കോഴിക്കോട്: ആര്‍എംപി കോഴിക്കോട് ജില്ലാ ചെയര്‍ മാനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ. കുഞ്ഞിക്കണാരനെതിരെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു. കുഞ്ഞിക്കണാരന്‍ പോളിംഗ് ദിനത്തില്‍ ചെറൂപ്പ മണക്കാട് യുഡിഎഫ് ബൂത്തില്‍ സ്ലിപ്പ് വിതരണം ചെയ്തു എന്ന വാര്‍ത്തയാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വേണു പ്രസ്താവനയില്‍ പറഞ്ഞു. ഗ്വാളിയോര്‍ റയോണ്‍സില്‍ തനിക്കൊപ്പം 35വര്‍ഷം ജോലിചെയ്ത ജി. ബാലകൃഷ്ണപിള്ളഎന്ന കോണ്‍ഗ്രസ് നേതാവിനോട് കുഞ്ഞിക്കണാരന്‍ സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ ചേര്‍ത്താണ് വ്യാജ വാര്‍ത്ത നല്‍കിയിരിക്കുന്നത്. വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വേണു അറിയിച്ചു. ആര്‍എംപിക്കെതിരെ കള്ളപ്രചാരണം നടത്തിയതിന് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസ് ഇപ്പോള്‍ വിചാരണയിലാണെന്നും ഇതിന്റെ വിരോധവും ഈ വാര്‍ത്തയ്‌ക്ക് പിന്നിലുണ്ടെന്നും വേണു പ്രസ്താവനയില്‍ പറഞ്ഞു.
















