കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏക വോട്ടെണ്ണല്‍ കേന്ദ്രമായ വെളളിമാട്കുന്നിലെ ജെ.ഡി.ടി ഇസ്ലാം എഡ്യുക്കേഷനല്‍ കോംപ്ലക്‌സ് വോട്ടെണ്ണലിന് സജ്ജം. ഓരോ മണ്ഡലങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.
രാവിലെ ഏഴു മണിയോടെ തന്നെ റിട്ടേണിംഗ് ഓഫീസര്‍മാര്‍, നിരീക്ഷകര്‍, കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തും. സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കുമുള്ള പാസ്സുകള്‍ ഏഴുമണിയോടെ വിതരണം ചെയ്യും. 13 മണ്ഡലങ്ങളില്‍ നിന്നുള്ള ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളില്‍ നിന്ന് കൗണ്ടിംഗ് സെന്ററിലെ ടേബിളുകളിലേക്ക് ഓരോ റൗണ്ടിലേക്കുമുള്ളവ എത്തിച്ച ശേഷമാണ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ നടക്കുക. വോട്ടര്‍മാരുടെ എണ്ണത്തിനനുസരിച്ച് ഒരു കേന്ദ്രത്തില്‍ 12 മുതല്‍ 14 വരെ ടേബിളുകളുണ്ടാവും. ഒരു ടേബിളില്‍ ഒരു ഇ.വി.എം എന്ന നിലയിലാണ് ഓരോ റൗണ്ടിലും വോട്ടെണ്ണല്‍. ഇതിനു പുറമെ റിട്ടേണിംഗ് ഓഫീസര്‍ക്ക് പ്രത്യേകമായ ടേബിളുമുണ്ടാവും. ഈ ടേബിളില്‍ കൃത്യം എട്ട് മണിക്ക് തപാല്‍ വോട്ടുകള്‍ എണ്ണുന്നതോടെയാണ് വോട്ടെണ്ണലിന് തുടക്കമാവുക.
ഒരോ ടേബിളിലും കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, കൗണ്ടിംഗ് മൈക്രോ ഓബ്‌സര്‍വര്‍ എന്നിവര്‍ വീതമുണ്ടാവും. ഓരോ വോട്ടിംഗ് യന്ത്രത്തിലേയും വോട്ടുകള്‍ എണ്ണുന്ന മുറയ്‌ക്ക് അവയുടെ എണ്ണം പിങ്ക് നിറത്തിലുള്ള ഡാറ്റാ ഷീറ്റില്‍ രേഖപ്പെടുത്തി കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ ഒപ്പുവച്ച ശേഷം റിട്ടേണിംഗ് ഓഫീസറുടെ മേശപ്പുറത്തെത്തിക്കും.
റിട്ടേണിംഗ് ഓഫീസര്‍ ഇത് പരിശോധിച്ച് ടാബുലേഷനു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട സെല്ലിലേക്ക് കൈമാറും. ഇവിടെനിന്നാണ് വോട്ടുകളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കുക. അതോടൊപ്പം ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍ ബോര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്യും. രാവിലെ 8.10ഓടെ ആദ്യഫലങ്ങള്‍ പുറത്തുവരുന്ന രീതിയിലാണ് കാര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറിനകം അന്തിമ ഫലം പ്രഖ്യാപിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. എല്ലാ റൗണ്ടും എണ്ണിത്തീര്‍ന്ന ശേഷം റിട്ടേണിംഗ് ഓഫീസറാണ് അന്തിമഫലം പ്രഖ്യാപിക്കുക.
















