒന്നടങ്കം രമേശ് ചെന്നിത്തലയ്‌ക്ക് വോട്ടു ചെയ്തു. അമ്പലപ്പുഴയില്‍ ജനതാദളിനെ രാഷ്‌ട്രീയമായി ഒതുക്കാന്‍ കോണ്‍ഗ്രസുകാര്‍ സംയുക്തമായി സുധാകരന് വോട്ടു ചെയ്തു. എന്നിട്ടും കഴിഞ്ഞ തവണത്തെക്കാള്‍ സുധാകരന് വോട്ടു കുറഞ്ഞു. ഇത് സംബന്ധിച്ച് സുധാകരന് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. ഒ. രാജഗോപാലിന്റെ വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് ജില്ലയില്‍ പ്രവര്‍ത്തകര്‍ മധുരവിതരണം നടത്തി. ബിഡിജെഎസ് ബിജെപി സഖ്യം ജില്ലയില്‍ വന്‍മുന്നേറ്റമാണ് നടത്തിയത്. എന്‍ഡിഎ മുന്നണിയായതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് വലിയ നേട്ടം ആണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. മാവേലിക്കരയിലും ചെങ്ങന്നൂരിലും കുട്ടനാട്ടിലും അരൂരിലും അമ്പലപ്പുഴയിലും വലിയ തോതില്‍ വോട്ടു നേടാന്‍ കഴിഞ്ഞതും ബിഡിജെഎസ് ബിജെപി സഖ്യത്തിന്റെ നേട്ടമായാണ് കണക്കാക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ കൂട്ടിച്ചേര്‍ത്തു.
















